വേനൽക്കാലം തുടങ്ങിയതോടെ കടകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. ശരീരത്തിലെ നിർജലീകരണം തടയാനും ജലാംശം നിലനിർത്താനും വളരെയധികം സഹായിക്കുന്ന തണ്ണിമത്തനിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫലം കൂടിയാണ് തണ്ണിമത്തൻ. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ കഴിക്കുന്നത് മുതിർന്നവരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ഇവയിൽ ശരീരത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നവയാണ് നൈട്രിക് ഓക്‌സൈഡ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. തണ്ണിമത്തനുകളിൽ ഉയർന്ന ജലാംശമാണുള്ളത്. അതിനാൽ തന്നെ ഇവയിൽ കലോറി കുറവാണ്. തണ്ണിമത്തന്റെ ഒരു കഷ്ണം കഴിക്കുമ്പോൾ ചെറിയ തോതിലുള്ള കലോറി മാത്രമേ ശരീരത്തിൽ എത്തുകയുള്ളൂ. ഇക്കാരണത്താൽ ഇടയ്ക്കിടയ്ക്ക് വിശപ്പ് ഉണ്ടാകുന്നവർക്ക് വിശപ്പ് ശമിപ്പിക്കാൻ തണ്ണിമത്തൻ കഴിക്കാവുന്നതാണ്. മാത്രമല്ല, കലോറി കുറവായതിനാൽ ശരീരഭാരം വർദ്ധിക്കുകയുമില്ല.
ആരോഗ്യമുള്ള മുടിയ്ക്കും ചർമ്മത്തിനും വൈറ്റമിൻ എ, സി എന്നിവ അനിവാര്യമാണ്. തണ്ണിമത്തനിൽ ഇവ രണ്ടും ഉയർന്ന അളവിലാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ മുടിയ്ക്കും ചർമത്തിനും ഏറെ ഗുണം നൽകുന്ന ഒന്നാണ് തണ്ണിമത്തൻ. മുടി, ചർമത്തിന്റെ പാളി എന്നിവയെ ശക്തിപ്പെടുത്തുന്ന പ്രോട്ടീനാണ് കൊളാജൻ. കൊളാജൻ ഉണ്ടാക്കാൻ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തെ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ചർമ്മകോശങ്ങൾ സൃഷ്ടിക്കാനും നന്നാവാനും സഹായിക്കും. മാത്രമല്ല, തണ്ണിമത്തനിലെ ലൈക്കോപീനും ബീറ്റാ കരോറ്റിനും വെയിലില്‍ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വേനൽകാലത്ത് പൊതുവെ കണ്ടുവരാറുള്ള ഒന്നാണ് നിർജലീകരണം. ചെറിയ അളവിലുള്ള നിർജലീകരണം തലവേദന, ക്ഷീണം, പേശീവലിവ്, രക്തസമ്മർദ പ്രശ്നങ്ങൾ എന്നിവ സൃഷ്ടിക്കും. അതിനാൽ നല്ല ആരോഗ്യത്തിനായി ശരീരത്തിൽ ജലാംശത്തെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. തണ്ണിമത്തനിൽ തൊണ്ണൂറു ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ നിർജലീനകരണത്തിന് അനുയോജ്യമായ ഒന്നാണ് തണ്ണിമത്തൻ. പ്രായമായവർക്ക് ഇടയ്ക്കിടെ കഴിക്കാവുന്ന ഒരു ഫലം കൂടിയാണ് തണ്ണിമത്തൻ.
വൈറ്റമിൻ സി, ലൈക്കോപീൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകളുടെ ഉറവിടമാണ് തണ്ണിമത്തൻ. ഇവ നീര്‍വീക്കം, വേദന, രോഗം വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയിലേക്ക് നയിക്കുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കും. ലൈക്കോപീന്‍ കോശജ്വലന പ്രക്രിയകളെ തടയുകയും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിന് സഹായിക്കുന്ന ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യും. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള കോളിൻ വിട്ടുമാറാത്ത വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. രക്തത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. പല ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് ചീത്ത കൊളസ്‌ട്രോൾ. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും തണ്ണിമത്തൻ സഹായിക്കുന്നു. ദിവസവും ഒരു കപ്പ് തണ്ണിമത്തൻ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അസ്ഥികളുടെ ആരോഗ്യത്തിനും തണ്ണിമത്തൻ നല്ലതാണ്. ഇവ കഴിക്കുന്നതിലൂടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുകയും വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവ് എന്നിവ തടയാനും സഹായിക്കുന്നു.
തണ്ണിമത്തനില്‍ മതിയായ അളവില്‍ അടങ്ങിയിട്ടുള്ള കാത്സ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. വേനൽകാലത്ത് ഏറ്റവം കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഹീറ്റ് സ്ട്രോക്ക്.ഹീറ്റ് സ്ട്രോക്ക് ചെറുക്കാൻ പറ്റിയ നല്ലൊരു വഴിയാണ് തണ്ണിമത്തൻ. ഇവയിൽ അടങ്ങിയിരിക്കുന്ന വെള്ളവും ഇലക്ട്രോലൈറ്റുകളും ശരീരത്തെ താപാഘാതത്തില്‍ നിന്ന് തടയും. ചൂടുള്ള കാലാവസ്ഥയിൽ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നമ്മുടെ ശരീരത്തെ സഹായിക്കുന്ന നിരവധി ഗുണങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ദാഹം ശമിപ്പിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഏറ്റവും ഉത്തമവുമായ ഒന്നാണ് തണ്ണിമത്തൻ.