പരിശോധന കോവിഡ് തടയില്ല, സാനിറ്റൈസറിനോട് മുഖം തിരിച്ച് കേരളം !

ഇന്ത്യയിൽ കോവിഡ് ദിനംപ്രതി വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും അതീവശ്രദ്ധ ചെലുത്താൻ സർക്കാർ. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏപ്രിൽ 11 മുതൽ 28 വരെ ന്യുസിലാൻഡ് വിലക്കേർപ്പെടുത്തിയത് ലോകം എങ്ങനെ ഇന്ത്യയിലെ സാഹചര്യങ്ങളെ ഗൗരവമായി കാണുന്നു എന്നതിന് തെളിവാണ്.

കോവിഡ് പരിശോധനകൾ ഏറ്റവും ഫലപ്രദമായി നടക്കുന്ന സംസ്ഥാനം കേരളമാണ്. മാസ്ക് വേണ്ടവണ്ണം ധരിക്കുന്നതിലും നല്ലൊരു ശതമാനം പേർ സഹകരിക്കുന്നുണ്ട്. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പിഴ ചുമത്താനും പൊലീസിന് നിർദ്ദേശമുണ്ട്.

ഇതൊക്കെയുണ്ടെങ്കിലും സാനിറ്റൈസർ ഉപയോഗത്തിലെ വീഴ്ച പലയിടങ്ങളിലും ദൃശ്യമാണ്. അത് എത്ര സെക്കന്റു കൊണ്ട്എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ  ബോധവത്കരണം നടന്നിട്ടും പല വാഹനങ്ങളിൽ കയറി രാപ്പകൽ നഗരത്തിൽ സഞ്ചരിക്കുന്ന ആയിരങ്ങളിൽ എത്രപേർ രണ്ടോ മൂന്നോ  മണിക്കൂറിനുള്ളിൽ സാനിറ്റൈസർ ഉപയോഗിക്കുകയോ കൈ കഴുകുകയോ ചെയ്തിട്ടുണ്ട് എന്ന് പരിശോധിച്ചാൽ വലിയൊരാപകടം നമ്മളെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല എന്നത് ബോദ്ധ്യമാകുമെന്ന് വിദഗ്ദ്ധർ  മുന്നറിയിപ്പു നല്കുന്നു.

വളരെ ശ്രദ്ധയുള്ളവർ പോക്കറ്റിലോ ബാഗിലോ സാനിറ്റൈസർ കൊണ്ടുനടക്കാറുണ്ട്. അതാകട്ടെ വളരെ ചെറിയൊരു ശതമാനമാണ്. ശ്രദ്ധയുള്ളവർ പോലും പോക്കറ്റിൽ ഇത് കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് ഉപേക്ഷ വിചാരിക്കുന്നു. മാസ്ക് വെച്ചിട്ടുണ്ടല്ലോ എന്നതാണ് അവരുടെ ധൈര്യം. പക്ഷെ അവർ കൈകൊണ്ട് എവിടെയൊക്കെ തൊടുന്നോ അവിടെ എവിടെനിന്നും വൈറസ് ബാധയുണ്ടാകാം. ഇതിന് ഏറ്റവും സാദ്ധ്യത ബസുകളിലാണ്.

ഇത്രയധികം ബോധവത്കരണം നടത്തിയിട്ടും ബസ് സ്റ്റോപ്പുകളിലോ ബസ്സിനുള്ളിലോ സാനിറ്റൈസർ ഇല്ല, എന്തിന് നഗരത്തിന്റെ  പ്രധാനമുഖമായ മെട്രോ സ്റ്റേഷനുകളില്‍ പോലുമില്ല എന്നത് അതിശയകരമാണ്. ശരീരതാപമറിയാനുള്ള ഡിവൈസ് മാത്രമാണ് മെട്രോസ്റ്റേഷനുകളിലെ ഒരേയൊരു സുരക്ഷാക്രമീകരണം. എത്ര തിരക്കുപിടിച്ച യാത്രയാണെങ്കിലും സാനിറ്റൈസർ കണ്ടാൽ ഉപയോഗിക്കും എന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ പൊതുഇടങ്ങളിൽ ഈ ആവശ്യവസ്തു  അപൂർവ്വമായേ ലഭ്യമാകുന്നുള്ളൂ. വ്യാപാരസ്ഥാപനങ്ങളുടെ മുൻപിൽ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ല.

Read more

കോവിഡ് പരിശോധന കൊണ്ട് രോഗബാധിതരെ തിരിച്ചറിയാൻ മാതമേ കഴിയൂ, തടയാനാകില്ല. അതിനാവശ്യം പൊതുസ്ഥലങ്ങളിൽ മാസ്ക് നിർന്ധമാക്കിയതു പോലെ ഓരോ ബസ് സ്റ്റോപ്പിലും ബസ്സുകളിലും സാനിറ്റൈസർ സ്ഥാപിക്കുകയാണ്. അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന സാധനം ഓരോരുത്തർ സ്വയം വാങ്ങി ഉപയോഗിക്കട്ടെ എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ഈ രണ്ടാംവരവിൽ ഏറ്റവും കെടുതി അനുഭവിക്കാൻ പോകുന്നത് ഏറ്റവും ജനസാന്ദ്രതയേറിയ കേരളമായിരിക്കും. യാത്രക്കാർ പ്രതികരിച്ചു.