ആഗോള സമ്പദ് വ്യവസ്ഥയെ കീഴ്‌മേല്‍ മറിക്കുന്ന യുദ്ധം

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ആഗോളസമ്പദ് വ്യവസ്ഥയുടെ മേല്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. റഷ്യയുടെ മേല്‍ പെട്ടെന്ന് ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തിന്റെ കറന്‍സി മൂല്യവും സാമ്പത്തിക ആസ്തികളും തകര്‍ക്കുകയും ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സ്ാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരാനിടയാക്കുകയും ചെയ്തു.

ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം റഷ്യയുടെ 1.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. പ്രമുഖ എണ്ണക്കമ്പനികളുടെ സഹായത്തോടെ പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്താണ് അവര്‍ ഈ നിലയിലെത്തിയത്. ഇതോടെ പാശ്ചാത്യ ബ്രാന്‍ഡുകള്‍ റഷ്യയില്‍ ബിസിനസ്സുകള്‍ ആരംഭിക്കുകയും റഷ്യന്‍ കമ്പനികള്‍ക്ക് വിദേശ നിക്ഷേപങ്ങള്‍ പെരുകുകയും ചെയ്തു.

എന്നാല്‍ ഉപരോധങ്ങള്‍ റഷ്യയെ വരിഞ്ഞു മുറുക്കുമ്പോള്‍ , വ്യാപാരികള്‍ യുറല്‍സ് ക്രൂഡ് ഓയില്‍ ബാരല്‍ ഒഴിവാക്കുന്നു, പാശ്ചാത്യ കമ്പനികള്‍ രാജ്യം വിടുകയോ സ്ഥാപനങ്ങള്‍ അടയ്ക്കുകയോ ചെയ്യുന്നു. റഷ്യന്‍ ഓഹരികള്‍ ആഗോള സൂചികകളില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടു, ന്യൂയോര്‍ക്കിലും ലണ്ടനിലും  റഷ്യന്‍ കമ്പനികളുടെ വ്യാപാരം നിര്‍ത്തിവച്ചു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യന്‍ ആഭ്യന്തര വിപണിയെ മാത്രം ബാധിക്കുന്നവയല്ല

ആഗോള ഇന്ധനവില വര്‍ധനവ്

ലോകത്തെ രണ്ടാമത്തെ വലിയ ക്രൂഡോയില്‍ കയറ്റുമതിക്കാരാണ് റഷ്യ. അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും എണ്ണയ്ക്കായി ഏറ്റവുമധികം ആശ്രയിക്കുന്നതും റഷ്യയെയാണ്. ഉപരോധത്തെത്തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് മറ്റ് രാജ്യങ്ങള്‍ നിര്‍ത്തിവെക്കുന്നതും പ്രമുഖ എണ്ണക്കമ്പനികള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമുപേക്ഷിച്ച് പോകുന്നതും ആഗോള വിപണിയില്‍ വലിയ തോതിലുള്ള ഇന്ധന വില വര്‍ധനവിനാണ് തുടക്കമിടുക.

ക്രൂഡ് ഓയില്‍ വ്യാപാരത്തിന്റെ ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ ഏകദേശം 20% വര്‍ദ്ധിച്ച് ബാരലിന് 115 ഡോളറിനടുത്താണ് വ്യാപാരം നടത്തിയത് . യുഎസ് ഓയില്‍ ഫ്യൂച്ചര്‍ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. യൂറോപ്പില്‍, മൊത്തവ്യാപാര പ്രകൃതി വാതകത്തിന്റെ വില ബുധനാഴ്ച റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നു, കഴിഞ്ഞ വെള്ളിയാഴ്ച അത് ഇരട്ടിയിലേറെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇങ്ങനെ ഭീമമായി ഉയരുന്ന വില ലോകമെമ്പാടും ഇന്ധനം കൂടുതല്‍ ചെലവേറിയതാക്കും, ഇത് യാത്രാ ചെലവും വര്‍ദ്ധിപ്പിക്കും. അവ പണപ്പെരുപ്പം കൂട്ടുകയും സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും, സ്തംഭനാവസ്ഥയെക്കുറിച്ചുള്ള ഭയം മൂലം ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ ഉയരുന്ന വിലയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ തീരുമാനങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും.

മറ്റ് മേഖലകളില്‍

റഷ്യന്‍ പ്രതിസന്ധി ഇന്ധന വിതരണ രംഗത്ത് മാത്രമല്ല ഭക്ഷ്യവസ്തുക്കളുടെ ആഗോള വിതരണ രംഗത്തും ആഘാതമേല്‍പ്പിക്കുമെന്നത് തീര്‍ച്ചയാണ്. ആഗോള ഗോതമ്പ് കയറ്റുമതിയുടെ 29% റഷ്യയില്‍ നിന്നാണ്. ഉപരോധത്തിന് പിന്നാലെ ഗോതമ്പിന്റെ വിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുകയും ഇത് ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം വളരെ ചെലവേറിയതാകുകയും ചെയ്തു. ആ ചെലവുകള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തും.

കരിങ്കടല്‍ വഴിയുള്ള സൂര്യകാന്തി എണ്ണയുടെ കയറ്റുമതി മുടങ്ങിയത് മൂലം എണ്ണയ്ക്കായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ തിരക്കിലാണ് വിപണികള്‍. ഇതോടെ പാമോയിലിന്റെ വില മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ കുതിച്ചു പൊങ്ങുകയാണ്.

Read more

എന്തായാലും യുദ്ധവും ഉപരോധവും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തില്‍ സിംഹഭാഗവും അനുഭവിക്കേണ്ടി വരുന്നത് റഷ്യ തന്നെയായിരിക്കുമെന്നത് സംശയമില്ല. ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ വിലയിരുത്തല്‍ പ്രകാരം, യുദ്ധത്തിന് ശേഷം 2023-ല്‍ റഷ്യയുടെ സാമ്പത്തിക ഉല്‍പ്പാദനം എത്തേണ്ടിയിരുന്ന നിലവാരത്തേക്കാള്‍ 7% താഴെയായിരിക്കും. കൂടാതെ ആ വര്‍ഷത്തെ ആഗോള വളര്‍ച്ച 1.1 ശതമാനം കുറയുകയും ചെയ്യും.