'വാരിയംകുന്നന്‍ സിനിമയും പുറത്തിറങ്ങും, റമീസ് പുസ്തകം ഇറക്കട്ടെ'; പ്രതികരിച്ച് സംവിധായകന്‍ ഹര്‍ഷാദ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് എഴുതിയ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശന തിയതി പ്രഖ്യാപിച്ച് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹര്‍ഷാദ്. റമീസിന്റെ പുസ്തകത്തിന് ആശംസകള്‍ അറിയിച്ചാണ് ഹര്‍ഷാദിന്റെ പോസ്റ്റ്.

”പ്രിയ സുഹൃത്തും വാരിയംകുന്നന്‍ സിനിമയുടെ സഹ എഴുത്തുകാരനുമായ റമീസ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ഇതിഹാസ നായകനെ കുറിച്ചുള്ള തന്റെ ഗവേഷണഗ്രന്ഥം, ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ പുറത്തിറക്കുന്നു. ഇന്‍ഷാ അള്ളാഹ് വാരിയംകുന്നന്‍ സിനിമയും പുറത്തിറങ്ങും. റമീസിന്റെ കുറിപ്പ് വായിക്കുക, പുസ്തകപ്രകാശന ചടങ്ങില്‍ പങ്കു ചേരുക” ഹര്‍ഷാദ് കുറിച്ചിരിക്കുന്നത്.

ഇതോടെ വാരിയംകുന്നന്‍ ഹര്‍ഷാദ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നവെന്ന സംശയം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. വരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ സഹ തിരക്കഥാകൃത്തായിരുന്നു റമീസ് മുഹമ്മദ്. എന്നാല്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ റമീസ് തിരക്കഥാകൃത്തെന്ന സ്ഥാനത്ത് നിന്നും മാറുകയായിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച ചിത്രമാണ് വാരിയംകുന്നന്‍. എന്നാല്‍ സെപ്റ്റംബര്‍ ആദ്യം പൃഥ്വിരാജും ആഷിഖ് അബുവും ചിത്രത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയായിരുന്നു. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പിന്മാറിയത് എന്നാണ് വിവരം.

റമീസ് മുഹമ്മദിന്റെ കുറിപ്പ്:

കഴിഞ്ഞ പത്ത് വർഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസർച്ച് ടീം. ഈ ഗവേഷണ കാലയളവിൽ, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങൾ പലയിടത്തുനിന്നുമായി ഞങ്ങൾക്ക് ലഭിച്ചു. 1921ൽ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂർവഫോട്ടോകൾ അവയിലുൾപ്പെടും.

എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നു. അതു പോലെ ബ്രിട്ടൺ, ഓസ്റ്റ്രേലിയ, ഫ്രാൻസ്, യു എസ് എ, കാനഡ, സിംഗപ്പൂർ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമർശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താൻ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേർചിത്രങ്ങളാണ്.

ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാൽ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാൻ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങൾ പങ്കുവയ്ക്കുകയാണ്. ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥഫോട്ടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.

ആ പുസ്തകം, ഈ വരുന്ന ഒക്ടോബർ 29 വെള്ളിയാഴ്ച 4 PMന്, മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇൻഷാ അല്ലാഹ്

എല്ലാവരുടെയും സഹകരണവും പ്രാർഥനയും പ്രതീക്ഷിക്കുന്നു..

(പുസ്തകത്തിന്റെ പ്രീബുക്കിംഗ് നാളെ മുതൽ ആരംഭിക്കും.)

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം