വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തതാര്, സഭയിൽ അമിത് ഷായെ വെല്ലുവിളിച്ച് രാഹുൽ; പ്രതിരോധത്തിലായി ഭരണപക്ഷം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പാര്‍ലമെന്‍റില്‍ വന്നിരിക്കാന്‍ ഭയമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 30 കാറുകളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന ആഭ്യന്തരമന്ത്രി കാറിലിരുന്ന് വിറയ്ക്കുകയാണെന്നും, വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് അദ്ദേഹമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ലോക്‌സഭയിൽ അമിത് ഷായുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ രൂക്ഷവിമർശനം.
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിന് നേരെ ഡൽഹി പോലീസും കേന്ദ്രസേനയും പെല്ലറ്റ് ഗൺ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിന് ഉത്തരവിട്ടത് ആരാണെന്ന് ചോദിച്ച് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പാർലമെന്റിലും പ്രതിപക്ഷം വിഷയം ശക്തമായി ഉന്നയിച്ചത്. സഭയിൽ ആഭ്യന്തര മന്ത്രി എവിടെയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ സഭാ നടപടികൾ 12 മണിവരെ നിർത്തിവെക്കേണ്ടി വന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രാഹുൽ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധി മാപ്പ് പറയില്ലെന്നും, ഡൽഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് വരുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. ആരോപണം തെറ്റാണെങ്കിൽ അമിത് ഷാ പാർലമെന്റിലെത്തി നേരിട്ട് മറുപടി നൽകട്ടെ എന്നും, വിദ്യാർത്ഥികളോടാണ് സർക്കാർ മാപ്പ് പറയേണ്ടതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
നീറ്റ് പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് അതിക്രമവും അമിത് ഷായുടെ സഭയിലെ അസാന്നിധ്യവും വരും ദിവസങ്ങളിലും പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോരിന് കൂടുതൽ കരുത്തുപകരുമെന്നാണ് സൂചന.
ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മുൻ മന്ത്രി ശിവൻകുട്ടിയുടെ ഗൺമാന് സസ്പെൻഷൻ
‘ഗൂഢാലോചനയ്ക്ക് തെളിവില്ല, അറസ്റ്റ് രാഷ്ട്രീയപ്രേരിതം’; സ്വർണക്കൊള്ള കേസിൽ ജാമ്യാപേക്ഷ നൽകി പി.എസ് പ്രശാന്തും എ. അജികുമാറും