സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെടുമ്പോള്‍

സല്‍മാന്‍ റുഷ്ദിക്ക് ആയുത്തൊള്ള ഖോമേനി വധശിക്ഷ വിധിച്ചത് 1988 ലാണ്. പലതവണ പലരും ആ ശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചങ്കിലും റുഷ്ദി തലനാരിഴക്ക് രക്ഷപെടുകയായിരുന്നു. എന്നാല്‍ ന്യുജഴ്‌സിയില്‍ നിന്നുള്ള ഹാദി മാറ്റര്‍ എന്ന 24 കാരന് അതില്‍ ഭാഗികമായി വിജയിക്കാന്‍ കഴിഞ്ഞു. റുഷ്ദി മരിച്ചില്ലങ്കിലും മാരകമായ പരിക്കാണ് അദ്ദേഹത്തിന് ഏറ്റിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴുത്തില്‍ ഒന്നും നെഞ്ചില്‍ മറ്റൊന്നും, കരള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബോംബെയിലെ ഒരു കാശ്മീരി മുസ്‌ളീം കുടുംബത്തില്‍ 1947 ജൂണ്‍ 19 നാണ് അഹമ്മദ് സല്‍മാന്‍ റുഷ്ദി എന്ന സല്‍മാന്‍ റുഷ്ദി ജനിക്കുന്നത്്, പിതാവ് അനീസ് അഹമ്മദ് റുഷ്ദി ഒരു ബിസിനസുകാരനും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പട്ടയാളായിരുന്നു. ജനന തീയതി തിരുത്തി സര്‍വ്വീല്‍ കയറിയെന്ന് തെളിഞ്ഞപ്പോഴാണ് അദ്ദേഹത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയതത്രേ. അമ്മയുടെ പേര് നെഗിന്‍ ഭട്ട്. റുഷ്ദിയെക്കൂടാതെ മൂന്ന് പെണ്‍മക്കളും അവര്‍ക്കുണ്ടായിരുന്നു. പിതാവ് അനീസ് പതിനൊന്നാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‌ളാമിക തത്വചിന്തകനായ ഇബുന്‍ റുഷ്ദിന്റെ കടുത്ത ആരാധകനുമായിരുന്നു. അങ്ങിനെയാണ് സ്വന്തം പേരിനൊപ്പവും മകന്റെ പേരിനൊപ്പവും റുഷ്ദി എന്ന് ചേര്‍ത്തത്്. ബോംബെയിലെ കത്തീഡ്രല്‍ ജോണ്‍ കാനന്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കേംബ്രിഡ്ജിലെ കിംഗ് ജോര്‍ജ്ജ് കോളജില്‍ ചേരാന്‍ വേണ്ടി റുഷ്ദി ലണ്ടനിലെത്തി. കിംഗ് ജോര്‍ജ്ജിലെ പഠനശേഷം പ്രശസ്ത പരസ്യകമ്പനിയായ ഒഗ്‌ളീവി ആന്റ് മാതറിലെ കോപ്പി റൈറ്ററായി ജോലി നോക്കി. അക്കാലത്ത് നെസ്ലേ ചോക്ക്‌ലേറ്റുകളുടെ പരസ്യ വാചകങ്ങള്‍ മുഴുവന്‍ എഴുതിയിരുന്നത് സല്‍മാന്‍ റുഷ്ദിയായിരുന്നു.

1975 ല്‍ ഗ്രിമൂസ് എന്ന സയന്‍സ് ഫിക്ഷനിലൂടെയാണ് റുഷ്ദി എഴുത്തിന്റ ലോകത്തേക്ക് കടന്നത്്. എന്നാല്‍ 1981 ല്‍ ഇറങ്ങിയ മിഡ്‌നൈറ്റ് ചില്‍ഡ്രനാണ് റുഷ്ദിയെ ലോക പ്രശ്‌സ്തനാക്കുന്നത്. റുഷ്ദിക്ക് ആദ്യ ബുക്കര്‍ പ്രൈസ് നേടിക്കൊടുക്കുന്നതും ഈ നോവലാണ്. ഇ്ന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ആഗസ്റ്റ് 15 ന്് അര്‍ധരാത്രി 12 മണിക്ക് ജനിച്ച സലീം സിനായ് എന്ന കുട്ടിയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. 1947 ആഗസ്റ്റ് 15 ന് രാത്രി 12 മണിക്കും 1 മണിക്കും ഇടയില്‍ എല്ലാ കുട്ടികളുമായും സലിം സിനായ്ക്ക് ഒരു അതീന്ദ്രിയ ബന്ധം രൂപപ്പെടുന്ന കഥയാണ് ഇതിന്റെ ഇതിവൃത്തം. റൂഷ്ദിയുടെ ആത്മകഥാപരമായ നോവിലാണിതെന്ന്്് പറയപ്പെടുന്നു. നെഹ്‌റു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് അന്ന് പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി ഈ പുസ്തകത്തിനെതിരെ തിരിയുകയും ചെയ്തു.

ബൂക്കര്‍ പുരസ്‌കാരത്തിന്റെ 25ാം വാര്‍ഷികത്തിലും നാല്‍പ്പതാം വാര്‍ഷികത്തിലും ഈ പുസ്തകത്തിന് അവാര്‍ഡ് നല്‍കിയതിലൂടെ രണ്ട് തവണ ബൂക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ എഴുത്തുകാരനമായി സല്‍മാന്‍ റുഷ്ദി. 1988 ലാണ് റഷ്ദിയുടെ ജീവിതം മാറ്റിമറിച്ച സത്താനിക് വേഴ്‌സസ് എന്ന നോവല്‍ ഇറങ്ങുന്നത്്. സാഹിത്യപരമായി കാര്യമായ നിലവാരം ഉണ്ടെന്ന് പറയാന്‍ കഴിയാത്ത ഈ നോവലില്‍ ഇസ്‌ളാം മത വിശ്വാസികള്‍ തങ്ങളുടെ അന്ത്യപ്രവാചകന്‍ എന്ന് വിശ്വസിക്കുന്ന മുഹമ്മദ് നബിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന വിമര്‍ശനം അതിശക്തിയായി ഉയര്‍ന്നു. ഇസ്‌ളാമിന് മുമ്പ് മക്കയില്‍ ആരാധിച്ചിരുന്ന മൂന്ന്് സ്ത്രീ ദൈവങ്ങള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും അവരെ ആരാധിക്കണമെന്നുമുള്ള ആയത്ത് പ്രവാചകന്‍ ഇറക്കിയെന്നും പിന്നീട് അത് തന്റെക്കൊണ്ട് സാത്താന്‍ പറയപ്പിച്ചതാണെന്ന് പറഞ്ഞ് പ്രവാചകന്‍ ആ നിലപാടില്‍ നിന്നും പിന്തിരിയുകയായിരുന്നുവെന്നുമാണ് റുഷ്ദി എഴുതിയത്്. ഈ പരാമര്‍ശങ്ങള്‍ ലോക മുസ്‌ളിം സമുഹത്തെ പ്രക്ഷുബ്ധമാക്കി.

ഇതേ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യനായ ആയുത്തുളള ഖൊമേനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. റൂഷ്ദിയെ കാണുന്നിടത്ത് വച്ച് കൊല്ലുന്നവര്‍ക്ക് മൂന്ന്്മില്യണ്‍ നല്‍കുമെന്നായിരുന്നു ഫത്വ. ഇതോടെ റുഷ്ദി ഒളിവിലായി. ലോകമെങ്ങും പ്രതിഷേധം അണപൊട്ടിയൊഴുകി, യൂറോപ്പിലും അമേരിക്കയിലും തെരുവില്‍ പ്രകടനങ്ങള്‍ നടന്നു. ചില രാജ്യങ്ങളില്‍ കലാപങ്ങള്‍ തന്നെ പൊട്ടിപ്പുറപ്പെട്ടു. നിരവധി പേര്‍ കൊല്ലപ്പെട്ടു. 1989 ല്‍ റുഷ്ദിക്കെതിരെ ആദ്യത്തെ വധശ്രമം ലണ്ടനില്‍ വച്ചു നടന്നു. ഉദ്ദേശിച്ച സമയത്തിന് മുമ്പ് തന്നെ ബോംബ് പൊട്ടിയതുകൊണ്ടാണ് അന്ന് റുഷ്ദി രക്ഷപെട്ടത്്. ഈ നോവല്‍ ഇറ്റാലിയിന്‍ ഭാഷയിലേക്ക് പരഭാഷപ്പെടുത്തി ഏറ്റോര്‍ കാപ്രിയോള്‍ 91 ല്‍ ആക്രമിക്കപ്പെട്ടു. അതേ വര്‍ഷം ഈ സത്താനിക് വേഴ്‌സസ് ജപ്പാന്‍ ഭാഷയിലേക്ക വിവര്‍ത്തനം ചെയ്ത ഹിതോഷി ഇഗാരഷിയെയും കൊല്ലപ്പെട്ട നിലയില്‍ ടോക്കിയോവില്‍കണ്ടെത്തി. ഈ നോവലിന്റെ നോര്‍വീജിയന്‍ എഡിഷന്‍ പുറത്തിറക്കിയ വില്യം നൈഗാര്ഡിന് നേരെ വധ ശ്രമമുണ്ടായി. ഈ നോവല്‍ തുര്‍ക്കി ഭാഷയിലേക്ക വിവര്‍ത്തനം ചെയ്ത അസീസ് നെസിനെ വക വരുത്താനായി ഹോട്ടലില്‍ വച്ച ബോംബ് പൊട്ടി 37 കൊല്ലപ്പെടുകയുണ്ടായി.

റുഷ്ദിക്കെതിരായ വധ ഭീഷണിയുടെ ഗൗരവം കുറഞ്ഞുവെന്ന തോന്നിലിലായിരിക്കണം അദ്ദേഹം പൊതുവേദികളില്‍ കുറെ നാളായി പ്രത്യക്ഷപ്പെട്ടു വരുന്നുണ്ടായിരുന്നു. അത് മുതലെടുത്തായിരിക്കണം അക്രമി അദ്ദേഹത്തെ കുത്തിവീഴ്തിയത്്. റുഷ്ദിയുടെ പുസ്തകത്തോട് നമുക്ക് വിയോജിപ്പുകളുണ്ടാകും. എന്നാല്‍ അദ്ദേഹത്തെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ച സംഭവം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര്യ ചിന്തക്കും എതിരെയുള്ള വെല്ലുവിളിയും പരിഷ്‌കൃത സമൂഹത്തിന് ഭീഷണിയുമാണ്.