രാഹുല്‍ ഗാന്ധി ഇനി ചെയ്യേണ്ടത്

ശ്രീകുമാര്‍ മനയില്‍

ഭാരത് ജോഡോയാത്ര അവസാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും നേരം, ഇത്രയും ദൂരം നടന്ന ഒരു മനുഷ്യന്‍, ഒരു രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയല്ലാതെ വേറെ കാണില്ല. പരിഹാസവും പൂച്ചെണ്ടും ഒരേ പോലെ ഏറ്റുവാങ്ങിയാണ് സെപ്തംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്നും ഈ യാത്ര ആരംഭിച്ചത്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ താണ്ടിയ ഈ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ കണ്ടെത്തുക തന്നെയായിരുന്നു.

എന്താണ് ഭാരത് ജോഡോയാത്രയുടെ പ്രസക്തി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിപാടികളെയോ , ആ സംഘടനയില്‍ നെഹ്‌റു കുടുംബത്തിനുള്ള അപ്രമാദിത്വത്തെയോ നിങ്ങള്‍ക്ക് എതിര്‍ക്കാം, വിമര്‍ശിക്കാം. എന്നാല്‍ ഇന്നത്തെ ഇന്ത്യയെ ചുഴ്ന്നു നില്‍ക്കുന്ന അവിശ്വാസത്തിന്റെ, വെറുപ്പിന്റെ വിഭാഗീയതയുടെ പരസ്പരമുള്ള അവിശ്വാസത്തിന്റെ രാഷ്ട്രീയത്തെ നിങ്ങള്‍ക്ക് കണ്ടില്ലന്ന് നടിക്കാന്‍ കഴിയില്ല. ആ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ നടപ്പ്.

നടക്കുക എന്നതിനെ ഒരു പ്രതിരോധമായി വളര്‍ത്തിയെടുത്തത് സാക്ഷാല്‍ മഹാത്മാഗാന്ധിയായിരുന്നു. അദ്ദേഹം ഇന്ത്യയുടെ തലങ്ങും വിലങ്ങും നടന്നു. ജനങ്ങളെ കണ്ടു സംസാരിച്ചു, അവരെ പഠിപ്പിച്ചു, അവരില്‍ നിന്ന് പഠിച്ചു. അനാദിയായ ഒരു രാഷ്ട്രത്തെ ഈ കാല്‍നടയാത്രകളിലൂടെ തൊട്ടറിയാന്‍ ഗാന്ധിജിക്ക് പറ്റി. ഒരു പക്ഷെ എണ്‍പത് ദശാബ്ദങ്ങള്‍ക്കിപ്പുറം വേറൊരു രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷത്തില്‍ ഇന്ത്യ മുഴുവന്‍ നടന്ന രാഹുല്‍ഗാന്ധിയും ജനങ്ങളില്‍ നിന്ന് പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ജനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനവര്‍ ശ്രമിക്കും, ഹിറ്റ്‌ലറും സ്റ്റാലിനും ചെയ്തത് ആതായിരുന്നു. ഭരണമേറ്റടുത്തതിന് ശേഷം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കളെയെല്ലാം ഒന്നുകില്‍ വക വരുത്തുകയോ അല്ലങ്കില്‍ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുകയായിരുന്നു ഹിറ്റ്‌ലറുടെ രീതി. സ്റ്റാലിനാകട്ടെ തൊട്ടടുത്തിരുന്നു മണിക്കൂറുകള്‍ മൂമ്പ് തമാശ പറഞ്ഞ ചിരിച്ച നേതാക്കളെ നിഷ്‌കരുണം തുടച്ചുനീക്കി. ഇവിടെ അതിന് സാധിക്കുന്നില്ലാത്തത് കൊണ്ടാകാം വെറുപ്പിന്റെയും വിഭാഗീയതയുടെയും മതില്‍കെട്ടുകള്‍ സൃഷ്ടിച്ച് അതിനുള്ളില്‍ മനുഷ്യനെ കെട്ടിയിടുന്നത്.

വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പീടിക തുറക്കാന്‍ വന്നയാളാണ് താന്‍ എന്നാണ് യാത്രാമധ്യേ രാഹുല്‍ ഗാന്ധി പറഞ്ഞത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടക്ക് ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് കേട്ട ഏറ്റവും മനോഹരവും ആഴമേറിയതുമായ വാക്കുകള്‍. താന്‍ തേടുന്നത് അധികാരമോ ഭരണമോ അല്ല മറിച്ചു ഹൃദയങ്ങളുടെ സംയോജനമാണ് എന്നാണ് രാഹുല്‍ ജനങ്ങളോട് പറഞ്ഞത്. ഇന്ത്യ എന്ന മഹത്തായ രാഷ്്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ ഈ ഒരു സംയോജനത്തിലാണ് അന്തര്‍ലീനമായിരിക്കുന്നത്.

2014 ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം വല്ലാതങ്ങ് മാറി, കോടികള്‍ വാരിയെറിഞ്ഞു നടത്തുന്ന പബ്‌ളിക്ക് റിലേഷന്‍ മാമാങ്കങ്ങളിലൂടെ ആത്മാവില്ലാത്തതും ഉപരിതല സ്പര്‍ശിയുമായ പ്രതിഛായ നിര്‍മാണം രാഷ്ട്രീയത്തിലെ പ്രധാനകാര്യപരിപാടിയായി മാറി. തിരുവനന്തപുരത്തും ഡല്‍ഹിയിലുമെല്ലാം ഇത്തരത്തില്‍ പൊലിപ്പിച്ചെടുക്കുന്ന നേതാക്കള്‍ അധികാരത്തിന്റെ ചുക്കാന്‍ കയ്യാളാന്‍ തുടങ്ങി. എളുപ്പത്തില്‍ കബളിപ്പിക്കാന്‍ പറ്റിയ വര്‍ഗമാണ് ജനങ്ങളെന്ന് ഈ പ്രതിഛായ നിര്‍മാണ വിസ്‌ഫോടനങ്ങളിലൂടെ അവര്‍ മനസിലാക്കി. അപ്പോഴാണ് അത്തരം നിര്‍മിതികളെ പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ട് ഒരു മനുഷ്യന്‍ വെയിലത്തും മഴയത്തും മരം കോച്ചുന്ന തണുപ്പത്തും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടന്നത്.

ഈ യാത്ര നല്‍കിയ ആത്മവിശ്വാസത്തെ സ്വാംശീകരിച്ചു കൊണ്ട് ഒരു പുതിയ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ തുടക്കമിടുക എന്നതാണ് ഇനി രാഹുല്‍ ഗാന്ധി ചെയ്യേണ്ട കാര്യം. കമലഹാസന്‍ മുതന്‍ രഘുറാം രാജന്‍ വരെ പിന്തുണയുമായി രാഹുലിനൊപ്പം അണിനിരന്നത് പുതിയ ഇന്ത്യക്ക്, ഒരു പുതിയ രാഷ്ട്രീയ ധാര്‍മികതക്ക് ഈ യാത്ര തുടക്കമാകുമെന്ന് സ്വപ്‌നം കണ്ടുകൊണ്ടാണ്. ആ സ്വപ്‌നങ്ങള്‍ തന്നെയാണ് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളും കാണുന്നത്. ഹിംസാത്മകവും, വിഭാഗീയവുമായ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് അഹിംസയുടെയും ഒത്തു ചേരലിന്റെയും പുതിയ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിന് കഴിഞ്ഞുവെന്നത് നിസ്തര്‍ക്കമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം പതിനഞ്ച് മാസങ്ങളേയുള്ളു. മോദിയെ മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സംഘപരിവാര്‍ ഏതറ്റം വരെയും പോകുമെന്നുറുപ്പാണ്. അതിനെ തടയുക എന്ന എന്നത് ഒരു ഭഗീരഥ പ്രയത്‌നമാണ്. അതിനുള്ള ആത്മവിശ്വാസവും കരുത്തുമാണ് രാഹുല്‍ ഈ യാത്രയില്‍ നിന്ന് സ്വായത്തമാക്കിയതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം പുതിയ ദിശകളിലേക്ക് വഴിമാറി സഞ്ചരിക്കുമെന്നുറപ്പാണ്.