നടി ഗൗരി കിഷനെതിരായ ശാരീരിക അധിക്ഷേപത്തിൽ പ്രതികരിച്ച് നടൻ ആദിത്യ മാധവ്. പ്രതികരിക്കാതിരുന്നത് ഭയം കാരണമാണെന്ന് ആദിത്യ മാധവ് പറഞ്ഞു. ആ രംഗത്തിൽ ഗൗരി ആയിരുന്നു യഥാർത്ഥ ഹീറോയെന്നും യൂട്യൂബറുടെ ഖേദപ്രകടനം മാപ്പപേക്ഷയായി കണക്കാക്കാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
ഗൗരി കിഷനെതിരെ യൂട്യൂബർ ശാരീരികാധിക്ഷേപം നടത്തിയപ്പോൾ പ്രതികരിക്കാതിരുന്നതിൽ ‘അദേഴ്സ്’ സിനിമയിലെ നായകനായ പുതുമുഖനടൻ ആദിത്യ മാധവനും സംവിധായകനും മൗനം പാലിച്ചതിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. വാർത്താസമ്മേളനത്തിലായിരുന്നു ഗൗരിയുടെ ഭാരത്തെ കുറിച്ച് യൂട്യൂബർ നടനോടും സംവിധായകനോടും അധിക്ഷേപകരമായ ചോദ്യം ഉന്നയിച്ചത്.
സിനിമയുടെ പ്രെമോഷനായുള്ള വാർത്താസമ്മേളനത്തിനിടെ സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്നായിരുന്നു യൂട്യൂബർ ചോദിച്ചത്. എന്നാൽ ഇതിൽ പ്രകോപിതയായ ഗൗരി രൂക്ഷമായ ഭാഷയിൽ യൂട്യുബറോട് പ്രതികരിക്കുകയായിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഢിത്തരമാണെന്ന് പറഞ്ഞ ഗൗരി നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു.
യൂട്യൂബർ ചോദ്യത്തെ ന്യായീകരിച്ച് സംസാരിച്ചെങ്കിലും ആ ചോദ്യം മോശമാണെന്ന നിലപാടിൽ ഉറച്ച് നിന്നു. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും യൂട്യൂബറോടും നടി ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ പറഞ്ഞു. 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നുവെന്നും എന്‍റെ ടീം മെമ്പേഴ്‌സ് പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി പറഞ്ഞു. സംഭവം വിവാദമായതിനെ തുടർന്ന് യൂട്യൂബർ ക്ഷമാപണം നടത്തിയെങ്കിലും ഗൗരി അത് സ്വീകരിച്ചിരുന്നില്ല.