ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ പ്രണയകഥയായിരുന്നു ദീപിക പദുക്കോണിന്റെയും രണ്‍ബിര്‍ കപൂറിന്റെയും. ഇരുവരും വേര്‍പിരിഞ്ഞ സമയത്ത് രണ്‍ബിര്‍ തന്നെ ചതിച്ചുവെന്ന് ദീപിക ആരോപിച്ചിരുന്നു. പിന്നീടാണ് ദീപിക രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.
ഈ പ്രണയകഥ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കോഫി വിത്ത് കരണ്‍ ഷോയില്‍ സീസണ് എട്ടിന്റെ പ്രീമിയര്‍ എപ്പിസോഡില്‍ അതിഥികളായി എത്തിയത് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണുമായിരുന്നു. ഇതിനിടെ ഉണ്ടായ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ രണ്‍വീര്‍, രണ്‍ബിര്‍ കൂപൂറിന്റെ പേര് മറുപടിയായി പറഞ്ഞിരുന്നു.
1964ല്‍ പുറത്തിറങ്ങിയ ‘സംഗം’ ചിത്രത്തിന്റെ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചാല്‍, നിങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ത്രികോണ പ്രണയകഥ വന്നാല്‍ ദീപികയ്ക്കും താങ്കള്ക്കുമൊപ്പം ആര് അഭിനയിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്.
ഇതിന് രണ്‍ബിര്‍ കപൂര്‍ എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. സംഗം നേരത്തെ റീമേക്ക് ചെയ്യാന്‍ ഐഡിയ ഉണ്ടായല്ലോ അതിന് എന്തുപറ്റിയെന്നും രണ്‍വീര്‍ ചോദിക്കുന്നുണ്ട്. ”ഞങ്ങള്‍ മൂന്നുപേരെയുംം ചേര്‍ത്ത് സംഗം നിര്‍മ്മിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്നല്ലോ. ആ പ്രോജക്റ്റിന് എന്ത് സംഭവിച്ചു?” എന്നായിരുന്നു രണ്‍വീര്‍ ചോദിച്ചത്.
”എനിക്ക് എപ്പോള്‍ വേണമെങ്കിലും സംഗം ചെയ്യാം,” എന്നായിരുന്നു കരണിന്റെ മറുപടി. ആ ചിത്രത്തില്‍ നിങ്ങള്‍ ഉണ്ടാവില്ലേ എന്ന് ദീപികയോടും കരണ്‍ ചോദിക്കുന്നുണ്ട്. ഇതിന് തീര്‍ച്ചയായും ഉണ്ടാവും എന്നാണ് ദീപിക മറുപടി നല്‍കുന്നത്.
”റോക്കി ഔര്‍ റാണി കി പ്രേം കഹാനിയില്‍ നിന്ന് ‘ഡോല രേ ഡോല’ പുനര്‍നിര്‍മ്മിക്കാന്‍ ഏത് സമകാലീന നടനെയാണ് താങ്കള്‍ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് രണ്‍വീര്‍ പറഞ്ഞതും രണ്‍ബിറിന്റെ പേരായിരുന്നു. ഈ എപ്പിസോഡ് എത്തിയതിന് പിന്നാലെയാണ് ദീപിക-രണ്‍ബിര്‍ പ്രണയം വീണ്ടും ചര്‍ച്ചയായത്.