Thursday, 13 August 2026
‘Honest storytelling is a powerful means of change
05:17:24 PM IST
Voices

സ്വകാര്യ ഭൂമിയിലെ ജോലികൾ അവസാനിക്കുന്നു; തൊഴിലുറപ്പ് പദ്ധതിക്ക് പകരം ‘വിബിജി റാം’ — ഗ്രാമീണ തൊഴിൽ പദ്ധതിയിൽ വൻ മാറ്റങ്ങൾ

മിനി മോഹൻ 7 July 2026, 1:45 pm
SHARE

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGS) പകരമായി കേന്ദ്രസർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന പുതിയ ‘വിബിജി റാം’ (VBG RAM) പദ്ധതിയുടെ കരട് മാർഗനിർദേശങ്ങൾ കേരളത്തെയും ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് കൈമാറി. പദ്ധതിയുടെ പ്രവർത്തനരീതിയിലും ധനസഹായ ഘടനയിലും മുൻ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് വ്യത്യസ്തമായ നിരവധി മാറ്റങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.

കേരളത്തിൽ നിലവിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രതിദിനം 401 രൂപ വേതനമാണ് ലഭിക്കുന്നത്. പുതിയ പദ്ധതിയിൽ വർഷത്തിൽ ലഭിക്കുന്ന തൊഴിൽദിനങ്ങൾ 100ൽ നിന്ന് 125 ദിവസമായി ഉയർത്തുന്ന നിർദേശമുണ്ട്. എന്നാൽ ധനസഹായ ഘടനയിൽ വലിയ മാറ്റമാണ് വരുന്നത്. ഇതുവരെ തൊഴിലാളികളുടെ കൂലി ചെലവ് 100 ശതമാനവും കേന്ദ്രസർക്കാർ വഹിച്ചിരുന്നെങ്കിൽ, പുതിയ പദ്ധതിയിൽ അത് 60 ശതമാനമായി കുറയ്ക്കാനാണ് നിർദേശം. ശേഷിക്കുന്ന വിഹിതം സംസ്ഥാനങ്ങൾ കണ്ടെത്തേണ്ടി വരും.

ഏറ്റവും ശ്രദ്ധേയമായ മാറ്റം സ്വകാര്യ ഭൂമികളിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ്. നിലവിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിക്കുന്ന ചെറുകിട കർഷകരുടെയും മറ്റ് അർഹരായ വ്യക്തികളുടെയും സ്വകാര്യ കൃഷിഭൂമിയിൽ നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ, മണ്ണ് സംരക്ഷണം തുടങ്ങിയ ഭൂവികസന പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നു. പുതിയ വിബിജി റാം പദ്ധതിയിൽ ഇത്തരം സ്വകാര്യ ഭൂവികസന പ്രവർത്തനങ്ങൾ ഒഴിവാക്കും. സ്വകാര്യ ഭൂമിയിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കൂ. അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള കേന്ദ്രഭവന പദ്ധതികളുടെ ഭാഗമായി വീടുനിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടർന്നും നടത്താനാകും.

പുതിയ പദ്ധതിയുടെ ഭാഗമായി 318 തരത്തിലുള്ള പ്രവൃത്തികളുടെ കരട് പട്ടിക സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഇവ പ്രധാനമായും ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ നാല് മേഖലകളിലായിരിക്കും.

അങ്കണവാടികൾ, ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾ, പൊതുവിശ്രമ പന്തലുകൾ, സർക്കാർ സ്കൂളുകൾ എന്നിവിടങ്ങളിൽ ചുറ്റുമതിൽ, ശുചിമുറി നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കനാലുകളും ഓവുചാലുകളും വൃത്തിയാക്കൽ, ചെറുതടയണകൾ, നീർത്തടങ്ങൾ, മഴക്കുഴികൾ, മണ്ണിടിച്ചിൽ തടയുന്നതിനുള്ള സംരക്ഷണഭിത്തികൾ, കുഴൽക്കിണർ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവൽക്കരണം, കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ, ഗ്രാമീണ റോഡ് നിർമ്മാണം എന്നിവയ്ക്കും പദ്ധതിയിൽ പ്രാധാന്യം നൽകുന്നു. മാലിന്യസംസ്കരണത്തിലൂടെ വരുമാനം സൃഷ്ടിക്കുന്ന പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ സ്വഭാവം സ്വകാര്യ കൃഷിഭൂമികളിലെ തൊഴിൽസഹായത്തിൽ നിന്ന് പൊതുസമൂഹത്തിന് ദീർഘകാല പ്രയോജനം നൽകുന്ന പൊതുമുതൽ സൃഷ്ടിക്കുന്ന പദ്ധതികളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നാണ് കരട് രേഖകൾ സൂചിപ്പിക്കുന്നത്.

എന്നാൽ സ്വകാര്യ ഭൂമിയിലെ ഭൂവികസന ജോലികൾ ഒഴിവാക്കുന്നത് ചെറുകിട കർഷകരെ എങ്ങനെ ബാധിക്കും, സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത എത്രത്തോളം ഉണ്ടാകും, 125 തൊഴിൽദിനം യാഥാർഥ്യത്തിൽ എങ്ങനെ നടപ്പാക്കും തുടങ്ങിയ ചോദ്യങ്ങൾ ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും പുതിയ പദ്ധതിയുടെ അന്തിമ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കുക.

Read More
s
മിനി മോഹൻ
View all posts →