ഒ രക്തഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ്-19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനം

ഒ രക്തഗ്രൂപ്പ് ഉള്ള ആളുകൾക്ക് കോവിഡ്-19 ന് കാരണമാകുന്ന SARS-CoV-2 വൈറസിൽ നിന്ന് അണുബാധയ്ക്കുള്ള സാദ്ധ്യത കുറവാണെന്ന് പഠനം. രോഗം വരികയാണെങ്കിൽ തന്നെ അവയവങ്ങളുടെ സങ്കീർണതകൾ ഉൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങൾക്കുള്ള സാദ്ധ്യത കുറവാണെന്നും രണ്ട് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ബ്ലഡ് അഡ്വാൻസസ് ജേണലിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനങ്ങൾ, രക്തത്തിന്റെ തരവും കോവിഡ്-19 രോഗബാധയും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുകൾ നൽകുന്നു.

എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

ആദ്യ പഠനത്തിൽ, കോവിഡ്-19 പരിശോധന നടത്തിയ 473,000 വ്യക്തികളുടെ ഡാനിഷ് ആരോഗ്യ രജിസ്ട്രി ഡാറ്റയെ സാധാരണ ജനസംഖ്യയിലെ നിയന്ത്രണ ഗ്രൂപ്പിൽ നിന്നുള്ള 2.2 ദശലക്ഷത്തിലധികം ആളുകളുടെ ഒരു ഡാറ്റയുമായി ഗവേഷകർ താരതമ്യം ചെയ്തു.

കോവിഡ്-19 പോസിറ്റീവായവരിൽ, ഒ രക്തഗ്രൂപ്പ് ഉള്ള ആളുകൾ കുറവായിരുന്നു എന്നാൽ എ, ബി, എബി രക്തഗ്രൂപ്പ് ഉള്ള ആളുകൾ കൂടുതലാണെന്നും കണ്ടെത്തി.

എ, ബി, എബി എന്നീ രക്തമുള്ള ആളുകൾക്ക് കോവിഡ് -19 ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു.

എ, ബി, എബി രക്തഗ്രൂപ്പ് ഉള്ള ആളുകൾ തമ്മിലുള്ള അണുബാധയുടെ തോതിൽ കാര്യമായ വ്യത്യാസമൊന്നും ഗവേഷകർ കണ്ടെത്തിയില്ല.

കാനഡയിൽ നടന്ന മറ്റൊരു മുൻകാല പഠനത്തിൽ, എ അല്ലെങ്കിൽ എബി രക്തഗ്രൂപ്പുകളുള്ള ആളുകൾ ഒ അല്ലെങ്കിൽ ബി രക്തഗ്രൂപ്പുകളുള്ള ആളുകളേക്കാൾ കൂടുതൽ കോവിഡ്-19 രോഗബാധ പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.

ഗുരുതരാവസ്ഥയിലായ 95 കോവിഡ്-19 രോഗികളിൽ നിന്നുള്ള വിവരങ്ങൾ ഗവേഷകർ പരിശോധിച്ചു.

രക്ത ഗ്രൂപ്പുകളായ എ അല്ലെങ്കിൽ എബി രോഗികൾക്ക് മെക്കാനിക്കൽ വെന്റിലേഷൻ ആവശ്യമാണെന്ന് സംഘം കണ്ടെത്തി, കോവിഡ്-19 ശ്വാസകോശത്തെ ബാധിക്കുന്നതിന്റെ തോത് ഈ തരക്കാരിൽ കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു.

വൃക്ക തകരാറിന് ഡയാലിസിസ് ആവശ്യമായ രോഗികൾ കൂടുതൽ ഉള്ളത് രക്തഗ്രൂപ്പ് എ, എബി-യിലാണെന്നും ഗവേഷകർ കണ്ടെത്തി.