Sunday, 9 August 2026
‘Honest storytelling is a powerful means of change
04:03:52 AM IST
#Trending

‘എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്! നമ്മുടെ ഇന്ത്യന്‍ പതാകയിലാണ് എനിക്കത് ഏറ്റവും കൂടുതല്‍ ഇഷ്ടം’; എവിടെയും തൊടാതെ ബാലൻസ് ചെയ്ത് പ്രതികരണം; പേർളി മാണിയുടെ പോസ്റ്റിനെതിരെ വ്യാപക വിമർശനം

SHARE

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കുവെച്ച അഭിപ്രായവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ളുവൻസറുമായ പേളി മാണി പങ്കുവെച്ച പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നു. എവിടെയും തൊടാതെ, ബാലൻസ് ചെയ്താണ് പേളി പ്രതികരിച്ചതെന്നാണ് പലരും വിമാഷിക്കുന്നത്. ഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്നവരെ പേളി ബ്ലോക്ക് ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്.

“കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. ‍ നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേൽക്കാതെ നോക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കിൽ, അവിടെ നിന്ന് മടങ്ങിപ്പോവുക. ഒരു ലക്ഷ്യവും ഒരു ജീവനെക്കാൾ വലുതല്ല. ഓരോ വിദ്യാർത്ഥിയും പലരുടെയും മകനോ മകളോ ആണ്. പലരുടെയും സ്വപ്നമാണ്. പലരുടെയും ലോകമാണ്. സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് വേണ്ടതെന്ന് മറ്റു പലരെയും പോലെ ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടണം. സമാധാനപരമായി സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം.

അതോടൊപ്പം തന്നെ, ഈ പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞു പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു ജനകീയ പ്രസ്ഥാനവും ഇത്രയും വലുതാകുമ്പോൾ, വികാരങ്ങൾ ആഞ്ഞടിക്കും, വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നുവരും, വിഷയം കൂടുതൽ സങ്കീർണമാകാം. എന്നാൽ ശ്രദ്ധ എപ്പോഴും വിദ്യാർഥികളിലും, അവർ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്ന ഭാവിയിലും തന്നെ നിലനിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമാധാനപരമായ ആശയപ്രകടനത്തിനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അക്രമത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല.

ഒരു ജനകീയ മുന്നേറ്റത്തെ ചരിത്രം ഓർമിക്കുന്നത് അത് എന്തുകൊണ്ട് തുടങ്ങി എന്നതുകൊണ്ടു മാത്രമല്ല, അത് എങ്ങനെ മുന്നോട്ടുപോയി എന്നതുകൊണ്ടു കൂടിയാണ്. വർഷങ്ങൾക്കുശേഷം നാം തിരിഞ്ഞുനോക്കുമ്പോൾ വേദനയോ ഭയമോ ഭിന്നതയോ അല്ല, മറിച്ച് ധൈര്യവും അനുകമ്പയും അർഥവത്തായ മാറ്റങ്ങളും കൂടുതൽ ശക്‌തമായ ഒരു ഇന്ത്യയെ വാർത്തെടുക്കാൻ സഹായിച്ച ഒരു തലമുറയെയുമാണ് നാം ഓർക്കേണ്ടത്.

ഒടുവിൽ… പലരും ഞാൻ എൻ്റെ അഭിപ്രായം പങ്കുവെക്കണമെന്ന് ആഗ്രഹിച്ചു. ചിലരെന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ മറ്റുള്ളവർ എൻ്റെ മൗനത്തെ ചോദ്യം ചെയ്തു. രണ്ട കൂട്ടരെയും ഞാൻ മനസ്സിലാക്കുന്നു. എന്റെ വാക്കുകൾ ഒരുപാട് ആളുകളിലേക്ക് എത്തുന്ന ഒന്നായതുകൊണ്ട് തന്നെ, ഇങ്ങനെയുള്ള സമയങ്ങളിൽ വളരെ ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും എന്നോട് യോജിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇത് തികച്ചും എൻ്റെ വ്യക്‌തിപരമായ അഭിപ്രായമാണ് -സത്യസന്ധതയോടും ബഹുമാനത്തോടും പ്രതീക്ഷയോടും കൂടി പങ്കുവയ്ക്കുന്നത് മാത്രം. എല്ലാറ്റിനും ഉപരിയായി, ഞാൻ സമാധാനത്തിനായി പ്രാർഥിക്കുന്നു. ഓരോ വിദ്യാർഥിയുടെയും ഓരോ ഉദ്യോഗസ്‌ഥന്റെയും ഓരോ പൗരന്റെയും സുരക്ഷയ്ക്കായി ഞാൻ പ്രാർഥിക്കുന്നു.

വിവേകം നമ്മെ നയിക്കട്ടെ, അനുകമ്പ നമ്മെ ഒന്നാക്കട്ടെ. ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സമത്വവും സ്വ‌പ്നം കാണാനുള്ള സ്വാതന്ത്ര്യവുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കട്ടെ. പിന്നെ ഒരവസാന കാര്യം കുടി… ഇന്ന് എനിക്കറിയാവുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളാണിത്. നാളെ പുതിയ വസ്തുതകൾ പുറത്തുവരികയാണെങ്കിൽ, കാര്യങ്ങൾ പഠിക്കാനും സ്വയം ചിന്തിക്കാനും എന്റെ അഭിപ്രായം മാറ്റാനും ഞാൻ ഒരിക്കലും മടിക്കില്ല. അതിനെ ഞാൻ എൻ്റെ ബലഹീനതയായി കാണുന്നില്ല, മറിച്ച് വളർച്ചയായും ഉത്തരവാദിത്തമായുമാണ് കാണുന്നത്.

അതുകൊണ്ട് എൻ്റെ അഭിപ്രായം ഉൾപ്പെടെ ആരുടെയും അഭിപ്രായങ്ങളെ അന്തിമ സത്യമായി എടുക്കരുത്. വായിക്കുക. കേൾക്കുക. ചോദ്യങ്ങൾ ചോദിക്കുക. വിവരങ്ങൾ അറിഞ്ഞിരിക്കുക. വിമർശനാത്മകമായി ചിന്തിക്കുക. ഏറ്റവും പ്രധാനമായി, സ്വന്തമായി തീരുമാനങ്ങളെടുക്കുക. ‘നിങ്ങൾ’ മാത്രമായിരിക്കട്ടെ നിങ്ങളുടെ ഒരേയൊരു സ്വാധീന ശക്തി.

വ്യക്ത‌മായ അറിവുള്ളവരും അനുകമ്പയുള്ളവരും മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുൻപ് കേൾക്കാൻ തയാറുള്ളവരുമായ ആളുകളാണ് ഒരു ശക്തമായ രാജ്യത്തെ കെട്ടിപ്പടുക്കുന്നത്. അങ്ങനെയൊരു ഇന്ത്യയ്ക്കായി ഞാൻ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കും. എല്ലാവർക്കും സമാധാനവും സ്നേഹവും സംഗീതവും നേരുന്നു’ എന്നാണ് പേളി മാണി കുറിച്ചത്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്‌ഥാപിക്കാൻ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പ്രസ്താവന പേളി മാണി സ്‌റ്റാറ്റസ് ആക്കിയെങ്കിലും ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ ആ സ്‌റ്റാറ്റസ് ഡിലീറ്റ് ചെയ്‌ത പേളി കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്‌റ്റാറ്റസ് ഇട്ടു. ഇതോടെ പേളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയരുകയായിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →