മന്ത്രിമാര്‍ പാര്‍ട്ടി സമ്മേളനത്തിരക്കില്‍ ഫയലുകളില്‍ 'ജീവിതങ്ങള്‍' കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: പാര്‍ട്ടിക്കാര്യം വന്നതോടെ ഭരണം പരണത്തുവച്ച്‌ സി.പി.എം, സി.പി.ഐ. മന്ത്രിമാര്‍ സമ്മേളനങ്ങള്‍ക്കു പിന്നാലെ. മന്ത്രിമാര്‍ ആഴ്‌ചയില്‍ അഞ്ചുദിവസം നിര്‍ബന്ധമായും സെക്രട്ടേറിയറ്റില്‍ ഉണ്ടാകണമെന്നായിരുന്നു സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരം.

ഓരോ ഫയലിലും ഓരോ ജീവിതമാണെന്നു ജീവനക്കാരെ ഓര്‍മിപ്പിക്കുക മാത്രമല്ല, സമയനിഷ്‌ഠ പാലിക്കാന്‍ സെക്രട്ടേറിയറ്റില്‍ പഞ്ചിങ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, പറഞ്ഞതെല്ലാം വിഴുങ്ങി, മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലായതോടെ ഭരണസിരാകേന്ദ്രത്തില്‍ ഫയലുകള്‍ നിശ്‌ചലം. സി.പി.എം. ജില്ലാസമ്മേളനങ്ങള്‍ തുടങ്ങിയതോടെ മുഖ്യമന്ത്രിയും മിക്ക മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ വരുന്നതു വല്ലപ്പോഴുമായി.

ഇതുമൂലം കഴിഞ്ഞ രണ്ടരയാഴ്‌ചയായി സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഏറെക്കുറെ സ്‌തംഭനാവസ്‌ഥയിലാണ്‌. കഴിഞ്ഞ ശനിയാഴ്‌ചവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം കെട്ടിക്കിടക്കുന്നത്‌ 1648 ഫയലുകള്‍. ഇതില്‍ മുഖ്യമന്ത്രി നേരിട്ടു തീരുമാനമെടുക്കേണ്ട ഏകദേശം 800 “ജീവിതങ്ങളു”ണ്ട്‌. മറ്റുള്ളവ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടവയാണ്‌.

സി.പി.എം. ജില്ലാസമ്മേളനങ്ങള്‍ ആരംഭിക്കുന്നതുവരെ മുഖ്യമന്ത്രി ഓഫീസില്‍ കൃത്യമായെത്തിയിരുന്നു. ഇപ്പോള്‍ അദ്ദേഹം പൂര്‍ണമായും സമ്മേളനത്തിരക്കിലാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ ആശ്രിതനിയമനം, ചികിത്സാസഹായം എന്നീ വിഷയങ്ങള്‍ മുതല്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടവവരെയുണ്ട്‌.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പൊതുഭരണം, ശാസ്‌ത്ര-സാങ്കേതികം, ഐ.ടി. തുടങ്ങി നിരവധി വകുപ്പുകളുണ്ട്‌. അവയ്‌ക്കു പുറമേ ഇപ്പോള്‍ ഗതാഗതവകുപ്പും മുഖ്യമന്ത്രിയുടെ ചുമതലയിലാണ്‌. കെ.എസ്‌.ആര്‍.ടി.സി. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിട്ടും വകുപ്പു കൈയാളുന്ന മുഖ്യമന്ത്രി ഇടപെടുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌. റവന്യൂ, ധനകാര്യ ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതില്ലെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശമുണ്ടെങ്കിലേ തുടര്‍നടപടി സാധ്യമാകൂ.

മൂന്നാര്‍ കൈയേറ്റം സംബന്ധിച്ചു ജില്ലാ കലക്‌ടര്‍ നല്‍കിയതുള്‍പ്പെടെ റവന്യൂ വകുപ്പിന്റെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്‌. ധനവകുപ്പിന്റെ ഫയലുകളിലേറെയും ഫണ്ട്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌. ഇവ മടങ്ങിയെത്തിയാലേ അതതു വകുപ്പുകള്‍ക്കു തീരുമാനമെടുക്കാനാകൂ. ആഭ്യന്തര, എക്‌സൈസ്‌ വകുപ്പുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി കാണേണ്ട ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്‌.

ഭരണസംബന്ധമായ യോഗങ്ങളും വേണ്ടരീതിയില്‍ നടക്കുന്നില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ബോട്ട്‌ നിര്‍മാണ-അറ്റകുറ്റപ്പണി യാഡിന്റെ കാര്യം ഉദാഹരണമാണ്‌. പ്രാഥമികനടപടികള്‍ പൂര്‍ത്തിയാക്കിയതല്ലാതെ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല.

തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സമ്മര്‍ദപ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥതലചര്‍ച്ച നടത്തിയെങ്കിലും നീണ്ടുനിന്നതു രണ്ടര മിനിട്ട്‌ മാത്രം! ഇ-ഗവേണന്‍സ്‌ നടപ്പാക്കിയതോടെ ഓഫീസില്‍ എത്തിയില്ലെങ്കിലും, എവിടെയിരുന്നാലും മന്ത്രിമാര്‍ക്കു ഫയല്‍ തീര്‍പ്പാക്കാവുന്നതേയുള്ളൂ. എന്നാല്‍, പാര്‍ട്ടി കാര്യങ്ങള്‍ക്കിടെ അതിനുള്ള സമയം പോലും അവര്‍ക്കില്ലെന്നതാണു പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്‌.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ