വെള്ളപ്പൊക്കം, ഭൂകമ്പം, തീപിടുത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ കഥകൾ കൊണ്ട് നിറഞ്ഞതാണ് ലോകചരിത്രം. എന്നാൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ ദുരന്തങ്ങളിലൊന്ന് സംഭവിച്ചത് പ്രകൃതി മൂലമല്ല, മറിച്ച് മധുരം കാരണമായിരുന്നു… അതായിരുന്നു മൊളാസസ്. കരിമ്പിൽ നിന്നും പഞ്ചസാരയ്ക്കുള്ള ലായനി വേർതിരിച്ചെടുക്കുമ്പോൾ കിട്ടുന്ന ദ്രാവകത്തെയാണ് മൊളാസസ് അഥവാ മധുരപ്പാനി എന്ന് പറയുന്നത്. അപ്രതീക്ഷിതമായി എത്തിയ ആ മധുരപാനി കാരണം ഉണ്ടായ വെള്ളപ്പൊക്കം മനുഷ്യരുടെ ജീവനെടുത്തു, കെട്ടിടങ്ങൾ നശിപ്പിച്ചു. നഗരത്തെ കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ഒരു ദ്രാവകത്തിൽ ശ്വാസം മുട്ടിച്ചു.
1919 ജനുവരി 15 ന് ബോസ്റ്റണിന്റെ വടക്കേ അറ്റത്താണ് ‘ഗ്രേറ്റ് മൊളാസസ്’ വെള്ളപ്പൊക്കം ഉണ്ടായത്. അക്കാലത്ത്, സ്ഫോടകവസ്തുക്കൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും ആവശ്യമായ വ്യാവസായിക മദ്യം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഒരു വിലപ്പെട്ട വസ്തുവായിരുന്നു മൊളാസസ്. കരീബിയനിൽ നിന്ന് കൊണ്ടുവന്ന മൊളാസസ് സൂക്ഷിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻഡസ്ട്രിയൽ ആൽക്കഹോൾ കമ്പനി (യുഎസ്ഐഎ) ഒരു വലിയ സ്റ്റീൽ ടാങ്ക് നിർമ്മിച്ചു. 23 ലക്ഷം ഗാലൻ മൊളാസസ് ഉൾക്കൊള്ളാൻ കഴിയുന്ന ടാങ്കിന് ഏകദേശം 50 അടി ഉയരവും 90 അടി വീതിയുമുണ്ടായിരുന്നു. ഏകദേശം അഞ്ച് നില കെട്ടിടത്തിന്റെ വലിപ്പമുണ്ടായിരുന്നു ഇതിന്.
തുടക്കം മുതൽ തന്നെ ടാങ്കിന്റെ നിർമ്മാണം മോശമായിരുന്നു. ടാങ്ക് നിറഞ്ഞപ്പോൾ, സമീപത്തുള്ള ആളുകൾ ലോഹത്തിൽ നിന്ന് വിചിത്രമായ ഞരക്കങ്ങൾ കേട്ടിരുന്നു. എന്തിനു പറയുന്നു, വിള്ളലുകളിലൂടെ മൊളാസസ് ചോരുന്നതുവരെ തൊഴിലാളികൾ കണ്ടിരുന്നു. പക്ഷേ ഈ പ്രശ്നം കമ്പനി ഗൗരവമായി എടുത്തില്ല. ടാങ്ക് ശരിയായ രീതിയിൽ നന്നാക്കുന്നതിനു പകരം ചോർച്ച മറയ്ക്കാൻ അവർ ടാങ്കിന് തവിട്ട് നിറം നൽകി. കൂടുതൽ ലാഭം നേടുന്നതിനായി മുന്നറിയിപ്പ് അടയാളങ്ങൾ അവഗണിച്ച് കമ്പനി ടാങ്ക് വേഗത്തിൽ നിറയ്ക്കാൻ തുടങ്ങി.
ജനുവരിയിലെ ഒരു തണുത്ത പ്രഭാതത്തിൽ വലിയ ഒരു സ്ഫോടന ശബ്ദത്തോടെ ടാങ്ക് ഒടുവിൽ പൊട്ടി. സ്പോടനശബ്ദത്തിനു പിന്നാലെ ലോഹം പൊട്ടുന്നതും ദൃക്‌സാക്ഷികൾ കേട്ടു. നിമിഷങ്ങൾക്കുള്ളിൽ 25 അടി ഉയരമുള്ള ഒരു മൊളാസസ് തിരമാല മണിക്കൂറിൽ 35 മൈൽ വേഗതയിൽ തെരുവുകളിലൂടെ പാഞ്ഞടുത്തു. ആ തിരമാല കെട്ടിടങ്ങളെയും വാഹനങ്ങളെയും തകർത്ത് ആളുകളെയും കുതിരകളെയും പൊതിഞ്ഞു മുന്നോട്ട് പോയി. പോയ വഴിയെല്ലാം നശിച്ചു.
നാശനഷ്ടങ്ങൾ അതിഭയങ്കരമായിരുന്നു. അപകടത്തിൽ ഇരുപത്തിയൊന്ന് പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൊളാസസ് വളരെ കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായതിനാൽ അതിലൂടെ സഞ്ചരിക്കാൻ കഴിയാത്തവിധം പലരും കുടുങ്ങിപ്പോകുകയും അതിൽ മുങ്ങിമരിക്കുകയും ചെയ്തു. കോരികകളും കടൽ വെള്ളവും ഉപയോഗിച്ച് തെരുവുകൾ കഴുകാൻ രക്ഷാപ്രവർത്തകർ ദിവസങ്ങളോളം കഷ്ടപ്പെട്ടു. ശുചീകരണത്തിന് ആഴ്ചകളും മാസങ്ങളും എടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും വായുവിൽ മൊളാസസിന്റെ ഗന്ധം തങ്ങിനിന്നു. ബോസ്റ്റണിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളിൽ ഒന്നായി ഈ ദുരന്തം മാറി.
നിർമ്മാണത്തിലെ അപാകതയും അശ്രദ്ധയുമാണ് ദുരന്തത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ടാങ്കിന്റെ ഉരുക്ക് ഭിത്തികൾ വളരെ നേർത്തതായിരുന്നു, അത് ഒരിക്കലും സുരക്ഷിതമാണോ എന്ന് പരീക്ഷിച്ചിരുന്നതുമില്ല. കമ്പനി എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചതിന്റെ ഫലമായി മരിച്ചവരുടെ കുടുംബങ്ങൾ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചു. ഒരു നീണ്ട നിയമയുദ്ധത്തിനൊടുവിൽ കമ്പനി ഉത്തരവാദിയാണെന്ന് കണ്ടെത്തുകയും ഏകദേശം 1 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടിയും വന്നു.
വിചിത്രമായ കഥയായി തോന്നുമെങ്കിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ സുരക്ഷാ നിയമങ്ങളെ മാറ്റിമറിച്ച സംഭവമായിരുന്നു മൊളാസസ് വെള്ളപ്പൊക്കം. അശ്രദ്ധയും അത്യാഗ്രഹവും ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് ദുരന്തം ആളുകളെ പഠിപ്പിക്കുകയും ഓർമിപ്പിക്കുകയും ചെയ്തു. ഈ സംഭവം കാരണം എല്ലാ വലിയ നിർമിതികളും എഞ്ചിനീയർമാർ പരിശോധിച്ച് അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ ഉണ്ടാക്കി. നൂറിലധികം വർഷങ്ങൾക്ക് ശേഷവും എത്ര സാധാരണമോ നിരുപദ്രവകരമോ ആയി തോന്നിയാലും സുരക്ഷ ഒരിക്കലും അവഗണിക്കരുതെന്ന ഓർമ്മപ്പെടുത്തലായി ഇന്നും ഗ്രേറ്റ് മൊളാസസ് വെള്ളപ്പൊക്കം ഇന്നും ഓർമിക്കപ്പെടുന്നു.