നിര്‍ദ്ധനരായ കുട്ടികളുടെ കരള്‍ ചികിത്സ; കൈത്താങ്ങുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്

കരള്‍ രോഗബാധിതരായ നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ചികിത്സ സഹായവുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്. നിര്‍ദ്ധനരായ കുട്ടികളുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും തുടര്‍ പരിചരണവും സൗജന്യമായും സബ്‌സിഡി നിരക്കിലും ചെയ്തു നല്‍കും. ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നീ ആശുപത്രികളിലായിരിക്കും ശസ്ത്രക്രിയ നടത്തുക.

ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രാന്‍സ്പ്ലാന്റേഷന്‍ രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഉദ്യമമായ ‘പീപ്പിള്‍ ഹെല്‍പ്പിംഗ് പീപ്പിള്‍’ എന്നിവയോടൊപ്പം ബോളിവുഡ് നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദും ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ ഈ ഉദ്യമവുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ക്രൗഡ് ഫണ്ടിംഗ് ലഭിക്കുന്നതിനാവശ്യമായ സഹായങ്ങളും, പ്രത്യേക ഇളവുകളും ലഭ്യമാക്കും.

അനുയോജ്യരായ അവയവ ദാതാക്കളുടെ ലഭ്യതക്കുറവാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വൈകുന്നതിലെ പ്രധാന കാരണം. ഭീമമായ ചികിത്സ ചിലവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരെ വിഷമത്തിലാക്കുന്നു. ഇതു കണക്കിലെടുത്താണ് ദാതാക്കളെ കണ്ടെത്തുന്നത് മുതല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണം വരെയുള്ള ഘട്ടങ്ങളില്‍ പിന്തുണയ്ക്കാന്‍ ലിവര്‍ കെയര്‍ പദ്ധതിക്ക് ആസ്റ്റര്‍ വോളന്റിയേഴ്സ് രൂപം നല്‍കിയത്. കുട്ടികളുടെ കരള്‍ മാറ്റല്‍ ശസ്ത്രക്രിയക്ക് സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് 8113078000, 9656000601, 7025767676 എന്നീ വാട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടാം. അപേക്ഷകരില്‍ നിന്ന് ഏറ്റവും അര്‍ഹരായവര്‍ക്ക് ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ചികിത്സ സഹായം ഉറപ്പാക്കും.

കരള്‍ മാറ്റിവയ്ക്കല്‍ പോലുള്ള ജീവന്‍രക്ഷാ ചികിത്സകളുടെ ചിലവ് മൂലം നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികളുടെ ജീവന്‍ അപകടത്തിലാകരുതെന്ന ചിന്തയാണ് ക്യാമ്പയിനിലേക്ക് ആസറ്ററിനെ നയിച്ചതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ സോനു സൂദിനെ പോലെയൊരു താരം കൈക്കോര്‍ത്തത് ലിവര്‍ കെയര്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇരട്ടി ഊര്‍ജ്ജം നല്‍കി. കരള്‍ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിലും, കരള്‍ രോഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കാനും സോനു സൂദിന്റെ സഹകരണം ഏറെ ഗുണകരമാണെന്നും ഫര്‍ഹാന്‍ യാസിന്‍ വ്യക്തമാക്കി.

അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ലിവര്‍ കെയര്‍ പദ്ധതിയെന്ന് ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍, ഹെപ്പറ്റോ ബിലിയറി സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യൂ ജേക്കബ് പറഞ്ഞു. കരള്‍ രോഗം മൂലം ഓരോ വര്‍ഷവും ശരാശരി രണ്ട് ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടമാകുന്നത്. അതില്‍ 10 ശതമാനവും കുട്ടികള്‍. എന്നാല്‍ ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം വരെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ മാത്രമേ രാജ്യത്ത് ഓരോ വര്‍ഷവും നടക്കുന്നുള്ളൂ എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. അനുയോജ്യരായ ദാതാക്കളുടെ ലഭ്യതക്കുറവ് പോലെ തന്നെ ഉയര്‍ന്ന ചികിത്സ ചിലവ് താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് അതിന് കാരണം. ഈ സ്ഥിതിക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ചുവടുവയ്പ്പാണ് ആസ്റ്റര്‍ വോളന്റിയേഴ്സ് നേതൃത്വത്തില്‍ നടത്തുന്നതെന്നും ഡോ. മാത്യൂ ജേക്കബ് ചൂണ്ടിക്കാട്ടി.

Read more

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.