സിനിമ കണ്ട് ഇറങ്ങിയപ്പോള്‍ കൈ കൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നി, അത്രയേറെ ദേഷ്യം ആ നായകനോട്: ആന്റോ ജോസഫ്

മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പം പുഴു സിനിമ കണ്ട ശേഷം സമൂഹമാധ്യമത്തിലൂടെ അഭിപ്രായം പങ്കുവെച്ച് നിര്‍മാതാവ് ആന്റോ ജോസഫ്. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയെന്നും അത്രയേറെ ദേഷ്യംതോന്നി, പേരുപോലുമില്ലാത്ത ആ നായകനോടെന്നും ആന്റോ പറയുന്നു.

ആന്റോ ജോസഫിന്റെ വാക്കുകള്‍:

മമ്മൂക്കയുടെ പുഴു സോണി ലീവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കുറച്ചുദിവസം മുമ്പ് മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ചിത്രം കാണാന്‍ അവസരമുണ്ടായി. കഥാപരിസരത്തെക്കുറിച്ചോ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചോ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല. പക്ഷേ ഒന്നുപറയട്ടെ, സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി. അത്രയേറെ ദേഷ്യംതോന്നി, പേരുപോലുമില്ലാത്ത ആ നായകനോട്.

ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയതിന്റെ അസ്വസ്ഥത. അത്രയും നേരം എനിക്കരികെയുണ്ടായിരുന്ന, കാലങ്ങളായി പരിചിതനായ ഒരാളാണോ സ്‌ക്രീനില്‍ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോള്‍ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നു. കൂടുവിട്ടുകൂടുമാറ്റം എന്ന ജാലവിദ്യയാണ് എനിക്ക് പരിചയമുള്ള പഞ്ചപാവം മമ്മൂക്കയുടെ അടുത്തിരുന്നു കൊണ്ട് ഞാന്‍ തൊട്ടുമുന്നിലെ സ്‌ക്രീനില്‍ കണ്ടത്.

കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ നേര്‍ക്കാഴ്ച. മമ്മൂക്കയ്ക്ക് ഒരിക്കലും അഭിനയിച്ച് കൊതിതീരുന്നില്ല. നമുക്ക് മമ്മൂക്കയെ കണ്ടും കൊതിതീരുന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ മമ്മൂക്കയെയും നമ്മളെയും കൊതിപ്പിക്കാന്‍ കാലം കാത്തുവച്ചിട്ടുണ്ട് എന്നുറപ്പാണ്. പാര്‍വതിയാണ് മമ്മൂക്കയ്ക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു വേഷം സ്വീകരിക്കുന്നതുമുതല്‍ സംവിധായകയുടെ മനസിലെ രൂപത്തെ സാക്ഷാത്കരിക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ പാര്‍വതി കാണിച്ച ധൈര്യവും ആത്മാര്‍പ്പണവും അഭിനന്ദനാര്‍ഹമാണ്. നമ്മുടെയൊക്കെ പ്രിയങ്കരനായ അപ്പുണ്ണി ശശിയുടെ പ്രകടനവും എടുത്തുപറയണം. എല്ലാ അഭിനേതാക്കളും അത്യുഗ്രന്‍.

ഇങ്ങനെയൊരു കഥയ്ക്ക് സിനിമാരൂപമേകിയ ‘രത്തീന’ എന്ന സംവിധായികയ്ക്ക് ബിഗ്സല്യൂട്ട്. ആദ്യചിത്രം കൊണ്ടുതന്നെ ‘രത്തീന’ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഉണ്ട, വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ. അവര്‍ക്ക് നൂറില്‍ നൂറുമാര്‍ക്ക്. നിര്‍മാതാവും എന്റെ പ്രിയസുഹൃത്തും, സഹോദരതുല്ല്യം സ്‌നേഹിക്കുകയും ചെയ്യുന്ന എസ്.ജോര്‍ജിനും സഹനിര്‍മാതാക്കളായ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖദാര്‍ തുടങ്ങി എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആലിംഗനങ്ങള്‍. നിങ്ങളൊരുക്കിയത് ഒന്നാന്തരം സിനിമതന്നെയാണ്. മമ്മൂക്ക എന്ന നടന്‍ പുതുമുഖസംവിധായകരിലൂടെ മലയാളസിനിമയെ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് പുഴു. ഇനിയും ഒരുപാട് പുതിയ സംവിധായകരെ നമുക്ക് സമ്മാനിക്കാന്‍ മമ്മൂക്കയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. ‘പുഴു’വിന് എല്ലാ വിജയാശംസകളും..

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി