Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:09:29 PM IST
National

രാഹുൽഗാന്ധിക്കൊപ്പം ബോട്ടിൽ യാത്ര ചെയ്‌ത സ്ത്രീയും കുട്ടിയും ആര്? വ്യക്തത വരുത്തി കോൺഗ്രസ്, ഗിരിരാജ് സിംഗ് നല്ലൊരു ഡോക്ട‌റെ കാണണമെന്ന് വിമർശനം

ന്യൂസ് ഡെസ്ക് 12 August 2026, 5:02 pm
SHARE

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കൊപ്പം ബോട്ടിൽ യാത്ര ചെയ്‌ത സ്ത്രീയും കുട്ടിയും ആരെന്ന് വ്യക്തമാക്കി കോൺഗ്രസ്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പങ്കുവെച്ച ചിത്രം കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ഇതിനെ ചൊല്ലി ഉണ്ടായത്. രാഹുൽ ഗാന്ധിയ്ക്കൊപ്പം യാത്രചെയ്യുന്ന സ്ത്രീയും കുട്ടിയും ആരാണെന്ന് ചോദിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം ചർച്ചയായത്.

ചിത്രം എവിടെവച്ചാണ് എടുത്തതെന്നും എവിടെനിന്നുള്ള ചിത്രമാണെന്നും വ്യക്തമാക്കണമെന്ന് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടിരുന്നു. ഗിരിരാജ് സിംഗ് പങ്കുവച്ച ചിത്രം രാഹുൽഗാന്ധിയുടെ ഏറ്റവും ഒടുവിലത്തെ വിദേശയാത്രയ്ക്കിടെ എടുത്തതാണെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകളിൽ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ചിത്രത്തിലുള്ള സ്ത്രീയും കുട്ടിയും രാഹുൽ ഗാന്ധിയുടെ സുഹൃത്തിൻ്റെ ഭാര്യയും മകനുമാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. അവർ കുടുംബത്തോടൊപ്പം അവധിക്കാല യാത്രയിലായിരുന്നുവെന്നും സുഹൃത്ത് ചിത്രത്തിലില്ല എന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ വ്യക്തമാക്കി.

അതേസമയം ഗിരിരാജ് സിംഗിനെതിരെയും സുപ്രിയ രംഗത്തെത്തി. സ്ത്രീയും പുരുഷനും ഒന്നിച്ചുള്ള ചിത്രം കണ്ടാൽ മോശം ചിന്തകൾ മാത്രമാണ് ഗിരിരാജ് സിംഗിൻ്റെ മനസിലേക്ക് വരുന്നതെന്ന് സുപ്രിയ വിമർശിച്ചു. ഈ ചിത്രം ടെക്‌സസിലെ ലേക്ക് റേ റോബർട്സിൽനിന്ന് എടുത്തതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള അവി ദണ്ഡിയ പറഞ്ഞു. മുൻ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീനിവാസ് ബിവിയും ഗിരിരാജ് സിംഗിനെ വിമർശിച്ചു. പ്രായമായപ്പോൾ അമിതമായ കൗതുകം നല്ലതല്ല, നല്ലൊരു ഡോക്ട‌റെ സമീപിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

s
ന്യൂസ് ഡെസ്ക്
View all posts →