എതിരില്ലാത്ത തിരഞ്ഞെടുപ്പുകൾ ഫാസിസത്തിന്റെ അടയാളങ്ങളാണ്

ഹരി മോഹൻ

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു കഴിഞ്ഞതോടെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തു വന്നുകഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ എതിരില്ലാതെ 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. പി. ജയരാജനടക്കമുള്ളവര്‍ അതാഘോഷിച്ചതായും കണ്ടു.

ഇതില്‍ 28 വാര്‍ഡുകളുള്ള ആന്തൂര്‍ നഗരസഭയില്‍ ആറിടത്താണ് ഇങ്ങനെ ഫലമുണ്ടായിരിക്കുന്നത്. കഴിഞ്ഞതവണ 14 സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 14 സീറ്റുകളില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ഇക്കുറി എതിരാളികള്‍ ഇല്ലാത്തത് ആറ് സീറ്റുകളിലേക്കു മാത്രമായി ചുരുങ്ങി.

28 സീറ്റുകളില്‍ എല്‍.ഡി.എഫ് മത്സരിച്ചു വിജയിച്ചാലും സന്തോഷമാണ്. ജനാധിപത്യ പ്രക്രിയ നടന്നല്ലോ. പക്ഷേ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെടുക എന്നത് ഒരിക്കലും കൊട്ടിഘോഷിക്കപ്പെടേണ്ട കാര്യമല്ല. അങ്ങേയറ്റം അപകടകരമായ ഒന്നാണത്. കാരണം, ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പൂര്‍ണമായ വിജയസാദ്ധ്യത കണ്ടുകൊണ്ടു നാമനിര്‍ദേശ പത്രിക കൊടുക്കാതിരിക്കുന്നതല്ല മറ്റുള്ളവര്‍. അങ്ങനെയെങ്കില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ജെയ്ക്കും മലമ്പുഴയില്‍ അച്യുതാനന്ദനെതിരെ വി.എസ് ജോയിയും മത്സരിക്കില്ലായിരുന്നു. സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവരുടെ അതിപ്രസരം മൂലം ഉൾപ്പാർട്ടി പ്രശ്നങ്ങളും മുന്നണി സമവാക്യങ്ങളുടെ താളംതെറ്റലുകളും തലപൊക്കുന്ന സമയമാണു തിരഞ്ഞെടുപ്പ്. അതെന്തുകൊണ്ട് ഈയിടങ്ങളിൽ ഉണ്ടായില്ല എന്നത് ആന്തൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമാണ്.

1995-ൽ പഞ്ചായത്തായിരുന്ന കാലത്ത് ആന്തൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വി. ദാസന്‍ എന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മത്സരിച്ചിരുന്നു. ആന്തൂരിലെ മൺകടവിൽ പിന്നീട് വെട്ടേറ്റു വീണ ദാസനെയാണു കേരളം കണ്ടത്. സ്ഥാനാർത്ഥിത്വത്തിനു പുറമേ ദാസൻ മണ്ഡലം പ്രസിഡന്റായിരുന്ന കാലത്ത് കോൺഗ്രസ് ആന്തൂരിൽ നടത്തിയ പദയാത്ര സി.പി.ഐ.എമ്മിന് ഒട്ടും ദഹിക്കുന്നതായിരുന്നില്ല. ദാസന്റെ കൊലപാതത്തിന് 24 വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ വർഷമാണ് കോൺഗ്രസ് ആന്തൂരിൽ ഒരു പദയാത്ര പിന്നീട് സംഘടിപ്പിച്ചത്, സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ.

ആർ.എസ്.എസ് പ്രചാരകായിരുന്ന വിശ്വന്റെ കൊലപാതകം അവരെയും സജീവ രാഷ്ട്രീയത്തിൽ നിന്നും തിരഞ്ഞെടുപ്പുകളിൽ നിന്നും ഏറെക്കുറെ അകറ്റിനിർത്തി.

പദയാത്രയ്ക്കോ സ്ഥാനാർത്ഥിത്വത്തിനോ ആളുകളെ കിട്ടാത്ത അവസ്ഥയാണ് ആന്തൂരിലേത്. കഴിഞ്ഞ തവണ പതിവാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ സി.പി.ഐ.എം ഇതര പാർട്ടികൾക്കായി. ഇക്കുറി അത് 22 വാർഡുകളിലായി വർദ്ധിച്ചതു സന്തോഷകരമായ കാര്യമാണ്.

ആന്തൂരിലെ പ്രവാസി വ്യവസായിയായ സാജന് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യവും നോക്കുക. നഗരസഭാ അധികൃതർക്ക് എത്രമാത്രം അകമഴിഞ്ഞ പിന്തുണയാണ് സർക്കാർ നൽകിയത്. കേരളത്തിൽ മുഴുവൻ കാര്യമായ പ്രതിപക്ഷ പ്രതിഷേധങ്ങൾ നടന്നപ്പോഴും സംഭവസ്ഥലമായ ആന്തൂർ എത്രകണ്ടു പ്രതിഷേധിച്ചു എന്ന് അന്വേഷിക്കണം.

ആന്തൂർ ഒരു പ്രതീകം മാത്രമാണ്. ഒരു മെക്സിക്കൽ അപാരത എന്ന സിനിമ ചരിത്രം തലകീഴായി നിർത്തുന്നതാണെങ്കിലും അതേ സാഹചര്യം പേറുന്ന എത്രയോ പാർട്ടി ഗ്രാമങ്ങൾ കേരളത്തിലുണ്ട്. ഉത്തരേന്ത്യൻ നാടുകളിൽ എതിർസ്ഥാനാർത്ഥികളെ വെടിവെച്ചു കൊല്ലുകയാണെങ്കിൽ ഇവിടെയതു വെട്ടിക്കൊല്ലുകയാണ്. അവിടെയവർ പകൽവെളിച്ചത്തിലും കൊലകൾ നടത്തുന്നു. ഇവിടെ രാത്രികാലങ്ങളിൽ കൊലകൾ നടത്തി, പകൽവെളിച്ചത്തിൽ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നു.

എതിരില്ലാത്ത തിരഞ്ഞെടുപ്പുകൾ ഫാസിസത്തിന്റെ അടയാളങ്ങളാണ്. അതാഘോഷിക്കുന്നവർ ദയവു ചെയ്തു ജനാധിപത്യത്തെ കുറിച്ചു സംസാരിക്കരുത്.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)