തൃക്കാക്കര മുതല്‍ ബാലുശേരി വരെ അടികിട്ടിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പുറത്തേക്കോ?

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറയും പോലെ എസ് ഡി പി ഐ ക്കാരുടെ കയ്യില്‍ നിന്ന് കിട്ടിയ തല്ല് മറയ്ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ മെക്കിട്ട് കയറണോ? ഇന്ന് വൈകീട്ടാണ് കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് ഒരു പറ്റം എസ് എഫ് ഐക്കാര്‍ അടിച്ചു തകര്‍ക്കുകയും സ്റ്റാഫിനെ മര്‍ദ്ദിക്കുകയും ചെയ്തത്.

എന്തിനായിരുന്നു എന്ന് ചോദിക്കരുത്, അതാണ് കോമഡി, പാരിസ്ഥിതിക ലോല പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണായി സുപ്രിം കോടതി പ്രഖ്യാപിക്കുകയും, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കുകയും ചെയ്തു. ഇത് കേരളത്തിലെ കൃഷിക്കാരെ ഗുരുതരമായി ബാധിക്കും. ഇതിനെതിരെ രാഹുല്‍ ഗാന്ധി തൃപ്തികരമായി ഒന്നും ചെയ്തില്ലന്നാണ് എസ് എഫ് ഐക്കാരുടെ ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുക കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും, കേരളം ഭരിക്കുന്ന സി പി എമ്മിനുമാണ്. പക്ഷെ എസ് എഫ് ഐക്കാര്‍ തങ്ങളുടെ കൈത്തരിപ്പ് തീര്‍ത്തതോ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയും, പ്രകടനമായെത്തിയ എസ് എഫ് ഐക്കാര്‍ കല്‍പ്പറ്റയിലെ ഓഫീസ് തല്ലിതകര്‍ക്കുകയും, സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തു.

ബാലുശേരിയില്‍ ഒരു ഡി വൈ എഫ് പ്രവര്‍ത്തകനെ എസ് ഡി പി ഐക്കാരും, ലീഗുകാരും , ഒക്കെ വളഞ്ഞിട്ട് ഇടിച്ച് ഇഞ്ചപ്പരുവമാക്കിയപ്പോള്‍ ഒരു ഫേസ് ബുക്ക് പോസ്റ്റിട്ട് പ്രതിഷേധിക്കാന്‍ പോലും പേടിയായിരുന്നു ഡി വൈ എഫ് ഐക്കാര്‍ക്കും എസ് എഫ് ഐക്കാര്‍ക്കുമൊക്കെ , എന്നാല്‍ അതിന്റെ ക്ഷീണം തീര്‍ത്തത് അവര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയാണ്.

സ്വര്‍ണ്ണക്കള്ളക്കടത്ത് മുതല്‍ ഡി വൈ എഫ് ഐയില്‍ മത തീവ്രവാദികള്‍ നുഴഞ്ഞ് കയറി തങ്ങളുടെ തന്നെ പ്രവര്‍ത്തകനെ പഞ്ഞിക്കിട്ടതുവരെയുള്ളതിന്റെ ക്ഷീണം കുറച്ച് ദിവസത്തേക്കെങ്കിലും തീര്‍ക്കാന്‍ സി പി എം കണ്ടുപിടിച്ച ഒരു ഒറ്റ മൂലിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്് . പണ്ട് ദല്‍ഹിയിലെ സി പിഎമ്മിന്റെ കേന്ദ്ര കാര്യാലയമായ എ കെ ജി ഭവന്‍ ബി ജെ പിക്കാര്‍ ആക്രമിക്കുകയും, സീതാറാം യെച്ചൂരിഅടക്കമുള്ളവരുടെ തലി തല്ലിപ്പൊളിക്കുകയും ചെയ്തപ്പോള്‍ സ്വാന്തനവുമായി ഓടിയെത്തിയത് രാഹുല്‍ ഗാന്ധിയായിരുന്നു. അതാണ് പൊളിറ്റിക്കല്‍ ജന്റില്‍നെസ്, കേരളത്തിലെ എസ് എഫ് ഐ കുട്ടികള്‍ക്കറിയില്ലങ്കിലും സീതാറാം യെച്ചൂരിക്ക് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മാന്യതയെക്കുറിച്ച് നന്നായി അറിയാം. ഒന്ന് ചോദിച്ച് നോക്കിയാല്‍ മതിയായിരുന്നു. അതെങ്ങിനെ ഇ പി ജയരാജനെയും മണിയാശാനെയും മാതൃകയാക്കുന്നവര്‍ക്ക് എന്ത് സീതാറാം യെച്ചൂരി, എന്ത് രാഹുല്‍ ഗാന്ധി എന്ത് പൊളിറ്റിക്കല്‍ ജന്റില്‍നെസ്.

വയനാട് വന്യജീവി സങ്കേതത്തിന്‍െ ബഫര്‍ സോണ്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടോ എന്ന് വരെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അത് വെളിപ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നിട്ടാണ് ഇവര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍കയറി അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചില്ലന്ന് പറഞ്ഞ് അക്രമം കാണിച്ചത്. സി പി എമ്മും മുഖ്യമന്ത്രിയും സര്‍ക്കാരുമെല്ലാം ചെന്ന് ചാടിയിരിക്കുന്ന പ്രതിസന്ധികളുടെ ആഴം വളരെ വലുതാണ്, സ്വര്‍ണ്ണക്കള്ളടത്തിലെ പ്രതിയെ വെളിപ്പെടുത്തല്‍ മുതല്‍ അനിതാ പുല്ലയിലിന്റെ നിയമസഭാ മന്ദിര സന്ദര്‍ശനം വരെ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയം മുതല്‍ ബാലുശേരിയില്‍ സ്വന്തം പ്രവര്‍ത്തകന്‍ എസ് ഡി പി ഐക്കാരുടെ അടികൊണ്ട് തേഞ്ഞിട്ടും പ്രതികരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത വരെ, ഇതെല്ലാം തല്‍ക്കാലത്തേക്ക് മറച്ച് പിടിക്കാന്‍ സി പിഎം കണ്ടെത്തിയ തന്ത്രമായിരുന്നോ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം. ചുടുചോറ് വാരാന്‍ കുട്ടിക്കുരങ്ങന്‍മാര്‍ ധാരാളം ഉള്ള പാര്‍ട്ടിക്ക് ഇതാക്കെ നിസാരം മാത്രം.