വിഴുപ്പലക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ.. താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ്, പകര്‍പ്പവകാശങ്ങളും കൊടുക്കേണ്ടി വരും: സാന്ദ്ര തോമസ്

വിഴുപ്പലക്കാതെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. മലയാള സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണ്. വിലക്ക് കൊണ്ടോ ബഹിഷ്‌കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു പരിധിക്കപ്പുറം ഇടപെടാന്‍ സംഘടനകള്‍ക്ക് ആവില്ല. ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെയാണ് എന്നാണ് സാന്ദ്ര പറയുന്നത്.

സാന്ദ്ര തോമസിന്റെ കുറിപ്പ്:

വിഴുപ്പലക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ! 2016ല്‍ ഒരു പ്രശസ്ത നടി ക്രൂരമായി ആക്രമിക്കപ്പെടുകയും അതിനെ തുടര്‍ന്നുള്ള ഹേമകമ്മിറ്റി റിപ്പോര്‍ട്ടും മലയാള സിനിമ സമാനതകള്‍ ഇല്ലാത്ത ചര്‍ച്ചകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കെയായാണ്. ഈ ചര്‍ച്ചകളില്‍ നിന്നെല്ലാം ഒരു സിനിമ നിര്‍മാതാവെന്നതിനേക്കാള്‍ ഉപരി ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ പൊതുസമൂഹവുമായി ബന്ധപ്പെടുമ്പോള്‍ സിനിമ മേഖലയോട് പൊതുവില്‍ സമൂഹത്തിനു അവജ്ഞയോ വെറുപ്പോ പുച്ഛമോ ഉള്ളതായിട്ടാണ് എനിക്ക് മനസിലായത് അതുകൊണ്ടു സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഈ മേഖലയിലെ എല്ലാ സംഘടനകളും ഒരു വട്ടമേശക്കു ചുറ്റും ഇരുന്നുകൊണ്ട് പരിഹാരം കാണേണ്ടതാണ്. അല്ലെങ്കില്‍ സിനിമാമേഖല പൊതുസമൂഹത്തിനു മുന്നില്‍ കൂടുതല്‍ അപഹാസ്യരാവും. വിലക്കുകൊണ്ടോ ബഹിഷ്‌കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല അങ്ങനെ തന്നെയാവണം നേതൃത്വത്തിലിരുക്കുന്നവരും ചിന്തിക്കേണ്ടത് എന്നാണ് എന്റെ മതം.

സംഘടനകള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഒരു സിനിമയുടെ ബജറ്റ് നിശ്ചയിക്കുന്നതും താരങ്ങളെ നിശ്ചയിക്കുന്നതും അതിനെ മാര്‍ക്കറ്റ് ചെയ്യുന്നതും റിലീസ് തിയതി നിശ്ചയിക്കുന്നതും ഒരു നിര്‍മാതാവിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലും അവകാശത്തിലും പെട്ട കാര്യമാണ്. പ്രത്യേകിച്ച് ഒട്ടനവധി സിനിമകള്‍ നിര്‍മിക്കുകയും വരുംവരായ്കകളെ കുറിച്ച് കൃത്യമായി ബോധ്യവുമുള്ള ഒരു നിര്‍മാതാവിന്റെ പെരെടുത്തു പറഞ്ഞുകൊണ്ട് അതിന്റെ ബജറ്റിനെ കുറിച്ച് ഒരു പത്രസമ്മേളനത്തിലൂടെ വിമര്‍ശന സ്വഭാവത്തോടുകൂടി നിര്‍മാതാക്കളുടെ സംഘടനയുടെ ഒരു ഉപഭാരവാഹി പ്രതികരിച്ചത് ഒട്ടും ഉച’തമായ നടപടിയല്ല. എന്നാല്‍ ആ പത്രസമ്മേളനത്തില്‍ പറഞ്ഞ മറ്റ് ചില കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുമാണ്.

താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു പരിധിക്കപ്പുറം ഇടപെടാന്‍ സംഘടനകള്‍ക്കു ആവില്ല. കാരണം ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ്. എന്നാല്‍ താരത്തിന് പ്രതിഫലം കൂടാതെ ചില പകര്‍പ്പവകാശങ്ങളും കൂടി കൊടുക്കേണ്ടി വരുന്നു എന്നുള്ളത് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതാണ് . അവിടെയാണ് സുരേഷ്‌കുമാറിന്റെ നിര്‍മാതാക്കള്‍ വെറും കാഷ്യര്‍മാരാണോ എന്ന ചോദ്യത്തിന് പ്രസക്തി. മലയാള സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണെന്നുള്ളതാണ് വൈരുധ്യം. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബിഗ് ബജറ്റ് സിനിമയുമായി ബന്ധപ്പെട്ട് സുരേഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യത്തോട് അസോസിയേഷന്റെ പ്രസിഡന്റിനു പോലും യോജിപ്പില്ല എന്നാണ് വ്യക്തമാവുന്നത്.

ഇന്ന് മലയാള സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം സിനിമമേഖലയിലെ സംഘടനകള്‍ അതാത് സമയങ്ങളിലെ വിഷയങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു പകരം അതാത് കാലങ്ങളില്‍ നേതൃത്വത്തില്‍ ഇരിക്കുന്നവരുടെ വ്യക്തിതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സംഘടന നേതൃത്വത്തില്‍ തുടര്‍ന്ന് പോകുന്നതിനു വേണ്ടിയും കാലാകാലങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ ആണ് ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്. അതിന് ഉദാഹരണമാണ് ഡിജിറ്റല്‍ സിനിമ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് (അതിന്റെ വിശദംശങ്ങളിലേക്കു ഇപ്പോള്‍ കടക്കുന്നത് ഉചിതമല്ല എന്നുള്ളതുകൊണ്ട് ഞാന്‍ കടക്കുന്നില്ല).

സിനിമാമേഖലയില്‍ മൊത്തത്തില്‍ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശത്തിനു പ്രസക്തിയുണ്ടെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്. അത് നിര്‍മാതാക്കള്‍ക്കും ലൈറ്റ് ബോയ് മുതല്‍ സംവിധായകന്‍ വരെയുള്ള ചെറുതും വലുതുമായ എല്ലാ ടെക്നീഷ്യന്‍സിനും ജൂനിയര്‍ ആര്‍ട്ടിസ്റ്റു മുതല്‍ മെഗാ താരങ്ങള്‍ വരെയുള്ള താരങ്ങള്‍ക്കും തൊഴില്‍ സ്ഥിരതയും നല്ല തൊഴില്‍ അന്തരീക്ഷവും ഉണ്ടാകാന്‍ ഉതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്തു തീരുമാനിക്കേണ്ടതാണ്. സുരേഷ്‌കുമാര്‍ പറഞ്ഞതുപോലെ ഒരുഭാഗത്തു മണിമാളികകളും ആഡംബരവാഹനങ്ങളും ഒരു ന്യൂനപക്ഷം സ്വന്തമാക്കുമ്പോള്‍ മറുഭാഗത്തു കുറച്ചുപേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും സാമ്പത്തികബാധ്യത കുമിഞ്ഞു കൂടുകയും ചെയുന്നു. ഇതൊരു നല്ല വ്യവസായത്തിന്റെ ലക്ഷണങ്ങളല്ല, നമ്മള്‍ ഒരുമിച്ചാണ് വളരേണ്ടത്. പ്രകൃതിനിയമം അനുസരിച്ചു ഏറ്റക്കുറച്ചിലുകളും അന്തരങ്ങളും സ്വാഭാവികം എന്നിരുന്നാലും ഒരുമിച്ചു വളരുക എന്നുള്ളതാവണം നമ്മളുടെ ലക്ഷ്യം. അതിനുവേണ്ടിയാവണം സംഘടനകള്‍. നടപടിയെടുക്കാനും ഒറ്റപ്പെടുത്താനും സമരം ചെയ്യാനും വലിയ സാമര്‍ഥ്യവും ബുദ്ധിയും ആവശ്യമില്ല. നമ്മള്‍ ഒരുമിച്ചു വളരാനാണ് ബുദ്ധി പ്രയോഗിക്കേണ്ടത്. അതിനുള്ള എല്ലാ പ്രാപ്തിയും കഴിവും നേതൃത്വത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,’ സാന്ദ്ര തോമസ് പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ