മദ്യപാനം ഓവറായോ ? ഹാങ് ഓവര്‍ മാറ്റാനുള്ള ചില എളുപ്പ വഴികള്‍

ക്രിസ്മസും പുതുവര്‍ഷവുമൊക്കെ അടുത്തു വരികയാണ്. മലയാളിക്ക് മതിമറന്നുള്ള ആഘോഷത്തിന്റെ നാളുകളും. മലയാളിയെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന് മദ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നായതിനാല്‍ വല്ലപ്പോഴും കുടിക്കുന്നവര്‍ പോലും ഇക്കാലയളവില്‍ മദ്യം രുചിക്കാറുണ്ട്. മദ്യപിക്കുന്നവരെ സംബന്ധിച്ചിടത്തോളം പിന്നീട് ഉണ്ടാകുന്ന ഹാങ് ഓവര്‍ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക.

മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന മന്ദതയാണ് ഹാങ് ഓവര്‍. മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്ത ബാധിക്കുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. നിര്‍ജ്ജലീകരണം, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി, ആലസ്യം, ദാഹം, വയറിളക്കം, അമിത വിയര്‍ക്കല്‍, അടിക്കടിയുള്ള മൂത്രശങ്ക, പ്രകാശം, ശബ്ദം എന്നിവയോടുള്ള അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങള്‍. ഈ ഹാങ് ഓവറില്‍ നിന്ന് മോചിതരാവാന്‍ ചില എളുപ്പ മാര്‍ഗങ്ങളുണ്ട്.

* മദ്യപിക്കാതിരിക്കുക എന്നതാണ് ഏറ്റവും ഉത്തമ മാര്‍ഗം. മദ്യപാനം കുറച്ചു മണിക്കൂറുകളിലേക്ക് സന്തോഷകരമായ ഒരു ലഹരി പകരുമെങ്കിലും അത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക എന്നറിയുക.

* നന്നായി വെള്ളം കുടിക്കുക. മദ്യപാനം ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ഇതാണ് ശരീരത്തിന് അമിത ക്ഷീണം സമ്മാനിക്കുന്നത്. അതിനാല്‍ നന്നായി വെള്ളം കുടിച്ചാല്‍ ഹാങ് ഓവര്‍ എളുപ്പത്തില്‍ വിട്ടുമാറും.

* തേന്‍ സേവിക്കുന്നത് ഹാങ് ഓവര്‍ വിട്ടുമാറുന്നതിന് ഉത്തമ ഉപാധിയാണ്. ഇതിലെ അധികമടങ്ങിയിരിക്കുന്ന പൊട്ടാസിയം ശരീരത്തിന്റെ സന്തുലിതാവസ്ഥ തിരികെ തരാന്‍ പര്യാപ്തമാണ്.

* ഓറഞ്ച് ജ്യൂസ് കുടിക്കുക. വൈറ്റമിന്‍ ധാരാളമടങ്ങിയ ഓറഞ്ച് ജ്യൂസ് ശരീരത്തിലേക്ക് ജലാംശം കൂടുതലായി എത്തിക്കുന്നു. ഛര്‍ദിക്കാനുള്ള ടെന്റന്‍സി ഇല്ലാതാക്കാനും ഇത് സഹായിക്കും.

* കാപ്പി ഇടവിട്ട് കുടിക്കുകന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ സഹായിക്കുന്നു. ഇത് വഴി ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീവിപ്പിച്ച് ഉണര്‍വ്വ് പകരും.

* രാവിലെ ഉണര്‍ന്ന് വ്യായാമം ചെയ്യുക.

*ഹാങ് ഓവര്‍ ഉണ്ടാകാതിരിക്കാന്‍ മദ്യം കഴിക്കുന്നതിന് മുമ്പ് ഏത്തപ്പഴമോ മറ്റ് പഴവര്‍ഗ്ഗങ്ങളോ കഴിക്കുന്നത് നല്ലതാണ്. ഏത്തപ്പഴത്തിലെ പൊട്ടാസ്യവും കാര്‍ബോ ഹൈഡ്രേറ്റും ശരീരത്തിന് ജലാംശം പകരാന്‍ സഹായിക്കും. അതുപോലെ മദ്യപിക്കുന്നതിന് മുമ്പ് കൊഴുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നതും ഹാങ് ഓവറിനെ തടുക്കാന്‍ പര്യാപ്തമാണ്.