അന്ന് മഞ്ജുവിന് ഒപ്പമുള്ള പടത്തിന് വന്ന കമന്റുകള്‍ എന്നെ ലജ്ജിപ്പിക്കുകയും, അതിശയിപ്പിക്കുകയും, ദേഷ്യപ്പെടുത്തുകയും ചെയ്തിരുന്നു: ജി. വേണുഗോപാല്‍

മഞ്ജു വാര്യര്‍ക്ക് ജന്മദിനാശംസകളുമായി ഗായകന്‍ ജി വേണുഗോപാല്‍. അടിച്ചമര്‍ത്തലുകളുടെയും അസ്വാതന്ത്ര്യത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ മഞ്ജു, ഉദയവാനില്‍ ഉയര്‍ന്നു പറക്കാന്‍ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ ആള്‍രൂപമാണെന്നു ഗായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താരത്തിന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളെ കുറിച്ചാണ് കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ജി വേണുഗോപാലിന്റെ കുറിപ്പ്:

ഇന്ന് മഞ്ജുവിന്റെ പിറന്നാള്‍!
എക്കാലത്തെയും എന്റെ പ്രിയപ്പെട്ട രണ്ട് അഭിനേത്രികളാണ് ഉര്‍വ്വശിയും മഞ്ജുവും. ഇവര്‍ രണ്ട് പേരും അഭിനയിച്ചു എന്ന് പറയുന്നതിലും ശരി, ജീവിതത്തില്‍ നമ്മള്‍ കണ്ടറിഞ്ഞ്, പരിചയപ്പെട്ട പലരേയും, ഓര്‍മ്മയുടെ അതിര്‍വരമ്പുകളില്‍ നിന്ന് പൊടി തട്ടിയെടുത്ത് വീണ്ടും മുന്നില്‍ ശ്വസിപ്പിച്ച്, ചിരിപ്പിച്ച്, കരയിച്ച്, കുസൃതിച്ച് നിര്‍ത്തി എന്നുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ ചികിത്സയ്ക്ക് കയറുമ്പോള്‍ മഞ്ജു അവിടെയുണ്ട്.

മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച ഒരു സമയം, ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നു പിന്നീട് പത്രവാര്‍ത്തകളില്‍ നിന്നിറഞ്ഞു. അപ്പോഴും ഞങ്ങളുടെ സംസാരം സംഗീതത്തിലും സിനിമയിലും മാത്രമൊതുങ്ങി നിന്നു. സിനിമയില്‍ നിന്നൊക്കെ വിട്ട് നിന്നിരുന്ന മഞ്ജു, ഒരുപക്ഷേ ആ മൂന്നാഴ്ചകളിലായിരിക്കണം വരാന്‍ പോകുന്ന വെല്ലുവിളികളെ, ജീവിതസമരങ്ങളെ, നേരിടാന്‍ വേണ്ട പടക്കോപ്പുകള്‍ സജ്ജമാക്കിയത്.

സിനിമയ്ക്കപ്പുറം മഞ്ജുവില്‍ കലാകേരളത്തിന്റെ ഏറ്റവും മികച്ച ഒരു നര്‍ത്തകിയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ജീവിതമുള്‍പ്പെടെ ഒന്നും വെറുമൊരു ‘സിനിമ’ അല്ലായിരുന്നിരിക്കണം മഞ്ജുവിന്. അതിന് ശേഷം ഞാന്‍ മഞ്ജുവിനെ നേരിട്ട് കണ്ടിട്ടില്ല. അപൂര്‍വമായി ഫോണില്‍ സംസാരിച്ചതല്ലാതെ. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമാ ജീവിതം, അത് നിര്‍ത്തിവച്ച സമയത്തേക്കാള്‍ ഉജ്വലമായി തിരിച്ച് പിടിക്കാന്‍ സാധിച്ചെങ്കില്‍, ശാസ്ത്രീയ നൃത്തവേദികളില്‍ ഏതൊരു ഇരുപത് വയസ്സ്‌കാരിയെയും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചെങ്കില്‍ അവിടെ ഞാന്‍ കണ്ടത് ഒരു അസാമാന്യ കലാകാരിയെ മാത്രമല്ല.

അനിതരണ സാധാരണമായ ധൈര്യവും, നിശ്ചയദാര്‍ഢ്യവും, ദിശാബോധവും, നേര്‍ക്കാഴ്ചയും, തന്ത്രവും ഒക്കെയൊത്തിണങ്ങിയ ഒരു സ്ത്രീയെയാണ്. അന്ന് മഞ്ജുവുമൊത്തുള്ള ഈ പടം എന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിന് താഴെ വന്ന കമന്റുകള്‍ എന്നെ അതിശയിപ്പിക്കുകയും, ദേഷ്യപ്പെടുത്തുകയും, ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതമദ്ധ്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന നിരാശ്രയയായ ഒരു സ്ത്രീയെ കുറ്റപ്പെടുത്താനും, ആഭാസിക്കാനും നിരവധി പേരുണ്ടായിരുന്നു.

ഇന്ന് അതേ കേരളത്തില്‍, രോഗം നിറഞ്ഞ ശരീരവും, തലച്ചോറും പേറുന്ന കേരളത്തില്‍ മഞ്ജു ഒരു ഐക്കണ്‍ ആണ്. വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്ജുവിന്റെത്. അനേകമനേകം സ്ത്രീകളുടെ, കഴിവുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായി മാറി മഞ്ജു. മോതിരവിരലുകളില്‍ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാലകള്‍ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനില്‍ ഉയര്‍ന്ന് പറക്കാന്‍ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ തനി ആള്‍രൂപം തന്നെയാണ് മഞ്ജു വാര്യര്‍ ! ഈ ഒരു വിജയ യാത്രാപഥത്തില്‍ എന്നും മഞ്ജുവിന് മനസ്സമാധാനവും സമാനഹൃദയരുടെ പിന്തുണയും അറിയിക്കുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല