ഗാസാ ആക്രമണം ആഘോഷിക്കുന്നവരോടാണ്

ആബിദ് അലി ഇടക്കാട്ടിൽ 

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള വാർത്തകൾക്കുമുപരിയായി കഴിഞ്ഞ രണ്ടുദിവസങ്ങളായി മലയാളികൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്ന വിഷയമാണ് ഇസ്രായേൽ- പലസ്തീൻ വിഷയം. ഇപ്പോൾ അതിന് പ്രത്യേകിച്ചൊരു
വാർത്താപ്രാധാന്യം കൈവന്നത് മലയാളിയായ നഴ്സ്  സൗമ്യ ഇസ്രായേലിൽ വെച്ച് ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരണമടഞ്ഞതും അതേത്തുടർന്ന് ചില  രാഷ്ട്രീയപ്രമുഖരുടെ സോഷ്യൽ മീഡിയാ ഇടപെടലുമാണ്. ഉമ്മൻ ചാണ്ടി,
മാണി സി കാപ്പൻ, വീണ എസ് നായർ എന്നിവരുടെ അനുശോചനത്തിൽ ഹമാസിനെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത് വിവാദമാകുകയും അവർ വാക്കുകൾ പിൻവലിക്കുകയും ചെയ്തു. ചില പ്രത്യേക പോയിന്റുകൾ എടുത്തുപറഞ്ഞുവേണം
ഇത് ചർച്ച ചെയ്യാൻ.

നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കുന്നത് തെറ്റാണ് എന്നാണ്. അൽ ഖ്വയിദയെപ്പോലെയോ ലഷ്കർ-എ- ത്വയ്യിബയെ പോലെയോ ജെയ്ഷെ മുഹമ്മദിനേപ്പോലെയോ  ഒന്നും ഹമാസിനെ കാണുക സാദ്ധ്യമല്ല.  എന്നാൽ ഇസ്‌റയേലിന്റെ ശാഠ്യത്തെത്തുടർന്ന് അമേരിക്ക പോലുള്ള രാജ്യങ്ങൾ അതിന് തയ്യാറായിട്ടുണ്ട്.

ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കാൻ നമ്മുടെ നാട്ടിലെ ഹിന്ദുവലതുപക്ഷത്തെപ്പോലെ തന്നെ  യുക്തിവാദികളും ഉത്സാഹം കാണിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ അതിന് തയ്യാറാകാത്തത് മുസ്ലിം പ്രീണനത്തിനാണെന്ന് അവർ പറയുന്നു. ഹമാസ് തീവ്രവാദികളെന്ന് അവർ പറയാൻ കാരണം എൺപതുകളിൽ പലസ്തീൻ മോചനത്തിനായി ശ്രമം നടത്തിയിരുന്നു ഫത്താ പാർട്ടിയെയും പിഎൽഒ യെയും അപ്രസക്തമാക്കിക്കൊണ്ട് ഇന്നിപ്പോൾ പലസ്തീൻ മോചനത്തിന് മുൻപന്തിയിൽ നിൽക്കുന്ന ഹമാസ് ഇസ്ലാമിക് ബ്രദർ ഹുഡിൽ നിന്നും ഊർജ്ജമുൾക്കൊണ്ടു എന്ന ആരോപണം മുൻ നിർത്തിയാണ്. അതിൽ അല്പം വാസ്തവമുണ്ടാകാം. കഴിഞ്ഞ നൂറ്റാണ്ടിൽ ഈജിപ്തിൽ ഉദയം കൊണ്ട പൊളിറ്റിക്കൽ ഇസ്ലാമിന് പ്രത്യയശാസ്ത്ര അടിത്തറ നൽകിയ രണ്ടു പ്രസ്ഥാനങ്ങളിൽ ( ജമാഅത്തെ ഇസ്‌ലാമി, ഇഖ്‌വാനുൽ മുഹ്മിനീൻ) ഒന്നായ  സയ്യിദ് ഖുതുബ്, മുഹമ്മദ് ഖുതുബ് (ഖുതുബ് ബ്രദേഴ്‌സ്)  എന്നീ സഹോദരൻമാർ സ്ഥാപിച്ചതാണ്.  ഇന്ത്യയിൽ ആറെസ്സെസ്സിന്റ സ്ഥാപനത്തിനുപിന്നിൽ ഹെഡ്ഗേവാറിനുള്ള സ്ഥാനം തന്നെയാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്ഥാപനത്തിൽ ഖുതുബ് സഹോദരന്മാർക്കുള്ളത്. അതിന്റെ കാഴ്ചപ്പാടുകളിൽ നിന്നും ഊർജം ഉൾക്കൊണ്ടിരിക്കാൻ സാദ്ധ്യതയുണ്ട് എന്നത് ശരിയായിരിക്കാം. എന്നാൽ അതുകൊണ്ട് അവർ തീവ്രവാദികളാകുമോ എന്നതാണ് ചോദ്യം. ലോകത്ത് വിമോചനപ്പോരാട്ടങ്ങളുമായി ബന്ധപ്പെട്ടുനടന്ന അനേക തലങ്ങളിലുള്ള സംഘർഷങ്ങളിൽ പോരാട്ടങ്ങളിൽ മതങ്ങളിൽ നിന്നും ഊർജ്ജം കൊണ്ടവരുമുണ്ട്. പെട്ടെന്ന് പറയാൻ കഴിയുന്ന ഉദാഹരണങ്ങൾ അമേരിക്കൻ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട നമ്മൾ ഇപ്പോഴും പറയാറുള്ള ഒരു പേരാണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ. പറയാതെയും അറിയാതെയും പോകുന്ന മറ്റൊരു പേര് മാൽക്കം എക്സ് ആണ്. മാൽക്കം എക്സ് ആകട്ടെ മാർട്ടിൻ ലൂഥറിനെക്കാൾ അല്പംകൂടി രണോത്സുകനായിരുന്ന  മാൽക്കം എക്സ്  വർണ്ണവിവേചനത്തിനെതിരായുള്ള സമരത്തിന് ഊർജ്ജമുൾക്കൊണ്ടത് ഇസ്ലാമിൽ നിന്നുമാണ്. അദ്ദേഹം നേഷൻ ഓഫ് ഇസ്ലാമിന്റെ ഭാഗമായിരുന്നു. വർണ്ണ വിവേചനത്തിനെതിരെ പോരാടാൻ ഒരു  ഒരു മതത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ടു എന്നതുകൊണ്ട് അദ്ദേഹം മാനിക്കപ്പെടാതിരിക്കുന്നില്ല. ഇന്നുമദ്ദേഹം ആധുനികരായ നമ്മുടെ കണ്ണിലും പോരാളി തന്നെയാണ്.

ഇന്ത്യയിലേക്കുവന്നാൽ മഹാത്മാ ഗാന്ധിയെ കാണാം. അദ്ദേഹത്തെ ഹിന്ദു ഫണ്ടമെന്റലിസ്റ്റ് എന്നാണ് ഇഎംസ് വിളിച്ചത്. അക്കാലത്ത് അത് വിവാദമായിരുന്നു. അദ്ദേഹം ഫണ്ടമെന്റലിസ്റ്റോ അല്ലാതെയോ ആയിക്കൊള്ളട്ടെ സ്വാതന്ത്ര്യസമരത്തിനും സമൂഹപരിഷ്കരണത്തിനും ഗാന്ധിജി നൽകിയ സംഭാവനകൾ അപ്രസക്തമാകുന്നില്ല.  ഒരു പക്ഷെ മതരാഹിത്യത്തിന്റെ
നിലപാടിൽ നിന്നുകൊണ്ട് പ്രവർത്തിച്ച നെഹ്രുവിനേക്കാൾ ഒരുപടി ഉയരത്തിൽ ലോകമിന്നും പ്രിയങ്കരനായി കാണുന്നത് മഹാത്മാഗാന്ധിയെത്തന്നെയാണ്.  ( ഇക്കാര്യത്തിൽ വിയോജനങ്ങളുണ്ടാകാം. വ്യക്‌തിപരമായി യുക്തിവാദിയായ നെഹ്‌റുവിനെ കൂടുതൽ ഇഷ്ടപ്പെടുന്നയാളാണ്   ലേഖകനും )

1921 – ലെ മാപ്പിളലഹള എന്നുവിളിക്കപ്പെടുന്ന മലബാർ കലാപത്തെയും അതിൽ പങ്കെടുത്തവർ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളായതിനാൽ ഖിലാഫത്ത് മൂവ്മെന്റ്  സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന് വാദിക്കുന്നവർ ഇപ്പോഴുമുണ്ട്.
എന്നാൽ ഗാന്ധിജിമുതൽ ഇന്നുള്ള സമൂഹം വരെ അതിനെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമായി അംഗീകരിക്കുന്നുണ്ട്.

പലസ്തീനെ സംബന്ധിച്ച് ഇപ്പോൾ പറയുകയാണെങ്കിൽ വിമോചനം എന്നത് തികച്ചും ആവശ്യമായ ഒന്നാണ് എന്നുപറയാതെ വയ്യ.  സത്യത്തിൽ ഇസ്രായേൽ – പലസ്തീൻ വിഷയം ഇങ്ങനെ സംസാരിക്കേണ്ട ഒന്നല്ല  എന്നൊരു ആശയക്കുഴപ്പംകൂടി ഇപ്പോഴുണ്ട്.    അത് സംസാരിക്കുന്നവരുടെ  മതം, മതം ഉപേക്ഷിച്ചവരായാൽ പോലും അവരിൽ നിലനിൽക്കുമെന്നു കരുതപ്പെടുന്ന സ്വത്വബോധം എല്ലാം മറ്റൊരു കണ്ണിൽക്കൂടി കാണുവാൻ ഇടവരുത്തും.  വീണ്ടുവിചാരമില്ലാതെ  ഉപരിപ്ലവമായ ചിലതുകൊണ്ട്  ഫെയ്‌സ്ബുക്ക് പോസ്റ്റുകളിടുന്ന ആളുകളുണ്ട്. ഇസ്രായേൽ – പലസ്തീൻ വിഷയത്തെക്കുറിച്ച് സംസാരിക്കുക എന്നത് കുറെയധികം ചരിത്രങ്ങൾ റെഫർ ചെയ്യേണ്ട ആവശ്യമുള്ള കാര്യമാണ്. സാധാരണഗതിയിൽ നല്ല ഗ്രാഹ്യശേഷി
ഉള്ളവർക്കുപോലും  രണ്ടോ മൂന്നോ മാസം വേണ്ടിവരും അതിന്റെയെല്ലാം ടൈം ലൈനും ന്യായങ്ങളും മനസ്സിലാക്കിയെടുക്കാൻ. അങ്ങനെയുള്ളപ്പോഴാണ് മലയാളിയായ ഒരു യുവതി ഇസ്രായേലിൽ ആക്രമണത്തിൽ വധിക്കപ്പെട്ട സന്ദർഭം മുതലെടുത്തുകൊണ്ട് ഒരു കൂട്ടർ കടുത്ത ഇസ്രായേൽ അനുകൂല വികാരവുമായി രംഗത്ത് വന്നിട്ടുള്ളത്. അത് തികച്ചും മുൻവിധിയാൽ നയിക്കപ്പെടുന്ന
ഒന്നും മുസ്ലിം വിരുദ്ധത പടർത്താനുള്ള ശ്രമത്തിന്റെയും ഫലവുമാണ്. മാത്രമല്ല സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾക്കു കീഴിൽ  വരുന്ന കമന്റുകളിൽ ആദരാഞ്ജലിയോടൊപ്പം ഹമാസ്   അപലപനം മാത്രമേ പാടുള്ളൂ ഇസ്രയേലിനെ ഒന്നും പറയരുത്  എന്ന നിർബന്ധം കൂടി ഉണ്ടെന്ന മട്ടിലാണ് ചില പ്രത്യേക രാഷ്ട്രീയ താത്പര്യമുള്ളവരുടെ നിലപാട്.

ആക്രമണത്തിന്റെ കാര്യത്തിൽ ഒന്ന് ഒന്നിനോട് തൂക്കിനോക്കുകയല്ല ചരിത്രവും രാഷ്ട്രീയവും ചേർത്ത് നോക്കുമ്പോൾ മാത്രമേ പക്വമായ ഒരഭിപ്രായം പറയാൻ ഒരാൾ പ്രാപ്തനാകുന്നുള്ളൂ. ചരിത്രം പരിശോധിച്ചാൽ 1948- ലാണ് ആധുനിക  ഇസ്രായേൽ രാജ്യം സ്ഥാപിതമാകുന്നത്, അതിന്റെ സ്ഥാപനത്തിലേക്ക് നയിച്ചത് ഒരനീതിയാണ്. അത് മനസ്സിലാക്കാൻ ഒരുദാഹരണം പറയാം.

ലോകത്ത് ബുദ്ധമതം നിരവധി രാജ്യങ്ങളിലുണ്ടെങ്കിലും ബുദ്ധമതക്കാർക്കായി ഒരു രാജ്യമില്ല. അവരുടെ കപിലവസ്തു അടക്കമുള്ള വിശുദ്ധ സ്ഥലങ്ങളെല്ലാം നേപ്പാളിലും ഇന്ത്യയിലുമാണ്. ഭാവിയിൽ അവർ ഒരു ജനത എന്ന നിലയിൽ പ്രാധാന്യം നേടുകയും
ബിഹാറിന്റെയും ജാർഘണ്ടി ന്റെയും നേപ്പാളിന്റെയും കുറെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന രാജ്യം വേണമെന്ന് ആവശ്യം ഉന്നയിക്കപ്പെടുകയും യുഎൻ പോലുള്ള അന്നത്തെ ശക്തി അത് അംഗീകരിക്കുകയും ചെയ്താൽ അത് ഇന്ത്യക്ക് അംഗീകരിക്കാൻകഴിയില്ല. നേപ്പാൾ എത്ര ചെറുതും ദുർബലമായ രാജ്യമായാലും അവർക്കും അംഗീകരിക്കാൻ കഴിയില്ല. 1948 – ഹോളോകോസ്റ്റിനു ശേഷം   യഹൂദരോട് ലോകത്തിന് സഹതാപമുണ്ടായിരുന്നു. ആ  വംശീയ കൂട്ടക്കൊലയുടെ പേരിലുള്ള സഹതാപത്തിന്റെ പേരിൽ ഒടുവിൽ ആദാമിന്റെ വാരിയെല്ല് ഊരിയെടുത്ത് ഹവ്വയെ സൃഷ്ടിച്ചു എന്ന് പറയുന്നതുപോലെ പലസ്തീന്റെ മണ്ണ് മാന്തിയെടുത്താണ് ഇസ്രായേൽ സൃഷ്ടിച്ചു നൽകിയത്. ആ രൂപീകരണത്തോട് പലസ്തീനികൾക്ക് അന്നും എതിരുതന്നെയായിരുന്നു. കാരണം….

മനുഷ്യവാസം അസാദ്ധ്യമായ സിയാച്ചിനുവേണ്ടി മൂവായിരം കോടി മുടക്കിയിട്ടുണ്ട് ഇന്ത്യ. ഒരു മനുഷ്യജീവിക്ക് താമസിക്കാൻ അനുയോജ്യമായ ഇടമല്ല സിയാച്ചിൻ എന്നോർക്കണം. അങ്ങനെയുള്ളപ്പോൾ തലമുറകളായി നൂറ്റാണ്ടുകളായി മനസ്സമാധാനത്തോടെ കഴിഞ്ഞുവന്ന തങ്ങളെ ഒഴിവാക്കി അവിടെ മറ്റൊരു സെറ്റിൽമെന്റിന് വഴിയൊരുക്കുക എന്നുപറഞ്ഞാൽ ആർക്കാണ് അംഗീകരിക്കാൻ കഴിയുക?

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിച്ച വൻശക്തികളുടെ തീരുമാനത്തോട് വിയോജിക്കാനോ നിരാകരിക്കാനോ അന്ന് ദുർബലമായ പലസ്‌തീന്‌ കഴിവുണ്ടായിരുന്നില്ല. നമുക്കറിയാം ഇസ്രായേലിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി
നയതന്ത്രബന്ധങ്ങൾ ഉണ്ടായിരുന്നില്ല. കാരണം അവർ അല്പാല്പമായി കയ്യേറിക്കൊണ്ടിരുന്ന പലസ്തീന്റെ മുറവിളി ലോകം കേട്ടുകൊണ്ടിരുന്നതിനാലാണ്. മാത്രമല്ല നെഹ്രുവിനെപ്പോലുള്ള നേതാക്കന്മാർക്ക് ഒരു പുതിയ തിയോക്രാറ്റിക്ക് രാജ്യം പലസ്തീനിൽ സൃഷ്ടിച്ചുനല്കിയതിനോട് എതിർപ്പായിരുന്നു. അവർ സൈനീക ആയുധ ശക്തികൊണ്ട് പലസ്തീൻ ജനതയെ ഞെരിക്കുംതോറും ഇന്ത്യപോലുള്ള രാജ്യങ്ങൾ ഇസ്റായേലിനെ ഇഷ്ടപ്പെടാതിരിക്കുകയും പലസ്തീൻ വിമോചനത്തിന് പിന്തുണ കൊടുക്കുകയും ചെയ്തുപോന്നു.

സവർക്കറൈറ്റുകൾ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യവുമുണ്ട്. മതത്തിന്റെ പേരിൽ പാകിസ്താനുണ്ടായപ്പോൾ അനുഭവിക്കേണ്ടിവന്ന കെടുതികൾ കണ്മുന്നിൽ കണ്ടതുകൊണ്ടാണ് അതുപോലെതന്നെ മറ്റൊരു മതത്തിന് മേൽക്കയ്യുള്ള രാജ്യം പലസ്തീനിൽ കുഴിച്ചുവെക്കാൻ സമാധാനസ്‌നേഹികളായ നമ്മുടെ നേതാക്കന്മാർ ഇഷ്ടപ്പെടാതിരുന്നത്. ഒരു മതത്തിന്റെ പേരിൽ ‘ഹോളി ഫാദർ ലാൻഡ്’ എന്ന പേരിൽ ലോകത്ത് എവിടെയും ജീവിക്കുന്ന ഒരാൾക്ക് ഇവിടേയ്ക്ക് വരാമെന്നും മറ്റൊരു
മതത്തിൽ ജനിച്ചുപോയതിന്റെ പേരിൽ കുറേപ്പേർ തലമുറകളായി ജീവിച്ചുപോന്ന ഭൂമിയിൽ നിന്നും പുറത്തുപോകേണ്ടിവരികയും ചെയ്യുക എന്ന പൗരത്വഭേദഗതിയാണ് ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് തീർത്തും പരിഷ്കൃതബോധമുള്ള ഒരാൾക്കും അംഗീകരിക്കാൻ സാദ്ധ്യമല്ലാത്തതുമാണ്. പൗരാന്തസ്സിനു നിരക്കാത്ത ഈ കാര്യം ലോകത്ത്
ഏതൊരു മനുഷ്യനാണ് അംഗീകരിക്കാൻ കഴിയുക?  ഇതിന് സമാനമായ ഒന്നാണ് പലസ്തീനിലും വൻ ശക്തികളുടെ സഹായത്തോടെ നടന്നത്.

ഇന്ത്യ സ്വാതന്ത്രമാകുന്ന കാലം മുതൽ നെഹ്രു തൊട്ട് ലാൽ ബഹാദൂർ ശാസ്ത്രി, ചരൺ സിംഗ്, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി അങ്ങനെ മൻമോഹൻ സിംഗ് വരെയുള്ള എല്ലാ പ്രധാമന്ത്രിമാരും നമ്മുടെ പ്രാദേശികനേതാക്കന്മാർ വരെ മേൽപ്പറഞ്ഞ കാരണങ്ങളാൽ പലസ്തീനെ അനുകൂലിച്ചിരുന്നവരാണ്. അതിന്റെ കാരണം വ്യക്തമാണ്. പലസ്തീൻ അവിടത്തെ ജനതയുടേതാണ്. തോറയിലെ വിദ്വേഷം കൊണ്ട് അതിനെ നിരാകരിക്കാൻ കഴിയില്ല. ഇതിനു സമാനമാണ് ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ കാര്യം. ഇന്ത്യയിലെ ഏതൊരു ക്ഷേത്രവും അത് അടുത്ത കാലത്ത് കലാപമുണ്ടായ ശബരിമല വരെ സംരക്ഷിക്കപ്പെടണം എന്നാണ് നമ്മുടെ ആഗ്രഹം. അതിനോട് ചേർത്ത് പറയാൻ കഴിയാത്തത് ഒരു മിത്തിനോട് ബന്ധപ്പെട്ട അവകാശവാദമുന്നയിച്ച് അയോദ്ധ്യയോടു മാത്രമാണ്. എന്നതുപോലെ തന്നെയാണ് ചരിത്രം മാറി ഓടിക്കൊണ്ടിരിക്കുമ്പോൾ  തിയോളജിക്കൽ ന്യായങ്ങൾ വെച്ച് ആയിരക്കണക്കിന് കൊല്ലങ്ങൾക്കുശേഷം എന്തിനെയെങ്കിലും അവകാശപ്പെടുന്നതും അതിനുവേണ്ടി ഏതറ്റം വരെയും പോകുന്നതിനെ ആധുനികലോകം അംഗീകരിക്കില്ല. ഇസ്രയേലിനുവേണ്ടി മുസ്ലീങ്ങളും യഹൂദരും ക്രിസ്ത്യാനികളും
അവകാശവാദമുന്നയിക്കുന്നുണ്ട്. അത് കേവലം അവരുടെ മതത്തിനടിസ്ഥാനപ്പെടുത്തി മാത്രമാണ്. അംഗീകരിക്കാൻ കഴിയുന്ന
കാര്യം അതൊന്നുമല്ല. അവിടെ വസിച്ചുപോന്നവർ ആർ എന്നതിലാണ്.  ഇസ്രായേൽ 1948-ൽ ഉണ്ടായതിനേക്കാൾ രണ്ടര ഇരട്ടി പ്രദേശമാണ് അവർ ഇന്ന് കൈവശം വെച്ചിരിക്കുന്നതെന്നും വെസ്റ്റ് ബാങ്ക് ഗാസ എന്നിവിടങ്ങളിലേക്കും പലസ്തീൻ ജനതയെ ഞെരിച്ചുകളഞ്ഞതും മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്ലാമിക് ബ്രദർഹുഡിന്റെ പേരിൽ ഹമാസിനെ തള്ളിപ്പറയുന്നതിനെക്കുറിച്ച് പറയുമ്പോൾ മറ്റൊരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. അടുത്ത കാലത്ത് ഉയർന്നുവന്നൊരു വാദമുണ്ടായിരുന്നു, സുഭാഷ് ചന്ദ്രബോസ് നാസി തലവനായ ഹിറ്റ്‌ലറുമായി ബന്ധമുണ്ടായിരുന്നതിനാൽ അത്രയ്ക്കൊന്നും ബഹുമാനിക്കേണ്ടതില്ല എന്നായിരുന്നു അത്. അത്തരം വാദങ്ങളുയർത്തുന്നവർ മനസ്സിലാക്കേണ്ടത് ഒരു രാജ്യത്തെ സ്വതന്ത്രമാക്കേണ്ട ആവശ്യകതയിൽ ആശയറ്റ അവസ്ഥയിലാണ് അത്തരം ചില ബന്ധങ്ങൾ സ്ഥാപിക്കുന്നത്. മാത്രമല്ല ഹിറ്റ്ലർ നടത്തുന്ന ജൂത കൂട്ടക്കൊലയെക്കുറിച്ച് കഥകൾ പുറത്തുവരുന്നത് വളരെ വൈകിയാണ്.
ഇതുപോലെ തന്നെയാണ് ഹമാസിന് മുസ്ലിം ബ്രദര്ഹുഡ്ഡുമായി ബന്ധമുണ്ടായിരുന്നു എന്ന പേരിൽ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന അവർ തെറ്റല്ലാതിരിക്കുന്നത്.

പലസ്തീന്റെ മാത്രമല്ല, ജോർദാന്റെയും സിറിയയുടെയും ലെബാനോന്റെയുമെല്ലാം കുറെ ഭാഗങ്ങൾ ഇസ്രയേലിന്റെ കൈവശമുണ്ട്. അതിനെതിരെയൊന്നും ശബ്ദിക്കാൻ മറ്റൊരു രാജ്യത്തിനും ധൈര്യമില്ല. യുഎന്നിൽ ഒരു പ്രമേയം വന്നാൽപ്പോലും
അവരുടെ കൂട്ടാളിയായ അമേരിക്ക വീറ്റോ പവർ ഉപയോഗിച്ച് പരാജയപ്പെടുത്തിക്കളയും എന്ന ധൈര്യം അവർക്കുണ്ട്. അധിനിവേശം ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ആർഎസ്എസ് ഒരു ഫാസിസ്റ്റു സംഘടനയാണ്. എന്നാൽ ഒരിക്കൽ ചൈന ഇന്ത്യയിലേക്ക് കടന്നുകയറുകയും  ആർഎസ്എസ് അതിനെതിരെ പടപൊരുതുകയും ചെയ്താൽ നമുക്ക് ന്യായം ആർഎസ്എസിന്റെ ഭാഗത്താണെന്നു പറയാൻ കഴിയും. പിന്നെ എന്തുകൊണ്ട് മതതീവ്രവാദസംഘടനയല്ലാത്ത ഹമാസിന്റെ പ്രതിരോധത്തെ അംഗീകരിച്ചുകൂടാ ?

സംഘ്പരിവാർ അനുകൂലികൾ പറയുന്നത് ഇസ്രയേലിന്റെ സൈനീക വാഗ്ദാനങ്ങളും സഹായങ്ങളും ഇന്ത്യക്കുണ്ട് എന്നാണ്. അവർ വലിയ ശക്തിയാണെന്നുള്ളതോ ഇന്ത്യയെ സഹായിക്കും എന്നുള്ളതു ഫലസ്തീനികളെ ഒതുക്കിക്കളയാനും
ഗാസയിലെ വെസ്റ്റ് ബാങ്കിലും ആളുകളെ കൊല്ലാനോ ഉള്ള ലൈസൻസല്ല. പലസ്തീനുമായി എന്നും ഇന്ത്യ സൗഹൃദത്തിലായിരുന്നു. അവരുമായി മാത്രമല്ല മിക്കവാറും എല്ലാ അറബ് രാജ്യങ്ങളുമായി നല്ല സഹകരണം പുലർത്തിയിരുന്നവരാണ് നമ്മുടെ ഭരണകർത്താക്കൾ. കുവൈറ്റ് യുദ്ധമുണ്ടായ സമയത്ത് ഇറാഖി പട്ടാളം ഇന്ത്യക്കാരോട് മാന്യത കാട്ടിയതിന് നിരവധി
അനുഭവസാക്ഷ്യങ്ങളുണ്ട്. അത് ഭരണകർത്താക്കളുടെ മേന്മയായിരുന്നു. ഇന്ന് മതത്തിന്റെ പേരിൽ മുസ്ലീങ്ങളെ വെറുക്കുന്ന ഭരണകൂടം  അറബ് നാടുകളിൽ ഇന്ത്യക്കുണ്ടായിരുന്ന അന്തസ്സാണ് നഷ്ടപെടുത്തുക.

കേരളത്തിൽ ഇപ്പോൾ കണ്ട ഏറ്റവും വിചിത്രമായ ഒരു കാര്യം പലസ്തീൻ തെറ്റാണെന്നും ഇസ്രായേൽ പൂർണ്ണമായും ശരിയാണെന്നുമുള്ള  ധ്വനി വരുന്ന പോസ്റ്റുകൾ തങ്ങൾ  ‘യുക്തിവാദികൾ’  ആണാവകാശപ്പെടുന്നവർ പ്രചരിപ്പിക്കുന്നു എന്നതാണ്. ഇസ്രായേലിൽ നിന്നും ഒരു മലയാളി യുവാവ് അയച്ച വീഡിയോ ആണ് അവർ ആധാരമാക്കിയിരിക്കുന്നത്. ആ വീഡിയോ ശ്രദ്ധിച്ചാൽ അറിയാം. അത് പകർത്തിയ ആൾ സംഭവസ്ഥലത്തുണ്ട് എന്ന് മാത്രമേയുള്ളൂ. എന്തെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ആവേശത്തോടെ
സംസാരിക്കുന്നത്. ഇസ്രായേലിൽ പൗരന്മാരായ പലസ്തീനികൾക്ക് വെള്ളവും ഓക്സിജനുമൊക്കെ ഗവണ്മെന്റ് കൊടുക്കുന്നുണ്ട് എന്ന് പറയുന്ന ഒരു സാക്ഷരന്റെ നിലവാരം  ഒന്ന് ചിന്തിച്ചുനോക്കുക. ഒരു പ്രദേശം കീഴടക്കിയാൽ അവിടത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റേണ്ടത്  അധിനിവേശികൾ തന്നെയാണ്. അതിനെ മഹത്വവത്കരിച്ചോ ഔദാര്യമായോ അവതരിപ്പിക്കുന്നത് എത്ര നിരുത്തരവാദപരമാണെന്നു നോക്കണം. മാത്രമല്ല വീഡിയോ എടുത്തയാളുടെ മുൻവിധി തികച്ചും മുസ്ലിം വിരുദ്ധ വെറി ആണെന്നത് വ്യക്തമാണ്. ‘പത്ത് മിനിറ്റുമതി ഗാസ തീരാൻ… നൂറു ബോംബ് മതി’   എന്നെല്ലാം അയാൾ പറയുന്നതിലെ മനുഷ്യത്വവിരുദ്ധത ചിന്തിച്ചുനോക്കുക. ഗാസ എന്നുപറഞ്ഞാൽ ഹമാസ് മാത്രമല്ല. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങിയതാണെന്ന് അറിയാമെങ്കിൽപ്പോലും അയാളുടെ മത-ജാതി വെറി അങ്ങനെതന്നെ പറയിക്കും. അതേ മനസ്സുള്ളവരാണ് ആ വീഡിയോ പ്രചരിപ്പിക്കുന്നതും.

അതിനേക്കാൾ അതിശയപ്പെടുത്തിയതാണ് പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്ത് യുക്തിവാദ  ഗ്രൂപ്പുകൾ ആഘോഷിച്ചത്. ഇത് യുക്തിവാദിയായ എന്നെ കടുത്ത നിരാശയിലാക്കുന്നു. കൂടാതെ എക്സ്-മുസ്ലിം ആയിട്ടുള്ളവർ തങ്ങളുടെ യുക്തിവാദം
പൂർണ്ണമാണെന്നും തങ്ങൾ വിട്ടുപോന്ന മതത്തിന്റെ ഹാങ് ഓവർ ഒട്ടും തന്നെ തങ്ങളിൽ അവശേഷിക്കുന്നില്ല എന്നും  തെളിയിക്കുന്നതിനുവേണ്ടി കിരാതമായ രീതിയിലാണ് ഗാസ ആക്രമിക്കപ്പെടേണ്ടതാണ് എന്ന രീതിയിൽ സന്തോഷിക്കുന്നത്.
മുൻപൊരിക്കൽ അയ്‌ലാൻ ഖുർദി എന്ന ഒരു കൊച്ചുകുട്ടിയുടെ മൃതദേഹം കടൽത്തീരത്ത് കിടക്കുന്ന ചിത്രം ആഘോഷിക്കപ്പെട്ടത് ‘ ഇവർ മുസ്ലീങ്ങളല്ലേ’ എന്ന രീതിയിലൊക്കെയാണ്. യമനിലെ പട്ടിണിക്കോലങ്ങളുടെ ചിത്രങ്ങളും ഇത്തരം ചില വാക്കുകളാണവർ പറയുക. അല്ലാതെ മനുഷ്യാവസ്ഥയോ ഒന്നുമല്ല.
ഇവർ സ്വയം വിളിക്കുന്നത് യുക്തിവാദികൾ എന്നാണ്. അത്തരക്കാരോട് പറയാൻ ഒന്നേയുള്ളൂ.  ഞാനും യുക്തിവാദിയാണ്. പക്ഷെ നിങ്ങളുടെ ഈ ചിട്ടിയിൽ ഞാനില്ല.