സിയോണിസ്റ്റുകൾ മറക്കുന്നത് സ്വന്തം ചരിത്രത്തെയാണ് 

മനാഷ്  ഫിറാഖ് ഭട്ടാചാർജി

“അറബ് രാജ്യങ്ങൾക്കിടയിൽ യഹൂദരെ വസിപ്പിക്കുന്നത് മനുഷ്യവിരുദ്ധമാണ്.
അവസാനിച്ച യുദ്ധം കൊടുത്ത അംഗീകരത്തിനപ്പുറത്ത് ഇതിന് നിയമസാധുത ഇല്ല.”

മഹാത്മാ ഗാന്ധി, ഹരിജൻ, നവംബർ 26, 1938 

ഇസ്രായേൽ വീണ്ടും അന്താരാഷ്ട്ര നീതിയെ മറന്നുകൊണ്ടും പലസ്തീൻ ജനതയ്ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടും ആക്രമണം നടത്തുകയാണ്. പലസ്തീനികൾ മരണമടഞ്ഞവരുടെ പേരുകൾക്കിടയിൽ  തങ്ങളുടെ ഉറ്റവരുടെ പേരുകൾ തിരയുമ്പോൾ അൽ-അക്സയിൽ ഒരു വൃക്ഷത്തിന് തീ പിടിച്ചപ്പോൾ
യുവ സിയോണിസ്റ്റുകൾ അതിനുചുറ്റും നൃത്തം ചെയ്തു പാടി ” യിമാഷ് ഷെമാം”. അവരുടെ പേരുകൾ മായ്ക്കപ്പെടട്ടെ എന്നാണതിന്റെ അർത്ഥം. (ജൂത)കൂട്ടക്കൊലയുടെ ചരിത്രത്തെക്കുറിച്ച് പറയാൻ അർഹരല്ലാത്തവർക്കു മാത്രമേ
ഇത്തരം വാക്കുകൾ പറയാൻ കഴിയുകയുള്ളൂ. സ്വന്തം ചരിത്രവുമായുള്ള ബന്ധമാണവർ വിച്ഛേദിക്കുന്നത്.  “നഖബ” എന്നറിയപ്പെടുന്ന ദുരന്തദിനം 1948 മെയ് 4 ആയിരുന്നു, അവർ പലസ്തീനിൽ വന്നിറങ്ങുകയും തദ്ദേശവാസികളെ  വീടുകളിൽ നിന്നും ആട്ടിപ്പായിക്കുകയും സ്വന്തം രാജ്യത്ത് അഭയാർത്ഥികളാക്കുകയും ചെയ്യുന്നതിന് ആരംഭം കുറിച്ചത് അന്നായിരുന്നു. എഴുപതു കൊല്ലങ്ങൾക്കു മുൻപുള്ള ആ നശിച്ച ദിനമാണ് ആയിരക്കണക്കിന് കുട്ടികളടക്കം പലസ്തീൻ ജനതയുടെ ശ്മാശാനമായി ആ നാടിനെ മാറ്റുന്നതിന് തുടക്കം
കുറിച്ചത്.

2014 മുതൽ നമ്മൾ കേൾക്കുന്നൊരു പേരാണ് സാഹിർ അബു നാമൂസ്. വടക്കൻ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിനുശേഷമാണ് അവന്റെ തകർന്ന  കൊച്ചുശരീരം വീടിനുമുന്നിൽ ചരലിൽ കാണപ്പെട്ടത്. അവന്റെ അച്ഛന്റെ കസിൻ സഹോദരിയായ ദയാ മുഹമ്മദ് പറഞ്ഞു “ഇവിടെ നിങ്ങൾക്ക് ചിന്തിക്കാൻ
കഴിക്കുന്നതിനേക്കാൾ ഭയാനകമായ ദുരന്തസാഹചര്യമാണ്.  ചരിത്രത്തിൽ അടയാളപ്പെടുത്തുകയും എല്ലാ കൊല്ലവും ആചരിക്കുകയും ചെയ്യുന്ന ഒന്നുപോലെ അല്ല അത്. ഈ രാജ്യത്തെ  ജീവിതത്തിന്റെ ഭാഗമാണത്. പലസ്തീൻ കവിയായ മഹമൂദ് ദർവേഷ്  വിപരീതാർത്ഥത്തിൽ  പറഞ്ഞതുപോലെ “ഭാവിയിലും തുടരുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ട  ഒരു വലിച്ചുനീട്ടപ്പെട്ട വർത്തമാനമാണ് നഖബ.”

2014 ജൂലൈയിൽ  തൽ-അൽ-സത്താറിലെ വ്യോമാക്രമണത്തിൽ നമൂസ് വധിക്കപ്പെടുമ്പോൾ ഇസ്രായേൽ പട്ടണമായ സ്ഡെറോട്ടിന്  പുറത്തുള്ള കുന്നിൻമുകളിൽ ഒരു ഡസനോളം ഇസ്രായേല്യർ പട്ടാളക്കാരോടൊപ്പം പോപ്പ് കോൺ കഴിച്ച് സന്തോഷിക്കുന്ന ഫോട്ടോയടക്കമുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
മിഡിൽ ഈസ്റ്റ് റിപ്പോർട്ടറായ ഡാനിഷ് കറസ്‌പോണ്ടന്റ് അലെൻ സോറൻസൺ ഈ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് “സ്ഡെറോട്ട് സിനിമ” എന്ന അടിക്കുറിപ്പോടുകൂടിയാണ്. ഇസ്രായേല്യർ അനുഭവിക്കുന്ന ഒരപൂർവ്വ പദവിയാണ് സിനിമ ആസ്വദിക്കുന്നതുപോലെ യുദ്ധം തത്സമയം കണ്ട് ആസ്വദിക്കുക എന്നുള്ളത്. ഇസ്രായേലിലെ ആളുകൾക്ക് സുരക്ഷ, സമൃദ്ധി എന്നൊക്കെ പറഞ്ഞാൽ യുദ്ധം എന്ന അവസ്ഥയിലേക്ക് മാറി.

ഇസ്രയേലിനും പലസ്തീനും ഇടയിലുള്ള വേലി രണ്ടു ഭാഷകളുടെ അടിസ്ഥാനത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ അത് ഇസ്രായേൽ പദാവലിയിൽ ഉള്ള അതിരാണ്. പലസ്തീനാണ് ഇസ്രയേലിന്റെ അതിർത്തി. അധിനിവേശം മൂലം അവരുടെ അതിർത്തിക്കപ്പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ട ജനതയുടെ പൗരാന്തസ്സിനെ ഹാനിക്കുംവണ്ണവും നിയമത്തിന് പുറത്തുനിർത്തപ്പെട്ട അവരെ ഏതുവിധേനയും ദ്രോഹിക്കാൻ കഴിയും വണ്ണമാണ് അവരുടെ പദാവലി.
ബലപ്രയോഗംകൊണ്ടുമാത്രം  ഭൂമി കവരപ്പെടുമ്പോൾ കവർച്ചക്കാർ സ്വയം ന്യായീകരണമുണ്ടാക്കുക പതിവാണ്. യുദ്ധത്തിൽനിന്നും ഭയവും ഭയത്തിൽ നിന്നും യുദ്ധവുമുണ്ടാകുന്നു. തിരിച്ചടിയുണ്ടാകുമെന്നതിൽ പലസ്തീനെക്കുറിച്ചുള്ള ഭയത്തിൽ ഇസ്രായേലിന്  കഴിയേണ്ടിവരുന്നതുപോലെതന്നെ മറ്റൊരു ദുരന്തം തങ്ങളുടെ ആയുധശേഖരത്തിന്റെയും   പ്രവൃത്തികളുടെയും യുക്തി നിലനിർത്താനായി   ആ ഭയവും നിലനിർത്താൻ ഇസ്രായേൽ  ആഗ്രഹിക്കുന്നു എന്നതാണ്. ഭയം യുദ്ധത്തിന് യുക്തിയാണ് അഥവാ ന്യായീകരണമാണ്.

രണ്ടു സ്രോതസ്സിൽ നിന്നുമുണ്ടായതും അക്രമത്തിൽ അധിഷ്ഠിതവുമായതാണ് ഇസ്രേയൽ സ്ഥാപനം. ജൂതകൂട്ടക്കൊലയുട അനന്തരഫലവും ഒരു നാട്ടിലെ ജനങ്ങളുടെ മേലുള്ള സൈനീക അധിനിവേശവും. ഈ രണ്ടുഘടകങ്ങളും വിപരീതമായി കെട്ടുപിണഞ്ഞതാണ്. ഒരു കാലത്ത് ലോകത്തെ വിവിധ
ഭാഗങ്ങളിലേക്ക് ചിതറിപ്പോകേണ്ടിവന്ന യഹൂദർ തന്നെ  പലസ്തീനികളെ ഭവനരഹിതാക്കി. നാസി ക്രൂരതയുടെ ഇരകൾ അതേ ക്രൂരത മറ്റൊരു ജനതയോട് കാട്ടുന്നു. ഫിന്നിഷ് കവിയായ പാവോ ഹവിക്കോപറഞ്ഞിട്ടുള്ളതുപോലെ  “അടിച്ചമർത്തപെട്ടവർ  അടിച്ചമർത്തുന്ന” സ്ഥിതി. ജൂതർ നീതി അർഹിക്കുന്നു, എന്നാലവർ ഇന്ന് ചെയ്യുന്നത് ആ നീതിയോട് തുലനം ചെയ്യാൻ കഴിയുന്നതൊന്നുമല്ല. യൂറോപ്പ് ജീവിതത്തിനിടയിൽ ജെറുസലേമിൽ തുല്യ അവകാശികൾ വേറെയുമുണ്ടെന്നത് അവർ മറന്നുപോയിരിക്കുന്നു.

2002 ൽ പലസ്തീൻ കവിയായ ദർവേഷിനെ സന്ദർശിച്ച അന്താരാഷ്ട്ര എഴുത്തുകാരുടെ കൂട്ടത്തിൽ ഒരാളായിരുന്നു പോർച്ചുഗീസ് നോവലിസ്റ്റ് ജോസ് സരമാഗോ , റാമല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞത് ഓഷ് വിറ്റ്സിൽ സംഭവിച്ചതെന്താണോ അതുതന്നെയാണ് ഇന്ന്   പലസ്തീനിലും സംഭവിക്കുന്നത്.  അപായഭീതി ഒഴിവായ ഇസ്രായേൽ തങ്ങളനുഭവിച്ചത് മറ്റു ജനങ്ങളിൽ പ്രയോഗിക്കുന്ന വൈകൃതത്തിന് അടിമയായിരുന്നു.” എന്നാണ്.

ഭീതിയും ദുരന്തങ്ങളും താരതമ്യപ്പെടുത്താൻ കഴിയില്ല. അത് എവിടെ ഏതുരീതിയിൽ ആവർത്തിച്ചാലും എന്നിട്ടും സരമാഗോ രണ്ടു ദുരന്തങ്ങളെ ഒരേ തലത്തിലാണ് താരതമ്യപ്പെടുത്താൻ തയ്യാറായത്. ഇസ്രായേൽ പലസ്തീനെ ഓഷ്‌വിറ്റ്‌സ് ആക്കി മാറ്റിയിരിക്കുന്നു. തങ്ങൾ അനുഭവിച്ച ദുരിതം മൂലം ലോകം സമ്മാനിച്ച ഇളവിനെ ഇന്നവർ ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയ്യും ചെയ്യുന്നു. സഹനത്തിന്റെ പവിത്രത അതിന്റെ ആദർശമൂല്യം കണ്ടെത്തുന്നത് അത് മറ്റുള്ളവർ സ്വീകരിക്കുമ്പോഴാണ്. ആ ബന്ധത്തെ ഉലയ്ക്കുന്നതോടെ സഹനത്തിന്റെ മൂല്യം കുറയുകയും ഒഴിവാക്കുകയും ചെയ്യുന്നു.

പ്രതീക്ഷിച്ചതുപോലെതന്നെ പലസ്തീൻ അവസ്ഥയെ ഓഷ്‌വിറ്റ്‌സുമായി താരതമ്യം ചെയ്തതിന് സരമാഗോയ്ക്ക്  ചില വിമർശനങ്ങളെ നേരിടേണ്ടിവന്നു. എന്നാൽ താൻ വാക്കുകൾ സൂക്ഷ്മതയോടെ തന്നെ തെരഞ്ഞെടുത്തു എന്നതിൽ അദ്ദേഹം ഉറച്ചുനിന്നു. ഇന്ന് ആ താരതമ്യം കൂടുതൽ പ്രസക്തമായിരിക്കുകയാണ് ഗാസയിലെ ജനങ്ങൾ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട് വ്യോമാക്രമണങ്ങൾ നേരിടുമ്പോൾ.
അൽ ജസീറയോട് വെളിപ്പെടുത്തിയ അനുഭവങ്ങളിൽ പലസ്തീൻ – അമേരിക്കൻ എഴുത്തുകാരനും കവിയുമായ  ഇബ്തിസാം ബറാക്കത്ത്  പറയുന്നു, വംശീയോന്മൂലനത്തോട് അടുക്കുകയാണ് പലസ്തീൻ.  തങ്ങൾക്ക് വംശീയോന്മൂലനം നേരിടേണ്ടിവന്നത് ഹിറ്റ്ലറിൽ നിന്നാണെന്നും അയാളുടെ വംശീയ താത്പര്യം എന്താണെന്നും അറിയാവുന്ന ഇസ്രായേൽ നേതാക്കൾ  പലസ്തീനെ വേട്ടയാടുന്നത് ന്യായീകരിക്കാനാകാത്ത വലിയ കുറ്റമാണ്. എന്തുകൊണ്ട് അവർക്ക് മാന്യമായി പൗരസ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവകാശം നൽകുന്നില്ല. ഒരിക്കലവർ വംശീയോന്മൂലനത്തെ നേരിട്ടു. ഇപ്പോൾ അവരിൽനിന്നും മറ്റൊരു ജനത വംശഹത്യയെ നേരിടുന്നു. മർദ്ദകരുടെയും മർദ്ദിതരുടെയും പേരുകൾ മാറി. പക്ഷെ ഭീകരത മാറുന്നില്ല. നാളെ മറ്റൊരു ജനത ഇതേ ക്രൂരത നേരിടാം. ആധുനിക ധാർമ്മിക ദാർശനിക ചിന്തയ്ക്കുമുന്നിൽ  ഏറ്റവും വലിയ മാലിന്യമായി വംശീയ വിദ്വേഷം നിലനിൽക്കുന്നു.

1982 ലെ ഒരു റേഡിയോ പ്രോഗ്രാമിൽ പലസ്തീനികളെക്കുറിച്ചുള്ള  റബ്ബി  ശലോമോ മാൽക്കയുടെ   ചോദ്യത്തിനു മറുപടിയായി  യഹൂദ സൈദ്ധാന്തികനും ചിന്തകനുമായ ഇമ്മാനുവേൽ ലെവിനാസ് പറഞ്ഞത് ഇങ്ങനെയാണ്. ” തെറ്റാണിവർ ചെയ്യുന്നത്. അധിനിവേശവും കുടിയൊഴിപ്പിക്കലും നീതിക്കും ആദർശത്തിനും നിരക്കാത്ത കാര്യമാണ്. ഇസ്രായേൽ ശത്രുക്കളോടെന്നപോലെ പലസ്തീൻ ജനതയയോട് പെരുമാറുന്നു. യഹൂദ ധാർമികതയെ അത് ലംഘിക്കുകയും സ്വന്തം മുഖം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. പാർപ്പിടവും സ്വത്വവും നിഷേധിക്കുന്നതിലൂടെ അവർ വലിയ പാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.”

——————————————————

കടപ്പാട്: മനാഷ് ഫിറാഖ് ഭട്ടാചാർജി | ദി വൈർ

സ്വതന്ത്രവിവർത്തനം : സാലിഹ് റാവുത്തർ