ആ അമ്മയും മക്കളും ഒരുമിക്കണം

എഡിറ്റോറിയല്‍

പാലക്കാട് കുനിശേരിയില്‍ നവജാതശിശുവിനെ വിറ്റ കേസില്‍ അമ്മയടക്കം അഞ്ചു പേര്‍ അറസ്റ്റിലായെന്ന വാര്‍ത്ത മനുഷ്യത്വമുള്ളവരില്‍ അതീവമായ ആകുലതയ്ക്ക് കാരണമാകണം. ക്രിസ്മസ് ദിനത്തിലെ പെണ്‍കുഞ്ഞിന്റെ പിറവിയില്‍ അമ്മ ബിന്ദുവിന് ആഹ്‌ളാദവും അഭിമാനവും അനുഭവപ്പെടാതിരുന്നത് അവര്‍ അനുഭവിക്കുന്ന കൊടിയ ദാരിദ്ര്യം നിമിത്തമായിരുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്ന നാല് മക്കളുടെ സംരക്ഷണത്തിനുവേണ്ടിയാണ് 1,22,000 രൂപയ്ക്ക് ബിന്ദു അഞ്ചാമത്തെ കുഞ്ഞിനെ വിറ്റത്.

നിയമത്തിനു മുന്നില്‍ വലിയ തെറ്റാണ് ആ സ്ത്രീ ചെയ്തത്. അഭിമാനികള്‍ക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും അമ്മത്തൊട്ടിലിലോ ആരും കാണാത്ത പൊന്തക്കാട്ടിലോ ആ കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അവള്‍ സുരക്ഷിതയാകുമായിരുന്നു. ഇപ്പോള്‍ അവള്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതിയായി ജയിലിലാണ്. ഒരു മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ആ അഞ്ച് കുഞ്ഞുങ്ങളും ശിശുക്ഷേമ സമിതിയുടെ നിര്‍വികാരമായ സംരക്ഷണയിലാണ്. നിയമം അങ്ങനെയാണ്. അത് ശരിയായിരിക്കാം. പക്ഷേ നിയമസംവിധാനങ്ങള്‍ക്ക് വികാരവും മനുഷ്യത്വവും ഉണ്ടാകണം.

നിയമത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ നീതിയുടെ താത്പര്യങ്ങള്‍ വിസ്മരിക്കപ്പെടരുത്. വാണിജ്യാവശ്യത്തിനുവേണ്ടി പ്രസവിക്കുന്ന ശിശുവിപണനക്കാരിയായി ആ അമ്മയെ കാണരുത്. കൈവിട്ടുപോയ അവളുടെ കുഞ്ഞിനുവേണ്ടി ചുരത്തപ്പെടുന്ന പാലില്‍ കണ്ണീരിന്റെ ഉപ്പ് ചേര്‍ക്കരുത്. ആ അമ്മയേയും കുഞ്ഞിനെയും സംയോജിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കേണ്ടത്. കൊട്ടിയൂരിലെ പരിത്യക്തശിശുവിനെ ആ രാത്രിയില്‍ സംരക്ഷിച്ച “കുറ്റ”-ത്തിന് വിചാരണ ചെയ്യപ്പെടുന്ന സിസ്റ്റര്‍ ഒഫീലിയയെ ഈ ഘട്ടത്തില്‍ ഓര്‍മിക്കുന്നു. നിയമം ശരിയാകുമ്പോള്‍ നീതി ശരിയാകുന്നില്ല. പ്രസവം ദരിദ്രര്‍ക്ക് നിഷിദ്ധമാക്കിയിട്ടുമില്ല.

പ്രസവിക്കുന്ന കുഞ്ഞിനെ വളര്‍ത്തുകയെന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. വീഴ്ചയ്ക്ക് കാരണങ്ങള്‍ പലതാണ്. അതിന് പരിഹാരമുണ്ടാക്കുകയെന്ന ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. അമ്മയെ ജയിലിലും കുഞ്ഞിനെ അനാഥാലയത്തിലും അടച്ചാല്‍ തീരുന്നതല്ല ആ ഉത്തരവാദിത്വം. ഇടനിലക്കാരും വാണിഭക്കാരും ശിക്ഷിക്കപ്പെടണം. അമ്മയ്ക്കും കുഞ്ഞിനും വേണ്ടത് സംരക്ഷണമാണ്. പ്രസവിച്ച കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി വിട്ടുവീഴ്ചയ്ക്ക് തയാറായ സ്ത്രീക്ക് അതിനെ നല്‍കിക്കൊണ്ടാണ് സോളമന്റെ നീതി നടപ്പായത്. ദാരിദ്ര്യം കുറ്റമാകുന്ന അവസ്ഥ ദാരിദ്ര്യത്തേക്കാള്‍ ഭീകരമാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ