ധോണിക്ക് ഭാഗ്യമുണ്ട് പക്ഷെ മറ്റുള്ളവര്‍ക്ക് ആ ഭാഗ്യമില്ല, ധോണിയെ അംഗീകരിക്കാന്‍ മടിക്കുന്നവരുടെ സ്ഥിരം പല്ലവി

രാഹുല്‍ സത്യനാഥ്

ധോണിക്ക് ഭാഗ്യമുണ്ട് പക്ഷെ മറ്റുള്ളവര്‍ക്ക് ആ ഭാഗ്യമില്ല. ധോണിയെ അംഗീകരിക്കാന്‍ മടിക്കുന്നവരുടെ സ്ഥിരം പല്ലവിയാണത്. പക്ഷെ അവര്‍ മറക്കുന്ന ഒരു പഴമൊഴിയുണ്ട്. ”Fortune favors the brave’ – ‘ഭാഗ്യം ധീരനെ തുണക്കും”

ധോണിയുടെ കീഴില്‍ നേടിയെടുത്ത പല വിജയങ്ങളും അയാളുടെ ചങ്കൂറ്റത്തിന്റെ ഫലം കൂടിയാണ്. പാളി പോയാല്‍ ഒരു രാജ്യം മൊത്തം തന്നെ ക്രൂശിക്കുമെന്ന് അറിഞ്ഞിട്ടും ആയാള്‍ ആ ചങ്കൂറ്റം കാണിച്ചുകൊണ്ട് നേടിയ കുറച്ച് ചെറിയ വിജയങ്ങളാണിവ-

1. 2007 ടി20 ലോക കപ്പ് ഫൈനല്‍: സ്‌കൂള്‍ ടീം പോലും നയിക്കാത്ത ഒരു ക്യാപ്റ്റന്‍ ഒരു പുതിയ ഫോര്‍മാറ്റിന്റെ ആദ്യ ലോകകപ്പ് നയിക്കുന്നു. ക്യാപ്റ്റനായിട്ടുള്ള മത്സരപരിചയം വെറും 7. എതിരാളി ചിരവൈരികളായ പാക്കിസ്ഥാന്‍. അവസാനഓവറില്‍ ജയിക്കാന്‍ അവര്‍ക്ക് വേണ്ടത് 13 റണ്‍സ്. ക്രീസില്‍ ഒരറ്റത്ത് നിലയുറപ്പിച്ച് കഴിഞ്ഞ മിസ്ബാ. തോറ്റാല്‍ ഇതില്‍ പരം നാണക്കേടില്ല. തന്റെ പക്കില്‍ അവശേഷിക്കുന്ന ബോളര്‍മാര്‍ എട്ട് വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ഹര്‍ഭജനും വെറും 7 അന്താരാഷ്ട്ര മാച്ചുകള്‍ കളിച്ച ജോഗീന്ദര്‍ ശര്‍മയും. ധോണി രണ്ടാമനെ വിശ്വസിച്ച് പന്തേല്‍പ്പിച്ചു. 10 മത്സരങ്ങള്‍ പോലും ക്യാപ്റ്റനാകാത്ത അയാള്‍ ജോഗീന്ദറിനോട് പറഞ്ഞത് ഇപ്രകാരം

”റണ്‍സിനെ കുറിച്ച് ചിന്തിക്കേണ്ട. നീ നിന്റെ ബൗളിങ്ങില്‍ മാത്രം ശ്രദ്ധിക്കുക. മത്സരഫലം എന്തുമായിക്കോട്ടെ എന്റെ സപ്പോര്‍ട്ട് നിനക്കുണ്ടാകും. നീ പേടിക്കണ്ട”.

പിന്നീട് നടന്നത് ലോകക്രിക്കറ്റ് തന്നെ മാറ്റി മറിച്ച ചരിത്രം. ഒരു പക്ഷെ ആ തീരുമാനം കൊണ്ട് ആ
കളി പാകിസ്താനോട് തോറ്റിരുന്നെങ്കില്‍ ധോണി കേള്‍ക്കുമായിരുന്ന പഴിക്ക് കൈയും കണക്കുമുണ്ടാകില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു എന്നിട്ടും അയാള്‍ ആ ചങ്കൂറ്റം കാണിച്ചു.

2. 2011 ലോക കപ്പ് ഫൈനല്‍: ഇത് പ്രത്യേകമായി എടുത്ത് പറയേണ്ട കാര്യമില്ല. എന്നിരുന്നാലും ജയിക്കാന്‍ 161 റണ്‍സ് വേണ്ടപ്പോള്‍ മികച്ച ഫോമിലുണ്ടായിരുന്ന യുവരാജിനെ പിന്തള്ളി ധോണി ക്രീസിലേക്ക് നടന്ന് നീങ്ങിയപ്പോള്‍ പലരുടെയും നെറ്റികള്‍ ചുളിഞ്ഞിരുന്നു. ധോണി പെട്ടെന്ന് ഔട്ടായിരുന്നെങ്കിലോ പിന്നീട് വരുന്ന യുവരാജിന് സ്‌കോര്‍ ചെയ്യാന്‍ പറ്റാതെ പോയിരുന്നെങ്കിലോ ആ chaseന്റെ താളം അവിടെ തെറ്റുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അയാള്‍ ആ പഴി അയാളുടെ ജീവിതകാലം മുഴുവന്‍ പേറേണ്ടി വരുമെന്ന ഉത്തമബോധ്യം ഉണ്ടായിട്ടും അയാള്‍ ആ റിസ്‌ക് എടുത്തു. അത് ചെന്നെത്തിയത് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച സിക്‌സറില്‍.

ICC Champions Trophy: A better player is one who responds to situations,  says MS Dhoni - Indian Express

3. 2013 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍: ആ മത്സരത്തില്‍ മികച്ച രീതിയില്‍ എറിഞ്ഞിരുന്ന ഭുവിയെയും ഉമേഷിനെയും ജഡേജയെയും അശ്വിനെയും മറികടന്ന് 18 ആം ഓവര്‍ എറിയാനായി പന്തേല്‍പ്പിച്ചത് അന്ന് ഏറ്റവും മോശം രീതിയില്‍ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മയ്ക്ക്. ഉടന്‍ തന്നെ കമന്ററി ബോക്‌സില്‍ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.. ”ധോണി അങ്ങനെയാണ്. അയാള്‍ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ എടുക്കും. ഈ സാഹചര്യത്തില്‍ ബെസ്റ്റ് ബോളര്‍മാരേ അവസാനത്തേക്ക് വെക്കണോ. അശ്വിനും ജഡേജയുമായിരിക്കും അവസാന രണ്ട് ഓവര്‍ എറിയുക. പക്ഷെ ഈ കളി അത്രെയും നീണ്ട് പോകുമോ”. ആ കളി തോറ്റിരുന്നെങ്കില്‍ ധോണിയുടെ ഈ തീരുമാനത്തെ ഉദ്ദരിച്ചായിരിക്കും ചോദ്യശരങ്ങളെല്ലാം പക്ഷെ അയാള്‍ ഭയക്കാതെ ആ തീരുമാനം എടുത്തു. കളിയും വിജയിച്ചു!

On This Day: MS Dhoni's electrifying skills shattered 'thousands of  Bangladeshi hearts' | Sports News,The Indian Express

4. 2016 ടി20 ലോക കപ്പ് മത്സരം- ബംഗ്ലാദേശിന് ജയിക്കാന്‍ 1 പന്തില്‍ രണ്ട് റണ്‍സ്. ബംഗ്ലാദേശിനോട് ആദ്യമായി ടി20 തോല്‍ക്കാന്‍ പോകുന്ന നാണക്കേട് ഒരു വശത്ത്. തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്താകുന്ന നാണക്കേട് മറുവശത്തു. ഹര്‍ദിക് പാണ്ട്യ മത്സരത്തിലെ അവസാന പന്ത് എറിയും മുന്‍പ് ധോണി തന്റെ കീപ്പിങ് ഗ്ലൗസ് അഴിച്ചു മാറ്റി. ഗാവസ്‌കര്‍ കമന്ററിയില്‍ പറഞ്ഞു ”ധോണി ഗ്ലൗസ് മാറ്റി. ബൈ നേടാതിരിക്കാന്‍ ധോണി പന്ത് എറിയാനായി ഗ്ലൗസ് മാറ്റിയിരിക്കുന്നു”. സാധാരണ എല്ലാ കീപ്പര്‍മാരും അങ്ങനെയാണല്ലോ ചെയ്യുക. പക്ഷെ പാണ്ട്യയുടെ പന്ത് ധോണിയുടെ കൈയില്‍ എത്തിയപ്പോള്‍ അയാള്‍ അത് എറിയാതെ സ്റ്റമ്പിനെ ലക്ഷ്യം വെച്ച് ഓടി. 21 വയസ് പ്രായമുള്ള പേസര്‍ മുസ്തഫിസുറിനെ ധോണി തന്റെ വേഗത കൊണ്ട് വെല്ലുവിളിച്ചു. പന്തുമായി ധോണിയുടെ കൈ തുളഞ്ഞു കേറിയത് ബംഗാളികളുടെ ചങ്കിലേക്ക്. ഒരു പക്ഷെ ധോണിയുടെ വേഗത മുസ്താഫിസുറിനെ വെല്ലുമായിരുന്നില്ലെങ്കില്‍? ഒരു പക്ഷെ ആ ഓട്ടത്തിനിടക്ക് ധോണിയുടെ കൈയില്‍ നിന്ന് ആ പന്ത് വഴുതി വീഴുമായിരുന്നെങ്കില്‍? എന്തുകൊണ്ട് ആ പന്ത് എറിഞ്ഞില്ല എന്ന ചോദ്യം അയാളെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയേനെ.

5. 2021 IPL Qualifier 1: 2020ലെ നിരാശക്ക് ശേഷം ചെന്നൈ അതിഗംഭീരമായി ക്വാളിഫൈറില്‍ പ്രവേശിച്ചിരുന്നു. പക്ഷെ ധോണിയെന്ന 40ക്കാരന്‍ ഫിനിഷറുടെ ബാറ്റില്‍ നിന്ന് കാര്യമായ ഒന്നും തന്നെ കാണാന്‍ കഴിയാത്തത് ചെന്നൈ ആരാധകര്‍ക്ക് ഒരു നീറ്റലായിരുന്നു. അയാള്‍ക്ക് ഇനി ബാറ്റ് ചെയാനാകില്ലെന്ന് ചില ആരാധകര്‍ പോലും എഴുതി തള്ളിയ അവസ്ഥ. ഒരു നോക്ക്ഔട്ട് മത്സരത്തില്‍ 11 പന്തില്‍ 24 റണ്‍സ് വേണ്ടപ്പോള്‍ രണ്ട് സീസണായി മിന്നും ഫോമിലുള്ള ജഡേജ എന്ന ഫിനിഷറെ മറികടന്ന് ധോണി ക്രീസില്‍. കമന്ററിയില്‍ സൈമണ്‍ ഡൂള്‍ പറഞ്ഞു.. ”ലെഫ്റ്റ് റൈറ്റ് കോമ്പിനേഷന്‍ നിലനിര്‍ത്താനാകും ധോണി ജഡേജക്ക് മുന്നേ ഇറങ്ങിയത് പക്ഷെ അത് എന്റെ അഭിപ്രായത്തില്‍ ഓവര്‍ റേറ്റടാണ്, ജഡേജയാണ് ഫോമിലുള്ള താരം അയാളായിരുന്നു വരേണ്ടത്. ഇനി ഇത് ധോണി തന്നെ ഫിനിഷ് ചെയ്യണം”

പക്ഷെ ഇത് ധോണി ഫിനിഷ് ചെയ്യണമെങ്കില്‍ നേരിടേണ്ട ബോളര്‍മാര്‍ ഗ്രൂപ്പ് സ്റ്റേജില്‍ ധോണിയുടെ വിക്കറ്റ് രണ്ട് വട്ടവും എടുത്ത ടൂര്‍ണമെന്റിലെ രണ്ടാമത്തെ മികച്ച ബൗളര്‍ ആവേഷ് ഖാന്‍, ആ മാച്ചില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിയുന്ന ടി20 സ്‌പെഷ്യലിസ്റ്റ് ഡെത്ത് ബോളര്‍ ടോം കരന്‍ അല്ലെങ്കില്‍ ലോകം കണ്ട ഏറ്റവും മികച്ച ഡെത്ത് ബോളര്‍മാരില്‍ ഒരാളായ കാഗീസോ റബാധ എന്നിവരെയായിരുന്നു. പക്ഷെ പ്രായം അയാളുടെ ചങ്കൂറ്റത്തെ തളര്‍ത്തിയിരുന്നില്ല. അവരെ നേരിടാന്‍ തുനിഞ്ഞു തന്നെ ധോണി ക്രീസിലിറങ്ങി. പിന്നീട് നടന്നത് ചെന്നൈ ആരാധകരെ മാത്രമല്ല ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മുതല്‍ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ വരെ..

നടന്‍ ധനുഷ് മുതല്‍ food app Zomato വരെ ലോകമെംബാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ പുളകം കൊണ്ട 6 പന്ത് ഫിനിഷിങാണ്. 6 പന്തില്‍ 18 റണ്‍സിന് മാത്രമായിരുന്നില്ല ആ പുളകം കൊള്ളല്‍. അയാളുടെ മോശവസ്ഥയില്‍ പോലും അയാള്‍ കാണിച്ച ചങ്കൂറ്റത്തിനും കൂടിയായിരുന്നു അവ. അവസാനം പോസ്റ്റ് മാചില്‍ ലാഘവത്തോടെ അയാള്‍ പറഞ്ഞത് ഇപ്രകാരം ”ഞാന്‍ ഈ ടൂര്‍ണമെന്റില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കാര്യമായി ഒന്നും ചെയ്തില്ല. അതുകൊണ്ട് ബോളര്‍മാര്‍ എനിക്കെതിരെ എന്ത് ചെയ്യുമെന്ന് എനിക്ക് കാണണമായിരുന്നു. പക്ഷെ കൂടുതലൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല”.

പലപ്പോഴും ഈ ചങ്കൂറ്റമാണ് ധോണിയെന്ന ഭാഗ്യവാനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത്. ധോണി കാണിച്ച എല്ലാ ചങ്കൂറ്റ തീരുമാനങ്ങളും വിജയത്തിലെത്തിയെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ മറ്റു കളിക്കാരേക്കാള്‍ സ്‌പെഷ്യലായി അയാള്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് ആ ചങ്കൂറ്റം കൊണ്ട് കൂടിയാണ്. Risk എടുക്കുന്നവനെ reward ഉള്ളൂ എന്നതിന്റെ ഉത്തമ ഉദാഹരണം!

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍