മുടക്ക് മുതല്‍ തിരിച്ചു കിട്ടാതെ വിഷമിച്ചു വിറച്ചു നിന്ന സമയം.. 'ദേവദൂതന്' സംഭവിച്ചത്..: രഘുനാഥ് പലേരി

‘ദേവദൂതന്‍’ സിനിമ റീ റിലീസ് ചെയ്യാനൊരുങ്ങവെ ചിത്രത്തിന്റെ വന്ന വഴി പറഞ്ഞ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ഇരുപത്തിനാല് വര്‍ഷം മുമ്പുള്ള ഊഞ്ഞാലാട്ടമായിരുന്നു തനിക്ക് ദേവദൂതനെന്ന് രഘുനാഥ് പറയുന്നു. ഒരു സംഭാഷണ മധ്യേ കഥ കേട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ ആകൃഷ്ടനാകുന്നതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 2000ല്‍ റിലീസ് ചെയ്ത ദേവദൂതന്‍ അന്ന് ഫ്‌ളോപ്പ് ആയിരുന്നു. കാലം കഴിയവേ ദേവദൂതന്റെ ഇഷ്ടത്തെ കുറിച്ച് പലരും പറയുന്നത് കേട്ട് ഇന്ന് വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണെന്ന് രഘുനാഥ് പലേരി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി

രഘുനാഥ് പലേരിയുടെ കുറിപ്പ്:

ഇരുപത്തിനാല് വര്‍ഷം മുമ്പുള്ള ഒരു ഊഞ്ഞാലാട്ടമായിരുന്നു എനിക്ക് ദേവദൂതന്‍. അന്ന് വര്‍ഷം 2000. എന്നാല്‍ അതിനും 18 വര്‍ഷം മുമ്പാണ് ആ ഊഞ്ഞാല്‍ ചരട് മനസ്സിന്റെ പരശ്ശതം ചില്ലകളില്‍ ഒന്നില്‍ ആദരവോടെ കെട്ടിയത്. അന്നും ഒപ്പം സിബി ഉണ്ടായിരുന്നു. അവന്റെ കൂടെ മലയും ഉണ്ടായിരുന്നു. അന്നത്തെ ദിവസങ്ങളുടെ ചില ഭാവപകര്‍ച്ചകള്‍ കാരണം, ആ ഊഞ്ഞാലില്‍ ഉല്ലാസത്തോടെ ആടാന്‍ എനിക്കും സിബിക്കും സാധിച്ചില്ല. മലയും എടുത്ത് സിബി സ്ഥലം വിട്ടു. പലേരിയുടെ കൈപിടിച്ച് ഞാനും മറ്റൊരു വഴിക്ക് ഓരോ കഥകളുടെ തോളില്‍ കയ്യിട്ടു നടന്നുപോയി. സിബി മലകളില്‍ നിന്നും മലകളിലേക്ക് കയറി സിബിമലയില്‍ ആയി മാറുന്ന കാഴ്ച്ച താഴ്‌വരകളില്‍ ചാരുകസേരയിട്ടിരുന്ന് കാണാന്‍ നല്ല കൗതുകമായിരുന്നു.

എത്രയെത്ര മനോഹര ഊഞ്ഞാലുകളില്‍ അവന്‍ ആടിത്തിമര്‍ത്തു. ഓരോന്നും സ്വപ്ന തുല്യം. തീരെ പ്രതീക്ഷിക്കാതെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം സിബിയും സിയാദും ആ പഴയ ഊഞ്ഞാല്‍ ചരടും കയ്യിലെടുത്ത് വീണ്ടും ആടാനായി എന്നെ ക്ഷണിച്ചത്. അതൊന്ന് ശിഖരത്തില്‍ മുറുക്കി കെട്ടി നമുക്കൊന്ന് ആടണം എന്ന സദ്ചിന്ത അല്ലാതെ മറ്റൊന്നും സിയാദിലോ സിബിയിലോ ഉണ്ടായിരുന്നില്ല. എത്രയോ സിനിമകള്‍ എടുത്ത സിയാദിന്റെ മനസ്സിലെ ഇത്തിരി താളുകള്‍ എനിക്കും മനഃപ്പാഠമായിരുന്നു. ഓരോ സിനിമയും അദ്ദേഹം വെറുതെ നിര്‍മ്മിക്കുകയായിരുന്നില്ല. അതിന്റെ ശില്പികള്‍ക്കൊപ്പം നിന്ന്, അവരുടെ ചിന്തകളും സ്വപ്നങ്ങളും ഉള്‍ക്കൊണ്ട് ആസ്വദിച്ച് നെയ്‌തെടുക്കുകയായിരുന്നു. അങ്ങിനെയാണ് ദേവദൂതനും പിറക്കുന്നത്.

സംഭാഷണ മധ്യേ എപ്പോഴോ ഒരിക്കല്‍ കഥ കേട്ട് ആകൃഷ്ടനായി, ദേവദൂതനിലെ വിശാല്‍ കൃഷ്ണമൂര്‍ത്തി ആവാന്‍ ശ്രീ മോഹന്‍ലാല്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആ കഥാപാത്രമായി സദയം നിറഞ്ഞാടി ലാല്‍. ഒപ്പം മറ്റുള്ളവരും. ഏതൊരു സിനിമാ കലാരൂപം നെയ്‌തെടുക്കാനും അതിനാവശ്യമുള്ള സാമ്പത്തികം കൂടിയേ തീരൂ. അതാവട്ടെ, അത് കാണാന്‍ തിരശ്ശീലകള്‍ക്ക് ചുറ്റും ഒത്തുകൂടുന്ന ആസ്വാദക വൃന്ദങ്ങളില്‍ നിന്നു തന്നെയാണ് തിരിച്ചു കിട്ടേണ്ടതും. എല്ലാ സിനിമകള്‍ക്കും ആ മഹാഭാഗ്യം ഉണ്ടായെന്നു വരില്ല. അത് ആസ്വാദക വൃന്ദങ്ങളുടെയോ ശില്പികളുടെയോ ദൈവങ്ങളുടെയോ പിഴവല്ല. പിന്നെ എങ്ങനെ അത് സംഭവിക്കുന്നു എന്ന് ഒരു ഗണിതജ്ഞനും പറയാനും സാധിക്കില്ല. എന്നാലും പലരും അത് ഗണിച്ചു പറയും.

സത്യത്തില്‍ അതൊന്നുമായിരിക്കില്ല അതിന്റെ ശരി. ശരിയായി ഒരു കാര്യമേയുള്ളൂ. എന്തു സംഭവിച്ചാലും കുലുങ്ങാതിരിക്കുക. കാലത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കുക. ചുറ്റുമുള്ളവരുടെ സര്‍വ്വ വിശകലനങ്ങള്‍ക്കു മുന്‍പിലും, ചിദാനന്ദഭാവത്തോടെ അവനവന്റെ തോളില്‍ കയ്യിട്ടു പിടിച്ചു നില്‍ക്കാന്‍ സാധിക്കുക. കാരണം, കാലം, കുരങ്ങന്റെ ചാട്ടം പോലെയാണ്. ലക്ഷ്യം വെക്കുന്ന ശിഖരത്തില്‍ പിടി എന്തായാലും വീഴും. പക്ഷേ ആഗ്രഹിച്ചത്ര സമയം പിടുത്തം അവിടെ തങ്ങി നിന്നെന്ന് വരില്ല. പിടികിട്ടിയതും മറ്റൊന്നിലേക്ക് ചാടിക്കും. അതിലും വാല്‍ ആട്ടിച്ചാടിയാടി മറ്റൊന്നിലേക്ക് പറപ്പിക്കും.

അങ്ങനെ കാലം പറപ്പിച്ച അനേകം മനുഷ്യരില്‍ ഒരു നിര്‍മ്മാതാവാണ് ശ്രീ സിയാദ് കോക്കര്‍. മുടക്ക് മുതല്‍ തിരിച്ചു കിട്ടാതെ വിഷമിച്ചു വിറച്ചു നിന്ന സമയത്തും അദ്ദേഹം പിടിച്ചു നിന്ന രീതി എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാലം കഴിയവേ ദേവദൂതന്റെ ഇഷ്ടത്തെക്കുറിച്ച് പലരും പറയുന്നത് കേട്ടും എഴുതുന്നത് വായിച്ചും അതേ ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുന്ന അദ്ദേഹം, വീണ്ടും ഇതാ അതെടുത്ത് ഒന്നു തുടച്ചു മിനുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഒപ്പം കൂടെ നില്‍ക്കുന്നു സിബിയും. കൂടുതല്‍ പറയുന്നില്ല. ശ്രീ വിദ്യാസാഗറിന്റെ സാഗര സംഗീത സാന്ദ്രതിരമാലകളില്‍ ആടിയുലഞ്ഞു, 4K റെസലൂഷനില്‍, അറ്റ്‌മോസ് ശബ്ദ പ്രസരണത്തില്‍, വിശാല്‍ കൃഷ്ണമൂര്‍ത്തിയേയും അലീനയേയും ഒപ്പമുള്ളവരെയും കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിയേറ്ററിലേക്ക് വരാന്‍ മറക്കരുത്. സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു സര്‍വ്വ ജനറേഷനുകളെയും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം