തെരുവിൽ നിന്നും ബഹിരാകാശത്തേക്കുള്ള ‘ലൈക’യുടെ യാത്ര ഓർമിക്കാത്തവർ വിരളമാണ്.. 1950കളിലെ തിരക്കേറിയ മോസ്കോ നഗരത്തിൽ അലഞ്ഞു തിരിഞ്ഞ തന്റെ ജീവിതം 60 വർഷങ്ങൾക്കിപ്പുറവും ലോകം ഓർമിക്കുമെന്ന് വെറും മൂന്ന് വയസ്സ് പ്രായമുള്ള ആ പാവം തെരുവുനായ ചിന്തിച്ചുകാണില്ല. കാറുകളാൽ നിറഞ്ഞ നഗരവീഥികളും വേഗത്തിൽ നടന്നു നീങ്ങുന്ന മനുഷ്യരുമുള്ള മോസ്കോയിലെ 1957 ഒക്ടോബർ മാസത്തിലെ ഒരു തിരക്കേറിയ ദിവസം… ഒരു കൂട്ടം ആളുകൾ ആ തെരുവുനായയെ പിടികൂടിയപ്പോൾ അവളുടെ ജീവിതം കൂടുതൽ വഷളാകാൻ പോകുകയാണെന്ന് അവൾ ഒരു തരത്തിലും വിചാരിച്ചില്ല.
അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ ഒരു തെരുവ് നായയിൽ നിന്ന് അവൾ കഠിനപരിശീലനം നേടിയ ഒരു ‘സ്പേസ് ഡോഗ്’ ആയി മാറി. ‘ലൈക’ എന്ന് അവർ പേരും നൽകി. കുര എന്ന് അർത്ഥം വരുന്ന റഷ്യൻ പദമായ ‘ബാർക്കി’ൽ നിന്നാണ് ലൈക എന്ന പേരുണ്ടായത്. റഷ്യൻ ഭാഷയിൽ ‘ചുരുണ്ട’ എന്നർത്ഥം വരുന്ന കുദ്രജാവ്ക എന്നായിരുന്നു ലൈകയുടെ യഥാർത്ഥ പേര്. എന്നാൽ തന്റെ ബഹിരാകാശ യാത്രയുടെ പാതി പോലും അവസാനിപ്പിക്കാനാകാതെ ലോകത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളുടെ ബലിയാടായി ലൈക മാറി. ഭൂമിയെ ചുറ്റുന്ന ആദ്യത്തെ ജീവിയാണ് ലൈക. ബഹിരാകാശ പര്യവേഷണത്തിലെ മനുഷ്യന്റെ പുരോഗതിയുടെയും ത്യാഗത്തിന്റെയും പ്രതീകമായി ലൈക മാറി. ശാസ്ത്രത്തിലും ബഹിരാകാശ ചരിത്രത്തിലും ലൈക്കയുടെ യാത്ര ഒരു വഴിത്തിരിവായി.
1950കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനും അമേരിക്കയും നടത്തിയ ബഹിരാകാശ മത്സരതോടെയാണ് ലൈകയുടെ കഥ ആരംഭിച്ചത്. 1957 ഒക്ടോബറിൽ സോവിയറ്റ് യൂണിയൻ ആദ്യത്തെ ഉപഗ്രഹമായ ‘സ്പുട്നിക് 1’ വിജയകരമായി വിക്ഷേപിച്ചതിനു ശേഷം, മറ്റൊരു ബഹിരാകാശ പേടകം ബഹിരാകാശത്തേക്ക് അയയ്ക്കാൻ അവർ ആഗ്രഹിച്ചു. ഇത്തവണ ഒരു ജീവിയെ അതിനുള്ളിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. മനുഷ്യരെ അയയ്ക്കുന്നതിന് മുമ്പ് ഒരു ജീവജാലം ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കുമെന്നും പ്രതികരിക്കുമെന്നും മനസ്സിലാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഒടുവിൽ ഏകദേശം 6 കിലോഗ്രാം ഭാരമുള്ള ചെറിയ മിക്സഡ്-ബ്രീഡിലുള്ള പെൺ നായയായ ലൈകയെ ശാസ്ത്രജ്ഞർ തിരഞ്ഞെടുക്കുകയായിരുന്നു. ശക്തരും, പെട്ടെന്ന് പൊരുത്തപ്പെടുന്നവരും, കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ളവയുമാണ് തെരുവ് നായ്ക്കൾ എന്ന വിശ്വാസത്തിന്റെ പുറത്താണ് ലൈകയെ അവർ തിരഞ്ഞെടുത്തത്. പറക്കുന്നതിന് മുമ്പ് ലൈക മാസങ്ങളുടെ പരിശീലനത്തിലൂടെ കടന്നുപോയി. ബഹിരാകാശ പേടകത്തിനുള്ളിലെ പരിമിതമായ സ്ഥലവുമായി പൊരുത്തപ്പെടാൻ അവളെ ചെറിയ കൂടുകളിൽ സൂക്ഷിച്ചു. ഉച്ചത്തിലുള്ള ശബ്ദങ്ങളിലും വൈബ്രേഷനുകളിലും ശാന്തത പാലിക്കാൻ അവർ അവളെ പരിശീലിപ്പിച്ചു.
1957 നവംബർ 3-ന് സോവിയറ്റ് യൂണിയൻ ലൈകയെ വഹിച്ചുകൊണ്ട് ‘സ്പുട്നിക് 2’ വിക്ഷേപിച്ചു. കാപ്സ്യൂളിൽ ഭക്ഷണവും വെള്ളവും പാഡുള്ള ചുമരുകളും ഉണ്ടായിരുന്നു. എന്നാൽ വീട്ടിലേക്ക് ഉള്ള വഴി മാത്രമുണ്ടായിരുന്നില്ല. ബഹിരാകാശ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ആദ്യത്തെ മൃഗമായി ലൈക മാറി. ബഹിരാകാശത്തേക്ക് പോയ ധീരയായ ചെറിയ നായയെക്കുറിച്ച് ലോകമെമ്പാടുമുള്ള പത്രങ്ങൾ എഴുതി. എന്നാൽ ലൈകയുടെ ദൗത്യത്തിന് പിന്നിലെ മറ്റൊരു സത്യം കയ്പേറിയതായിരുന്നു. കാരണം അവളെ തിരികെ കൊണ്ടുവരാൻ അവർ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. ആ സമയത്ത് അവളെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. ഒരു വശത്തേക്കുള്ള യാത്രയ്ക്കായി മാത്രമാണ് ഈ ദൗത്യം രൂപകൽപ്പന ചെയ്തിരുന്നത്.
ലൈക്ക നിരവധി ദിവസങ്ങൾ അതിജീവിച്ചുവെന്നും പിന്നീട് ഓക്സിജന്റെ അഭാവം മൂലം മരിച്ചുവെന്നുമായിരുന്നു ശാസ്ത്രജ്ഞർ ആദ്യം അവകാശപ്പെട്ടത്. എന്നാൽ വർഷങ്ങൾക്ക് ശേഷം, അമിതമായ ചൂടും സമ്മർദ്ദവും കാരണം, വിക്ഷേപിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ലൈക്ക മരിച്ചുവെന്ന് വെളിപ്പെടുത്തി. ബഹിരാകാശ പേടകം ഏകദേശം അഞ്ച് മാസത്തോളം ഭൂമിയെ പരിക്രമണം ചെയ്യുകയും തുടർന്ന് അന്തരീക്ഷത്തിൽ കത്തി നശിക്കുകയുമായിരുന്നു. ലൈകയുടെ മരണം ഹൃദയഭേദകമായിരുന്നെങ്കിലും ദൗത്യം പ്രധാനപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ നൽകി. ജീവജാലങ്ങൾ ബഹിരാകാശ യാത്രയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാൻ യാത്രയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ശാസ്ത്രജ്ഞരെ സഹായിച്ചു. ഇത് ഭാവിയിലെ ബഹിരാകാശയാത്രികർക്ക് സുരക്ഷിതമായ ദൗത്യങ്ങളിലേക്ക് നയിച്ചു. 1961-ൽ ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനായി മാറിയ യൂറി ഗഗാറിന്റെ ചരിത്രപരമായ യാത്ര ഉൾപ്പെടെ ലൈകയുടെ ത്യാഗം മനുഷ്യന്റെ ബഹിരാകാശ യാത്രയ്ക്ക് വഴിയൊരുക്കി.
ഒരു വീരനായികയായും ധൈര്യത്തിന്റെ പ്രതീകമായുമാണ് ഇന്ന് ലൈക ഓർമ്മിക്കപ്പെടുന്നത്. 2008ൽ ലൈകയുടെ സംഭാവനകളെ ആദരിക്കുന്നതിനായി മോസ്കോയിൽ ഒരു റോക്കറ്റിന് മുകളിൽ അഭിമാനത്തോടെ ആകാശത്തേക്ക് നോക്കി നിൽക്കുന്ന ലൈകയുടെ ഒരു ചെറിയ സ്മാരകം നിർമ്മിച്ചിരുന്നു. എല്ലാ വലിയ നേട്ടങ്ങളും പലപ്പോഴും ത്യാഗത്തോടെയാണ് വരുന്നതെന്നാണ് ലൈകയുടെ കഥ ഓർമ്മിപ്പിക്കുന്നത്. എന്നാൽ ഒരു മിണ്ടാപ്രാണിയോട് ഈ ക്രൂരത വേണമായിരുന്നോ എന്നതാണ് ഇന്നുമുയരുന്ന ചോദ്യം. കാരണം ഇതൊന്നും ലൈക തിരഞ്ഞെടുത്തതല്ല. ശാസ്ത്രത്തിനോ, പുരോഗതിക്കോ ഒന്നിന് വേണ്ടിയും അവൾ മുന്നോട്ട് വന്നതുമല്ല. വാത്സല്യവും സ്നേഹവും ആഗ്രഹിച്ച, മനുഷ്യനെ അന്ധമായി വിശ്വസിക്കേണ്ട വന്ന, ഒരു പാവം നായ മാത്രമായിരുന്നു അവൾ. അതുകൊണ്ടാണ് 67 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പലരും ലൈകയെ ഓർക്കുന്നതും അവൾ അനുഭവിച്ച ഒറ്റപ്പെടലിൽ വിഷമിക്കുന്നതും…