കഞ്ചാവ് കോവിഡ് തടയുമെന്ന് കണ്ടെത്തൽ !

കഞ്ചാവ് ചെടിയില്‍ അടങ്ങിയ കന്നാബിഡിയോൾ (C21H30O2) ശ്വാസകോശത്തില്‍ എത്തിച്ചേരുന്ന കൊറോണ വൈറസിനെ തടയുമെന്ന് പഠനം.

ചിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫസറായ
ഡോ. മാർഷാ റോസ്‌നറും സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് കന്നാബിഡിയോളും ( CBD ) അതിന്റെ പരിണിതരൂപമായ 7- OH-CBD യും കോവിഡ് ബാധയ്ക്ക് കാരണമായ SARS-CoV-2 വിന്റെ ശാസകോശത്തിലെ എപ്പിത്തീലിയൽ കോശങ്ങളിലെ പടർച്ചയെ ഫലപ്രദമായി തടയുന്നതായി കണ്ടെത്തിയത്. കഞ്ചാവ് ഉപയോഗിക്കാത്തവരിലും ഉപയോഗിക്കുന്നവരിലുമാണ് പഠനം നടന്നത്. ആദ്യ വിഭാഗത്തിന്റെ രോഗസാദ്ധ്യത 12.2 % രേഖപ്പെടുത്തിയപ്പോൾ രണ്ടാമത്തെ വിഭാഗത്തിന്റേത് 1.2 % മാത്രമായിരുന്നു !

മനുഷ്യന്റെ ജീനുകളിൽ വൈറസ് ജീനുകൾ ഇടപെടുന്നതിനെ തടയുകയാണ് ഈ സംയുക്തം ചെയ്യുന്നത്. കൂടാതെ വൈറസ് ആക്രമിക്കാനൊരുങ്ങുമ്പോൾ ശരീരം പ്രതിരോധമായി സൃഷ്ടിക്കുന്ന ഇന്റർഫെറോണുകൾ എന്ന ഒരിനം പ്രോട്ടീനുകളെ ഇത് പ്രേരിപ്പിക്കുന്നതാണെന്നും ഇക്കാരണത്താൽ കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഉപയോഗിക്കാത്തതിനെക്കാൾ രോഗസാദ്ധ്യത കുറവാണെന്നും പറയുന്നു.

കൊറോണാ വൈറസിനെ പെരുകാൻ സഹായിക്കുന്ന അതിന്റെ മെയിൻ പ്രോട്ടീസ് (Mpro) എന്ന എൻസൈമിലും പോളി പ്രോട്ടീസിലും (PLpro)  കന്നാബിഡിയോളിന്റെ പ്രവർത്തനം ആദ്യം നിരീക്ഷിച്ചപ്പോൾ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ശ്വാസകോശ സെല്ലുകളിലേക്ക് പഠനം മാറ്റി. അങ്ങനെയാണ് ഇരയുടെ കോശങ്ങളെ ഉദ്ദീപിപ്പിച്ചാണ് വൈറസിനെ പ്രതിരോധിക്കുന്നത് എന്ന കണ്ടെത്തലിലേക്കെത്താൻ പഠനസംഘത്തിനു സാധിച്ചത്. കന്നാബിഡിയോൾ സംയുക്തം വൈറസിന്റെ RNA പ്രവർത്തനത്തെ തടയുന്നതിനും ഇരയുടെ ശ്വാസകോശ സെല്ലുകളിലേക്ക് നുഴഞ്ഞകയറാൻ അതിനെ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളെ നീക്കം ചെയ്യുന്നതിനും ഇന്റർ ഫെറോണുകളെ സഹായിക്കുന്നത്രെ.

കഞ്ചാവിലടങ്ങിയ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) എന്ന വസ്തു ആസ്പിരിനേക്കാൾ മുപ്പത്തിരട്ടി ഫലം ചെയ്യുന്ന വേദനാസംഹാരിയാണെന്ന് ഇസ്രായേലി മെഡ്-ടെക്ക് കമ്പനിയായ സൈക്ക് മെഡിക്കൽ (Syqe Medical) 2020 ജൂണിൽ യൂറോപ്യൻ ജേർണൽ ഓഫ് പെയ്‌നിൽ പ്രസിദ്ധീകരിച്ച അവരുടെ പഠനറിപ്പോർട്ടിൽ പറഞ്ഞിരുന്നു. യു എസ്സിലെ അലാസ്ക, മെയ്ൻ, കൊളറാഡോ, കാലിഫോർണിയ, വാഷിംഗ്‌ടൺ, ഒറിഗോൺ, മസാച്യുസെറ്റ്സ്, വെർമോണ്ട്, മിഷിഗൺ, നെവേദ, കൊളംബിയ എന്നീ പ്രവിശ്യകളിൽ കഞ്ചാവ് നിയമപരമായി അനുവദനീയമാണ്. കാനഡ 2018-ലാണ് അനുവദനീയമാക്കിയത്. എന്നാലിത് ക്രിമിനലുകൾ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത, കുട്ടികളുടെ കൈയിലെത്തി ചേർന്നാലുള്ള കുഴപ്പങ്ങൾ ഇവയെക്കുറിച്ചും എതിർ ശബ്ദങ്ങളുയർന്നിരുന്നു.