നാവില്‍ രോമം വളരുന്ന വിചിത്രരോഗവുമായി മലയാളി; റിപ്പോർട്ട്​ ചെയ്ത്​ അമേരിക്കൻ ജേർണൽ

എറണാകുളത്ത് 50 വയസുകാരന് നാവില്‍ കറുത്ത രോമങ്ങള്‍ വളരുന്ന വിചിത്രരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലിംഗുവ വില്ലോസ നിഗ്ര കറുത്ത രോമമുള്ള നാവ് എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.

നാവില്‍ രോമം വളരുന്നതായി ഇയാള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡെര്‍മറ്റോളജി ക്ലിനിക്കില്‍ ചികിത്സ തേടി. ഇതേ തുടര്‍ന്നാണ് ഇതൊരു രോഗവസ്ഥയാണെന്ന് കണ്ടെത്തിയത്. 20 ദിവസം കൊണ്ടാണ് ഈ അവസ്ഥ ചികിത്സിച്ച് ഭേദമാക്കിയത്.

ഈ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിന് മൂന്ന് മാസം മുമ്പ് ഇയാള്‍ക്ക് പക്ഷാഘാതം സംഭവിക്കുകയും ശരീരത്തിന്റെ ഇടതുഭാഗം തളരുകയും ചെയ്തിരുന്നു. പക്ഷാഘാതം ഉണ്ടായി രണ്ടര മാസം കഴിഞ്ഞപ്പോഴേക്കും നാവില്‍ കറുത്ത പാടുകള്‍ ഉണ്ടാകുകയായിരുന്നു. നാവിന്റെ നടുവിലും പിന്‍ഭാഗത്തും കട്ടിയുള്ള കറുത്ത ആവരണം രൂപപ്പെട്ടു.

നാവിന്റെ പുറം അറ്റങ്ങള്‍, അഗ്രം, നിര്‍ജ്ജീവമായ കേന്ദ്രം എന്നിവിടങ്ങളില്‍ പാടുകള്‍ ഉണ്ടായിരുന്നില്ല. കറുത്ത പാടുകള്‍ക്ക് ഇടയില്‍ ഭക്ഷണത്തിന്റെ അംശങ്ങള്‍ അടിഞ്ഞു കൂടി മഞ്ഞ നിറത്തിലുള്ള വരകളും രൂപപ്പെട്ടിരുന്നു. ഏതെങ്കിലും അസാധാരണ ബാക്ടീരിയയുടെയോ ഫംഗസിന്റെയോ സാന്നിധ്യം ആണോ ഈ അവസ്ഥയ്ക്ക് കാരണം എന്ന് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് കറുത്ത രോമമുള്ള നാവ് എന്ന രോഗമാണിതെന്ന് തിരിച്ചറിഞ്ഞത്.

നാവിന്റെ ഉപരിതലത്തില്‍ കോണ്‍ ആകൃതിയില്‍ ഫിലിഫോം പാപ്പില്ലകള്‍ എന്ന ചെറിയ മുഴകള്‍ ഉണ്ടാകുന്നതാണ് ഈ രോഗത്തിന് കാരണം. ഈ മുഴകള്‍ക്ക് ഒരു മില്ലിമീറ്റര്‍ നീളത്തില്‍ വളരും. നാവിന്റെ മുകള്‍ഭാഗം ബ്രഷ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉരച്ചിലിന് വിധേയമാകാത്ത സാഹചര്യമാണെങ്കില്‍ ഏകദേശം 18 മില്ലിമീറ്റര്‍ നീളത്തില്‍ വരെ ഇവ വളരും.

ഈ അസുഖം സാധാരണയായി നിരുപദ്രവകരവും ഹ്രസ്വകാലവുമാണ്. ലളിതമായ ശുചിത്വ സംവിധാനങ്ങളിലൂടെ ഈ രോഗം വേഗത്തില്‍ ഭേദപ്പെടുത്തി. ശരിയായ ശുദ്ധീകരണ നടപടികളെക്കുറിച്ച് രോഗിക്കും പരിചരിക്കുന്നവര്‍ക്കും ഉപദേശം നല്‍കുകയും ചെയ്തു. രോഗത്തെ കുറിച്ച് ദെ ജേര്‍ണല്‍ ഓഫ് ദെ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.