ആ കയ്യാങ്കളിക്ക് ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു.. ഇപ്പോള്‍ കണ്ടത് സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനുള്ള തറവേല: എം പത്മകുമാര്‍

‘ആറാം തമ്പുരാന്‍’ സിനിമയുടെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് ഒടുവില്‍ ഉണ്ണികൃഷ്ണനെ മര്‍ദ്ദിച്ചെന്ന ആരോപണവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ആലപ്പി അഷ്‌റഫിന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആറാം തമ്പുരാന്റെ സഹസംവിധായകനായിരുന്ന എം പത്മകുമാര്‍. സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ കൂട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളില്‍ ഒന്നു മാത്രമാണെന്നാണ് ആലപ്പി അഷ്റഫിന്റെ ആരോപണത്തെ കുറിച്ച് പത്മകുമാര്‍ പ്രതികരിച്ചിരിക്കുന്നത്. ഷൂട്ടിംഗില്ലാത്ത ഇടവേളയില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ഒരു കൊമ്പു കോര്‍ക്കലാണ് കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാര്‍ത്തയായി അഷറഫ് അവതരിപ്പിച്ചതെന്ന് പത്മകുമാര്‍ വിശദീകരിച്ചു.

പത്മകുമാറിന്റെ കുറിപ്പ്:

ഞാന്‍ ബി പത്മകുമാര്‍, ഒരു മലയാള ചലച്ചിത്ര സംവിധായകന്‍ എന്നറിയപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരുപാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. Dr. ബാലകൃഷ്ണനും ഹരിഹരന്‍ സാറും ശശിയേട്ടനും (l V ശശി) ഷാജി യേട്ടനും രഞ്ജിയും ഉള്‍പ്പെടെ. രഞ്ജി എന്നു ഞങ്ങള്‍ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.

രഞ്ജിത്ത് എന്ന സംവിധായകനുമേല്‍, എഴുത്തുകാരനു മേല്‍ ഉന്നയിക്കപ്പെട്ട കുറ്റച്ചാര്‍ത്തുകള്‍ കോടതികളുടെ പരിഗണനയിലാണ്. അതിന്റെ ശരിതെറ്റുകള്‍ കോടതിയും കാലവും തെളിയിക്കട്ടെ, നമുക്ക് കാത്തിരിക്കാം… പക്ഷെ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തില്‍ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാന്‍ ബഹുമാനിക്കുന്ന സംവിധായകന്‍ ശ്രീ ആലപ്പി അഷറഫില്‍ നിന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. ‘ആറാം തമ്പുരാന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മര്‍ദ്ദിക്കുന്നു; രോഗിയായ ഒടുവില്‍ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂനിറ്റ് മൊത്തം അത് കണ്ട് നിഷ്‌ക്രിയരായി നില്‍ക്കുന്നു, ഇദ്ദേഹം ഉള്‍പ്പെടെ… ഇതാണ് ശ്രീ ആലപ്പി അഷറഫിന്റെ സാക്ഷിമൊഴി. 1996ല്‍ നടന്ന ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ ശ്രീ അഷറഫിന് സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു!

ശ്രീ അഷറഫ് കുറച്ചു സമയം ഉണ്ടായിരുന്ന ‘ആറാം തമ്പുരാന്‍’എന്ന സിനിമയില്‍ മുഴുവന്‍ സമയം ഉണ്ടായിരുന്ന അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു, ഞാന്‍. ശ്രീ അഷറഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍ക്ക് Subscription കൂട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളില്‍ ഒന്നു മാത്രമാണ്. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കലും ഒടുവിലിന്റെ വാക്കുകള്‍ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാര്‍ത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നത്… അതും 28 വര്‍ഷങ്ങള്‍ക്കു ശേഷം! അന്ന് ആ സെറ്റില്‍ ഉണ്ടായിരുന്ന ലാലേട്ടനും നിര്‍മ്മാതാവ് സുരേഷ്‌കുമാറും സംവിധായകന്‍ ഷാജി കൈലാസും ഉള്‍പ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് ശ്രീ അഷറഫ് പോലും!

അവസരങ്ങള്‍ക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരന്‍മാരെ അഹങ്കാരികള്‍ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരില്‍ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാന്‍ കണ്ടിട്ടുള്ളത്… തെറ്റുകള്‍ പറ്റാം,കുറവുകള്‍ കണ്ടെത്താം… വിമര്‍ശിക്കാം… പക്ഷെ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ആള്‍ക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്. ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികള്‍ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു..

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ