നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാമിനെ പരിഹസിച്ച് സംവിധായകൻ ഒമർ ലുലു. ഷീലു നിർമ്മിച്ച് നായികയായി എത്തുന്ന ‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഒമറിന്റെ പരിഹാസം. ഒമർ ലുലുവിന്റെ മുൻ ചിത്രമായ ബാഡ് ബോയ്സ് നിർമ്മിച്ചത് ഷീലു എബ്രഹാമാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ, ബാഡ് ബോയ്സ് ഇറങ്ങിയതോടെ ചിത്രത്തിന്റെ നിർമ്മാതാക്കളായ തങ്ങൾ വലിയ സാമ്പത്തിക ബാധ്യതയിലായി എന്ന സൂചന നൽകുന്ന പരാമർശം ഷീലു നടത്തിയിരുന്നു. ഷീലുവിന്റെ വീട് താൻ കണ്ടിട്ടുളളതാണെന്ന് അവതാരക പറഞ്ഞപ്പോൾ, ബാഡ് ബോയ്സ് ഇറങ്ങിയതോടെ ആ വീട് വിറ്റുവെന്നും ഇപ്പോൾ വാടകവീട്ടിലേക്ക് മാറിയെന്നും അവർ പറയുകയുണ്ടായി.
‘രവീന്ദ്രാ നീ എവിടെ?’ അതിന് മുന്നേ എടുത്തുവച്ച ചിത്രമാണെന്നും ഷീലു എബ്രഹാം പറഞ്ഞു. എന്നാൽ അന്ന് ഷീലു പറഞ്ഞത് കാര്യമായിട്ടാണോ അതോ തമാശയാണോ എന്ന് പലർക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഷീലു എബ്രഹാമിന് മറുപടിയുമായി ഒമർ ലുലു രംഗത്തെത്തിയത്. പരിഹാസരൂപേണയായിരുന്നു സംവിധായകന്റെ പോസ്റ്റ്. തന്റെ ചിത്രമായ ‘ബാഡ് ബോയ്സി’ലൂടെ ഷീലുവിന് നഷ്‌ടപ്പെട്ടുപോയ അരമന വീടും അഞ്ഞൂറേക്കറും ഈ ചിത്രത്തിലൂടെ തിരികെ വാങ്ങിക്കൊടുത്ത അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും അഭിനന്ദനങ്ങൾ നേരുന്നു എന്ന് കുറിച്ചുകൊണ്ടുളള ഒരു പോസ്റ്റായിരുന്നു ഒമറിന്റെതായി വന്നത്.
“ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്‌ദ കാലമായി മലയാള സിനിമയിൽ ഇൻഡസ്‌ട്രി ഹിറ്റ്‌സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോൻ ചേട്ടനും, തൻറെ ഉള്ളിലെ കഴിവ് അഭിനയത്തിൽ മാത്രം ഒതുക്കി നിർത്താതെ മലയാള സിനിമയ്‌ക്ക് എണ്ണം പറഞ്ഞ നാല് സ്‌ക്രിപ്‌റ്റുകൾ എഴുതി സമ്മാനിച്ച ധ്യാൻ സാറും കൂടി മറ്റൊരു ഇൻഡസ്‌ട്രി ഹിറ്റ് നൽകി കൊണ്ട് നായികയും നിർമ്മാതാവുമായ ഷീലു മാഡത്തിന് ‘ബാഡ് ബോയിസി’ലൂടെ നഷ്‌ടപ്പെട്ടുപ്പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ”, ഒമർ ലുലു കുറിച്ചു. ഒമറിന്റെ പോസ്‌റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പോസ്‌റ്റ് വലിയ ചർച്ചയായതോടെ ഒമർ ലുലു അത് ഫേസ്‌ബുക്കിൽ നിന്നും പിൻവലിക്കുകയും ചെയ്തു.