ഇന്ത്യയിൽ മരണനൃത്തം തുടരുമ്പോഴും ശബ്ദിച്ചു പോകരുതെന്ന് ഭരണകൂടം 

സതീഷ് ഖാരെ

ഞങ്ങൾ തരുന്ന വികസനം നിങ്ങൾക്കു വേണമെങ്കിൽ അനുസരണയും നിശ്ശബ്ദതയും പാലിച്ചു കൊള്ളണമെന്ന പഴയ ഏകാധിപത്യശാസനമാണ് 2014 മുതലുള്ള ഭരണകൂടം നിലനിർത്തുന്നത്.

മാർച്ച് ആദ്യവാരത്തിൽ ഇന്ത്യയിലെ എണ്ണപ്പെട്ട പ്രബുദ്ധകേന്ദ്രങ്ങളിൽ ഒന്നായ അശോകാ യൂണിവേഴ്സിറ്റിയിൽ അവർക്ക് ബാദ്ധ്യതയായി എന്ന പേര് സമ്പാദിച്ച ഒരാൾക്ക് പടിയിറങ്ങേണ്ടി വന്നു. റൈസിനാ കുന്നുകളിലെ (ഭരണസിരാകേന്ദ്രം) അധികാരികളുടെ നേർക്ക് എപ്പോഴെല്ലാം വിരലുകൾ ചൂണ്ടപ്പെടുന്നുവോ അപ്പോഴെല്ലാം പ്രതാപ് ഭാനു മേത്തയ്ക്ക് സംഭവിച്ചതു പോലെ അനഭിമതരാക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒടുവിൽ വെളിവാകുന്നത് ലോകത്തിന്റെ മറ്റൊരു ഭാഗത്ത് മറ്റൊരു കാലത്ത് നിലനിന്ന  “ഗോലാഷ് കമ്മ്യൂണിസ”ത്തിന്റെ ദേശീയപതിപ്പാണ്. ടോണി ജൂഡ് എന്ന ചരിത്രകാരനാണ് യുദ്ധാനന്തര ഹംഗറിയിൽ 1956 -ൽ നടന്ന  കലാപത്തെ  അടിച്ചമർത്തിയ സോവിയറ്റ് നടപടികളെ ഗോലാഷ് കമ്യൂണിസം എന്ന് വിശേഷിപ്പിച്ചത്. പാർട്ടിയുടെ അധികാരകുത്തകയെ ചോദ്യം ചെയ്യാതെ സ്വീകരിച്ചതിനു പ്രതിഫലമായി ഹംഗറിക്കാർക്ക് കർശനവും പരിമിതവുമെങ്കിലും ഉത്പാദനത്തിനും ഉപഭോഗത്തിനും ആവശ്യമായ സ്വാതന്ത്ര്യം നൽകപ്പെട്ടു. അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്നുണ്ടോ എന്നൊന്നും ചോദിക്കപ്പെട്ടില്ല. എതിർപ്പുകൾ ഇല്ലാതിരിക്കുകയാണ് അവരുടെ യോഗ്യതയായി കണക്കാക്കപ്പെട്ടത്.  അവരുടെ നിശ്ശബ്ദതതയെ ഭരണത്തിനുള്ള അംഗീകാരമായി ഗണിക്കപ്പെട്ടു.

1956 മുതൽ 1989 ൽ പിരിച്ചുവിടപ്പെടും വരെ  ഹംഗേറിയൻ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്ന ജാനോസ് കാദർ ഉപയോഗിച്ചിരുന്നതുപോലെ  യൂഫെമിസ്റ്റ്  (പരുഷമായ കാര്യം മൃദുവായി പറയുന്ന രീതി)  വൈഭവത്തോടെ “ദാതാക്കൾ” എന്ന് ഭരണകൂടത്തിന് പരിവേഷം കൊടുക്കുന്നുണ്ട്. എതിരെ ചിന്തിക്കരുത് എതിർത്തുപറയരുത് എന്ന ശാസനം 2014 മുതൽ ഭരണസിരാകേന്ദ്രത്തിൽനിന്നും പുറപ്പെടുന്നതിന് അതേപടി അംഗീകരിക്കാൻ തയ്യാറാകുന്നപക്ഷം  എത്ര വലിയ  കൊടുങ്കാറ്റും കെടുതികളും ഉണ്ടായാലും അശോകാ യൂണിവേഴ്സിറ്റി ശബ്ദിക്കാൻ പോകുന്നില്ല.

ലളിതവും എന്നാൽ ദ്രോഹകരവുമായ അനുശാസനം ഇപ്രകാരമാണ്; സത്യസന്ധനും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കൈമുതലായുള്ള ജനപ്രിയനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു പുതിയ ഗവണ്മെന്റ് ഇപ്പോഴുണ്ട്. അദ്ദേഹം ഒരു വിശ്വഗുരുവിനു സമാനനായി നമ്മളെ മഹത്വത്തിലേക്ക് നയിക്കാൻ പ്രാപ്തനും പ്രതിജ്ഞാബദ്ധനുമാണ്.  ഒരു പുതിയ ക്രമവും ഇന്ത്യയും സൃഷ്ടിക്കണമെങ്കിൽ നമ്മുടെ ജനാധിപത്യം കലഹരഹിതവും കൂടുതൽ ശാന്തവും ആയിരിക്കണം. പഴയ സോവിയറ്റ് യൂണിയനിലേതു പോലെ നേതാവ് ചോദ്യം ചെയ്യപ്പെടാത്തവനും ബുദ്ധിയുടെയും പ്രചോദനത്തിന്റെയും ഭാവനയുടെയും എല്ലാം അവസാനവാക്കായിരിക്കുകയും നമ്മൾ അദ്ദേഹം ലഭ്യമാക്കുന്ന വികസനത്തിന് പ്രതിഫലമായി അനുസരണയും വിധേയത്വവും ഉള്ളവരായിരിക്കുകയും വേണം.

ഭൂതകാലത്ത് പല ഏകാധിപതികളും തങ്ങളുടെ പ്രവൃത്തികൾക്ക് കണ്ടെത്തിയിരുന്ന ന്യായീകരണങ്ങളിൽ ഒന്നാണിത്. ” ഓരോ സ്വേച്ഛാധിപതിയും രക്ഷകന്റെ വേഷം ധരിക്കുന്നതിലൂടെ സ്വയം ന്യായീകരിക്കുന്നു”  എന്ന് ജോർജ്ജ് ഓർവെല്ലിനെ പോലുള്ള എഴുത്തുകാർ ഇതിനെതിരെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വികസനം എന്ന കിച്ചടി മുന്നോട്ടു നീക്കിവെച്ച്  ആധുനിക ഇന്ത്യയിലെ സ്വേച്ഛാധിപതികൾ ബഹുമാനവും അനുസരണയും അവകാശപ്പെടുകയാണിപ്പോൾ.

ഈ പുതിയ ശാസനങ്ങളെ നിരാകരിക്കുന്നവർ ആരായാലും അശുദ്ധമായ രാഷ്ട്രീയം സംസാരിക്കുന്നു എന്നാണ് മുദ്രയടിക്കപ്പെടുന്നത്. ഭരിക്കുന്ന പാർട്ടിക്കും അതിന്റെ നേതാവിനും മാത്രമേ ഏതിനും അവകാശമുള്ളൂ. ഇപ്പോൾ ഫലം തീരുമാനിക്കപ്പെട്ട ബംഗാളിൽ തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രിയുടെ ആക്ഷേപങ്ങൾക്ക് മറുപടിയായിട്ടു പോലും മമതാ ബാനർജി പറയുന്നത് തെറ്റാകുമെന്ന് കരുതിയവർ നിരവധിയാണ്. രാഷ്ട്രീയം സംസാരിക്കാതെ ജനാധിപത്യം അനുഭവിക്കാനാണ് നമ്മളോട് ആവശ്യപ്പെടുന്നത്.

ഇത്തരമൊരു ഭരണവ്യവസ്ഥയെക്കുറിച്ച് നമുക്ക് മുന്നറിയിപ്പുണ്ടായിരുന്നു. നേതാവിനെക്കുറിച്ചും അയാളുടെ മുൻഗണനകളെക്കുറിച്ചും രാഷ്ട്രീയം പറയാൻ പാടില്ല. സ്റ്റേറ്റിന്റേതായ എല്ലാ സ്ഥാപനങ്ങളും അയാൾക്കെതിരായ ആരോപണങ്ങൾക്കും സൂക്ഷ്മപരിശോധനകൾക്കും മുന്നിൽ പ്രതിരോധം തീർക്കണം. ഭക്തജനക്കൂട്ടം അയാളുടെ വാഴ്ത്തുപാട്ടുകൾ പാടുമ്പോൾ ബോബ്ഡെമാരും ഭഗത്മാരും ഭല്ലാകളും അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകളും വിധികളും പുറപ്പെടുവിച്ചുകൊള്ളും.

ജുഡീഷ്യറി, പ്രത്യേകിച്ചും ഇന്ത്യയിലെ അവസാന മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ കീഴിൽ, ഈ “നവയാഥാസ്ഥിതികത”യിലേക്ക് പിൻവാങ്ങുകയായിരുന്നു; എക്സിക്യൂട്ടീവ് നിർദ്ദേശിച്ചതെന്തും, ജുഡീഷ്യറി സന്തോഷത്തോടെയാണ് അംഗീകരിച്ചത്. എക്സിക്യൂട്ടീവ്  അതിരുകടന്നാലും വികസനം നമുക്ക് ദാനമായി നൽകുന്നവർ  എന്ന നാട്യത്തിൽ  ന്യായാധിപന്മാർ അവയ്ക്ക് അംഗീകാരം നൽകുന്നു.

രാഷ്ട്രീയം പറയരുത് എന്ന ശാസനയുടെ ആദ്യ ഇരയും ബിജെപി തന്നെയായിരുന്നു.  ഒരു നേതാവിനെ മഹത്വവത്കരിക്കുന്ന രീതിയിൽ ജനാധിപത്യ സംവിധാനം മുഴുവനും കർക്കശമാക്കിയാൽ പാർട്ടിക്കുള്ളിൽപ്പോലും വിയോജിപ്പുകൾ അനുവദിക്കപ്പെടുകയില്ല. ഒരുപക്ഷെ ഈ ശ്രമം നാഗ്പൂരിലെ മേലധികാരികളെ മറികടക്കാൻ വേണ്ടിയായിരിക്കാം. സ്വയം രൂപകൽപ്പന ചെയ്ത ഈ ധാർമ്മിക രക്ഷാധികാരിപ്പട്ടം ഷെഹൻഷാ – ഷാ ദ്വയങ്ങളുടെ ഏതൊരു കണക്കുകൂട്ടലുകളുടെ കീഴിലും പാർട്ടിയെ കൊണ്ടുവരാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.

മോദി  ഭരണകൂടത്തിന്റെ ജുഡീഷ്യറിയിലുള്ള കൈകടത്തൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. എന്തുകൊണ്ടെന്നാൽ പ്രതിപക്ഷത്തു നിൽക്കുന്ന രാഹുൽ ഗാന്ധിയെ ജനപ്രിയനല്ലാത്ത അഥവാ ജനപ്രീതിക്ക് അർഹനല്ലാത്ത വ്യക്തി എന്ന് മുദ്രയടിക്കുക വഴി പ്രതിപക്ഷത്തെപ്പോലും ചിത്രത്തിൽ നിന്നും നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.  ഭിന്നാഭിപ്രായം ഉയർത്തുന്നവർ ഇവിടെ ആവശ്യമില്ലാത്തവരാണെന്നും അങ്ങനെ എതിരഭിപ്രായങ്ങൾ ഉയർത്തുന്നവർ രാജ്യദ്രോഹികളാണെന്നും പ്രചരിപ്പിക്കുന്ന പ്രവണതയെയാണ് വളർത്തിയെടുക്കുന്നത്.

രാജ്യം ഉരുകിത്തീരുമ്പോൾ അഹങ്കാരികളായ ഭരണാധികാരികൾ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയൊന്നുമില്ല. ദുർഭരണത്തെ അപലപിക്കുന്നവരെ നിശ്ശബ്ദരാക്കാൻ പുതിയ അന്ധവിശ്വാസങ്ങൾ രംഗത്തുണ്ട്. ചില ശക്തമാധ്യമങ്ങൾ ഭീകരഭരണത്തിന്റെ നിഗൂഢപങ്കാളികളായി തുടരുന്നു.
ഈ ദുരിതങ്ങൾക്കെല്ലാാം അവസാനം ജനാധിപത്യപരമായ ചോദ്യം ചെയ്യലും സൂക്ഷ്മപരിശോധനയും നടത്തേണ്ടതും  പുനഃസ്ഥാപനശേഷി ആർജ്ജിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും ചെളിക്കുണ്ടിൽ മോദിസംഘം പൂണ്ടുതന്നെ കിടക്കും.  നിരവധി പരിമിതികളുള്ള ആ വലയത്തിൽ നിന്നും ഊർജ്ജസ്വലവും ജാഗ്രതയുമുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ  ജനാധിപത്യത്തിന്റെ മടങ്ങിവരവിലേക്ക് ഈ രാജ്യത്തെ മടക്കി കൊണ്ടുവരാൻ കഴിയുകയുള്ളൂ.

കടപ്പാട്:  സതീഷ് ഖാരെ | ദി വൈർ 

——————————
സ്വതന്ത്ര വിവർത്തനം : സാലിഹ് റാവുത്തർ