യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിൽ സിനിമാ മേഖലക്കായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയ മുഖ്യമന്ത്രിയെയും സാംസ്‌കാരിക മന്ത്രിയെയും അഭിനന്ദിച്ച് നടൻ ദിലീപ്. സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷമാണിതെന്ന് ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു. പുതിയ ബജറ്റിലൂടെ സിനിമയെ ഒരു വ്യവസായമായി അംഗീകരിക്കാൻ പോകുന്ന കേരള സർക്കാരിന്റെ ഈ തീരുമാനം ഒരു പുതിയ സിനിമാ യുഗത്തിന് തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നുവെന്നും താരം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം!
പുതിയ ബജറ്റിലൂടെ സിനിമയെ ഒരു വ്യവസായമായി അംഗീകരിക്കാൻ പോകുന്ന കേരള സർക്കാരിന്റെ ഈ തീരുമാനം ഒരു പുതിയ സിനിമാ യുഗത്തിന് തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു.
പ്രതിസന്ധികൾക്കിടയിലും മുന്നേറുന്ന മലയാള സിനിമയ്ക്ക് ഇത് ഒരു വലിയ കരുത്തും ആത്മവിശ്വാസവും പകരുന്ന തീരുമാനമാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ V. D സതീശനും ബഹുമാന്യനായ സാംസ്‌കാരിക മന്ത്രി ശ്രീ P. C വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിൽ സിനിമാ മേഖലക്കായി വമ്പൻ പ്രഖ്യാപനങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര രംഗത്തിന്റെ സമഗ്രമായ വികസനവും ആധുനികവൽക്കരണവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് വമ്പൻ പദ്ധതികളാണ്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫിലിം സിറ്റി സ്ഥാപിക്കുമെന്നും സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും ബജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിരവധി താരങ്ങളാണ് ഇതിനെ സ്വാഗതം ചെയ്‌തുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുള്ളത്.