നഷ്ടപ്പെട്ട അവസരങ്ങള്‍ -- മാണിയ്ക്കും കേരളത്തിനും

പ്രായോഗിക രാഷ്ട്രീയവും തത്വാധിഷ്ഠിത രാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവ് സ്വയം നിര്‍ണയിച്ച ആളായിരുന്നു കെ എം മാണി. സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് അതിര്‍വരമ്പുകള്‍ അദ്ദേഹം വരയ്ക്കുകയും മാറ്റിവരയ്ക്കുകയും ചെയ്തു. അത് സ്വാഭാവികമായ പരിണാമത്തിലെത്തിയിരുന്നുവെങ്കില്‍ അദ്ദേഹത്തെ ഇന്ന് മുന്‍ മുഖ്യമന്ത്രിയെന്നോ, മുന്‍ കേന്ദ്രമന്ത്രിയെന്നോ വിശേഷിപ്പിക്കേണ്ടി വരുമായിരുന്നു. നഷ്ടപ്പെടുത്തിയ അവസരങ്ങളുടെ ചരിത്രമാണ് കേരള കോൺഗ്രസിന്റേത്.

കോണ്‍ഗ്രസിന്റെ ശൈഥില്യം ദേശവ്യാപകമായി സംഭവിക്കുന്നതിനു മുമ്പേ കോണ്‍ഗ്രസില്‍ നിന്ന് വിഘടിച്ചുണ്ടായതാണ് കേരള കോണ്‍ഗ്രസ്. ആദ്യവര്‍ഷംതന്നെ 25 എംഎല്‍ഏമാരെ വിജയിപ്പിക്കാൻ കഴിഞ്ഞത് നിസ്സാരമായ നേട്ടമായിരുന്നില്ല. പക്ഷെ, അതുകൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ല. നിയമസഭയോ മന്ത്രിസഭയോ ഉണ്ടായില്ല. ക്രൈസ്തവ-നായര്‍ സംയുക്ത സംരംഭമെന്ന നിലയില്‍ തുടങ്ങിയ കേരള കോണ്‍ഗ്രസ് പിന്നീട് മലയോരത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പാര്‍ട്ടിയായി. കായല്‍ രാജാക്കന്മാരുടെയും തോട്ടം മുതലാളിമാരുടെയും പാര്‍ട്ടി എന്ന പേരുദോഷത്തില്‍ നിന്ന് ആദ്യകാലത്ത് പാര്‍ട്ടിക്ക് മുക്തമാകാനും കഴിഞ്ഞില്ല.

കേരള കോണ്‍ഗ്രസിന് ഇടതുപക്ഷസ്വഭാവം നല്‍കുന്നതിനുള്ള കെ എം മാണിയുടെ ശ്രമം തുടര്‍ന്നിരുന്നുവെങ്കില്‍ ആ പാര്‍ട്ടിയുടെയും കേരളത്തിന്റെയും ചരിത്രം വേറൊന്നാകുമായിരുന്നു. മാതൃസംഘടനയില്‍നിന്ന് വിഘടിച്ച് സിപിഐ-എമ്മും കേരള കോണ്‍ഗ്രസും രൂപീകൃതമായത് ഒരേ വര്‍ഷമാണ്. രണ്ടു പാര്‍ട്ടികള്‍ക്കും സമ്പന്നമായ നേതൃനിരയും അതിസമ്പന്നമായ അണിയും ഉണ്ടായിരുന്നു. സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് കേരളത്തെ പങ്കിട്ടെടുക്കുമായിരുന്നു. അല്ലെങ്കില്‍ സംയുക്തമായി സ്വന്തമാക്കുമായിരുന്നു. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ അവസ്ഥയിലാകുമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. തമിഴ്‌നാട്ടിലെ ഭക്തവത്സലത്തെ പോലെ കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകുമായിരുന്നു ആര്‍ ശങ്കര്‍. അതിനേക്കാള്‍ ശ്രദ്ധേയമായത് കേരളത്തിലെ കരുണാനിധിയാകുന്നതിനുള്ള സാധ്യത കെ എം മാണി നഷ്ടപ്പെടുത്തിയെന്നതാണ്. മകനുവേണ്ടി മറ്റു മക്കളെ അദ്ദേഹം തഴഞ്ഞു. ഓരോരുത്തരായി അദ്ദേഹത്തെ കൈവിട്ടു. പോയവര്‍ പോകട്ടെ എന്ന നിഷേധാത്മകവും അപകടകരവുമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. അരമനകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട പാര്‍ട്ടി ജനങ്ങളെ മറന്നു. അതോടെ പൊതുസമൂഹത്തില്‍ സ്വീകാര്യത കുറഞ്ഞു. അഴിമതിയുടെ സ്ഥൈര്യലേപനത്തില്‍ ജനാധിപത്യത്തിന്റെ അരൂപി നഷ്ടമായി. മാര്‍ക്‌സിസത്തിന് ബദല്‍ ചമയ്ക്കാന്‍ ധൈര്യം കാണിച്ച മാണി യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലുകയായിരുന്നു. അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തെ തന്റെ തൊപ്പിയിലെ അഴകായി അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ ലോകം ഭ്രമാത്മകമായി.

പിന്‍തുടര്‍ച്ചക്കാരന്റെ പട്ടാഭിഷേകം നടത്തിയതിനു ശേഷമാണ് വിടയെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ ചാര്‍ത്തിയെടുത്ത കേരള കോണ്‍ഗ്രസ് അസ്തമയത്തിന്റെ സന്ധ്യയിലാണ്. ഫെഡറലിസം വെല്ലുവിളികളെ നേരിടുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാന്യം പാര്‍ലമെന്ററി സമ്പ്രദായത്തില്‍ വര്‍ദ്ധിക്കുന്നു. ഈ തിരിച്ചറിവ് മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഉണ്ടായിരുന്നു. പക്ഷേ അതിനൊത്ത് ഉത്തരവാദിത്വത്തോടെ ഉയരുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മുന്നണിരാഷ്ട്രീയത്തിന്റെ സുഖവും സുരക്ഷിതത്വവും രണ്ടിലയെ രണ്ടിലയില്‍ തന്നെ തളര്‍ത്തി നിര്‍ത്തി. ഇനി വാട്ടത്തിന്റെ കാലമാണ്.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്