നിർജ്ജലീകരണം ഉയർന്ന സമ്മർദ്ദത്തിലേക്ക് നയിക്കുന്നതായി പുതിയ പഠനം. പ്രതിദിനം 1.5 ലിറ്ററിൽ താഴെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ പ്രധാന സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കും എന്നാണ് പുതിയ പഠനം പറയുന്നത്.
അപര്യാപ്തമായ ദ്രാവക ഉപഭോഗം ശരീരത്തിന്റെ സമ്മർദ്ദ പ്രതികരണത്തെ വർദ്ധിപ്പിക്കുമെന്നും ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നുമാണ് ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിദിനം 1.5 ലിറ്ററിൽ താഴെ ദ്രാവകം കുടിക്കുന്ന മുതിർന്നവരിൽ, ആവശ്യത്തിന് വെള്ളം കുടിക്കുന്നവരെ അപേക്ഷിച്ച് സമ്മർദ്ദകരമായ സാഹചര്യങ്ങളോടുള്ള കോർട്ടിസോൾ പ്രതികരണം 50 ശതമാനത്തിലധികം കൂടുതലാണെന്ന് കണ്ടെത്തി. വെള്ളം, പഞ്ചസാര അടങ്ങാത്ത പാനീയങ്ങൾ, ചായ, കാപ്പി എന്നിവയുൾപ്പെടെ പ്രതിദിനം ആറ് മുതൽ എട്ട് ഗ്ലാസ് വരെ ദ്രാവകം കുടിക്കാനാണ് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ശുപാർശ ചെയ്യുന്നത്.
കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദാഹം കൂടുതലായിരിക്കില്ലെന്നും ഗവേഷകർ കണ്ടെത്തി. സമ്മർദ്ദത്തിനെതിരായ പോരാട്ടത്തിൽ ഉറക്കം, പോഷകാഹാരം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ പോലെ തന്നെ ജലാംശം പ്രധാനമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.