ഗെയിമിനോടുള്ള ആക്രാന്തം മാനസീകരോഗം; ചികിത്സ വേണമെന്ന് ലോകാരോഗ്യ സംഘടന

അമിതമായ ഗെയിം ശീലം മാനസീകാരോഗ്യ പ്രശ്‌നമാണെന്ന് ലോകാരോഗ്യ സംഘടന. ഇതിനെ രോഗാവസ്ഥകളുടെ പട്ടികയില്‍ ഉള്‍പെടുത്താനും സംഘടന ആലോചിക്കുന്നുണ്ട്. അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ ഗെയിമിങ് ഡിസോഡര്‍ എന്ന പേരിലാവും രോഗം ഉള്‍പ്പെടുത്തുക.

ദൈനംദിന കാര്യങ്ങളേക്കാളും മറ്റുള്ളവയേക്കാളും പ്രാധാന്യം ഗെയിമുകള്‍ക്ക് നല്‍കുന്നതാണ് രോഗാവസ്ഥയുടെ തുടക്കം. ഡിജിറ്റല്‍ ഗെയിമിങ് ശീലത്തില്‍ നിയന്ത്രണങ്ങളില്ലാതിരിക്കുന്നതും പഠനത്തിലും വ്യക്തി ജീവിതത്തിലും തിരിച്ചടി നേരിട്ടാലും ശീലം നിയന്ത്രിക്കാതിരിക്കുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

12 നും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം ഗെയിമുകളില്‍ കൂടുതലായി ആകൃഷ്ടരാകുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന ഗെയിമുകള്‍ സ്മാര്‍ട്ട് ഫോണുകളുടെ വരവോടെയാണ് കൂടുതല്‍ സജീവമായത്. ഗെയിമുകള്‍ സ്ട്രസ്സ് റിലീസ് എന്നതില്‍ നിന്ന് അപകടകരമായ തലങ്ങളിലേക്കും പോകുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ബ്ലൂവെയില്‍ പോലുള്ള മരണ ഗെയിമുകളുടെ വരവും ഡിജിറ്റല്‍ ഗെയിമുകള്‍ പലതും മാനസിക വൈകല്യത്തിന്റെ തലത്തിലേക്ക് കടക്കുന്നു എന്നതിന്റെ തെളിവാണ്.