തമിഴ്നാട്ടില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ജിസിസിയിലെയും, ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ തമിഴ്നാട്ടില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ആസ്റ്ററും തമിഴ്നാട് സര്‍ക്കാരും ഒപ്പുവെച്ചു. ദുബായ് സന്ദര്‍ശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

സംസ്ഥാനത്ത് ആശുപത്രികള്‍, ഫാര്‍മസികള്‍, ലാബുകള്‍ എന്നിവ ആരംഭിക്കാനാണ് നിക്ഷേപം നടത്തുക. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ന്യായമായ നിരക്കില്‍ ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കാനും, 3500-ലധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും. ആസ്റ്ററിന്റെ ഈ ഉദ്യമത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കി. മറ്റ് ദക്ഷിണേന്ത്യന്‍് സംസ്ഥാനങ്ങളിലേക്കും ആസ്റ്ററിന്റെ സേവനം വ്യാപിപ്പിക്കാന്‍ ഇത് സഹായകമാകും.

ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ആസ്റ്ററിന് പ്രബലമായ സാന്നിധ്യമാണുള്ളത്. രാജ്യത്ത് സ്ഥാപനത്തിന്റെ നിലവിലെ നിക്ഷേപം ഏകദേശം 3000 കോടി രൂപയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ലാബ് ആരംഭിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി സഹകരിക്കുമെന്ന് ആസ്റ്റര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു.