കൂട്ടുകാരായി, കുട്ടനാടിന്റെ 'കൊച്ചുധീരന്മാര്‍'

‘ചേട്ടൻ എന്നാത്തിനാ കിണറ്റിൽച്ചാടിയേ?’ കാവാലം കടവിൽവച്ചു കണ്ടപ്പോൾ അഭയ് ദാസിന്റെ മുഖത്തു നോക്കി സ്റ്റീഫൻ ജോസഫ് ചോദിച്ചു. ‘സ്റ്റീഫൻ എന്നാത്തിനാ ആറ്റിൽച്ചാടിയേ?’ എന്ന മറുചോദ്യമായിരുന്നു അഭയ് ദാസിന്റെ ഉത്തരം. സ്റ്റീഫൻ, തന്നെ ചാരിനിന്ന എൽകെജിക്കാരൻ അനുജൻ ടിജോയെ ചേർത്തുപിടിച്ചു. ചേട്ടന്റെ മുഖത്തു നോക്കിയശേഷം ടിജോ പറഞ്ഞു – ‘ഞാൻ ആറ്റിൽ വീണപ്പോൾ രക്ഷിക്കാനാ ചേട്ടൻ ചാടിയേ…’ രക്ഷകന്റെ ഭാവമൊന്നുമില്ലാതെ നാണം മറയ്ക്കാൻ മുഖത്തേക്കു കൈ ചേർത്തു സ്റ്റീഫൻ.

രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക്കം നേടിയ ധീരന്മാരാണു കാവാലം കാവുംപടി അഭയ് ഭവനിൽ ഷാജിയുടെയും രജനിയുടെയും മകൻ അഭയ് ദാസും ചേന്നംകരി കല്ലുപാത്ര സിബിച്ചന്റെയും ജോമോളുടെയും മകൻ സ്റ്റീഫൻ ജോസഫും. അഭയ് അയൽവാസിയായ വിദ്യാർഥിയെ നിലയില്ലാത്ത വെള്ളമുള്ള കിണറ്റിൽ നിന്നും സ്റ്റീഫൻ സ്വന്തം അനുജനെ ഒഴുക്കുള്ള ആറ്റിൽ നിന്നും സ്വജ‍ീവൻ പണയംവച്ചു രക്ഷിച്ചതിനാണു രാഷ്ട്രത്തിന്റെ ആദരം തേടിയെത്തിയത്. ഇന്നലെ വൈകിട്ടു സ്കൂളിലെ ക്ലാസ് കഴിഞ്ഞ് ഇരുവരും കാവാലം കടവിലെത്തി, അൽപനേരം ഒന്നിച്ചിരുന്നു വിശേഷങ്ങൾ പറഞ്ഞു.

‘ഞാനും ടിജോയും കൂടി കളിക്കുകയായിരുന്നു. പെട്ടെന്ന് അവൻ വെള്ളത്തിലേക്കു വീണു. ഞാൻ പപ്പയെയും മമ്മയെയും വിളിച്ചു നോക്കി. ആരും അവിടൊണ്ടായിരുന്നില്ല. ടിജോയാണെങ്കിൽ ഒഴുകിപ്പോകുന്നു. പപ്പ നീന്തൽ പഠിപ്പിച്ചിരുന്നതുകൊണ്ട് ഞാൻ ഒറ്റച്ചാട്ടം. ടിജോയെ തള്ളി കരയിലേക്കെത്തിച്ചപ്പോഴേക്കും ആരൊക്കെയോ ഓടിയെത്തി ഞങ്ങളെ എടുത്തു കയറ്റി…’ തന്നെ രക്ഷിച്ച സാഹസികതയെക്കുറിച്ചു ചേട്ടൻ പറയുന്നതിനിടയിൽ വിട്ടുപോയതൊക്കെ കൂട്ടിച്ചേർത്തതു കുഞ്ഞൻ ടിജോയാണ്.

സ്റ്റീഫന്റെ കഥ കേട്ടപ്പോൾ അഭയ് ദാസും സംഭവങ്ങൾ ഓർത്തെടുത്തു. സ്കൂൾ വിട്ടു വരുംവഴി നിലവിളി കേട്ടു ക്രിക്കറ്റ് കളി നടക്കുന്ന ഗ്രൗണ്ടിനടുത്തുള്ള കിണറ്റിനരികിലേക്ക് ഓടിയെത്തിയതും രണ്ടും കൽപിച്ചു കിണറ്റിൽച്ചാടി അമൽ എന്ന അഞ്ചാം ക്ലാസുകാരനെ രക്ഷിച്ചതുമൊക്കെ സ്റ്റീഫനും ടിജോയും കേട്ടിരുന്നു. പിരിയുമ്പോൾ അഭയും സ്റ്റീഫനും ടിജോയും കൂട്ടായിക്കഴിഞ്ഞു. 2016 നവംബർ എട്ടിനായിരുന്നു ടിജോയെ രക്ഷിക്കാൻ സ്റ്റീഫൻ ആറ്റിൽച്ചാടിയത്.

അഭയ് ദാസ് നാടിന് അഭിമാനമായത് 2017 ജനുവരി 11ന് അമലിനെ കിണറ്റിൽ നിന്നു രക്ഷിച്ചതോടെയാണ്. ചേന്നംകരി ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു സ്റ്റീഫൻ ഇപ്പോൾ. അനുജൻ ലൂർദ് മാതാ സ്കൂളിലെ എൽകെജി വിദ്യാർഥി. കൈനടി എജെ മെമ്മോറിയൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അഭയ് ദാസ്. കുട്ടനാട്ടിലേക്കു രാഷ്ട്രത്തിന്റെ കണ്ണെത്തിച്ച സ്റ്റീഫനും അഭയ് ദാസും ഇരുവരുടെയും സ്കൂളുകളിലെ മിന്നുംതാരങ്ങളാണിപ്പോൾ.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി