കശ്മീര്‍ പ്രശ്‌നബാധിതമാക്കിയത് ശ്യാമപ്രസാദ്. അനാവശ്യ വാശി പണ്ഡിറ്റുകളെ ദുരിതത്തിലാക്കി.

ഇന്ത്യയില്‍ ഏറെ കൊല്ലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു മാനവികാവകാശപ്രശ്നമാണ് കശ്മീര്‍ പണ്ഡിറ്റുകളുടേത്. സ്വാതന്ത്ര്യാനന്തരം എരിഞ്ഞുതുടങ്ങിയ പ്രശ്നം ഏറ്റവും വഷളായത് 1989 ഓടു കൂടിയാണ്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ പേരുകളില്‍ തീവ്രവാദികള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണായിരുന്നില്ല കശ്മീര്‍. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കശ്മീരി ശൈവിസത്തിന്‍റെയും ബുദ്ധമതതത്വങ്ങളുടെയും സൂഫി ദര്‍ശനങ്ങളുമെല്ലാം ചേര്‍ന്നതായിരുന്നു കശ്മീരിയത്ത് എന്ന അവരുടെ പ്രാദേശികസംസ്കാരം. അധികാരം കൈവിട്ടൊഴിയേണ്ടിവരുമെന്ന അവസ്ഥ വന്നപ്പോള്‍ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് തന്ത്രത്തെപ്പോലും മറികടന്ന സാമുദായികസൗഹാര്‍ദ്ദം പിന്തുടര്‍ന്ന ജനത. പിന്നെ എന്താണ് സംഭവിച്ചത് ആ താഴ്വരയില്‍ ? 1947 ല്‍ ബ്രിട്ടീഷുകാര്‍ പോയതിനുശേഷം അശാന്തിയുടെ വിത്തുകള്‍ മുളപൊട്ടിയത് എവിടെയാണ് ?

1950 ല്‍ ഇന്ത്യന്‍ യൂണിയന്‍ ഒരു റിപ്പബ്ലിക് ആയതിനുശേഷം പല കൊല്ലങ്ങളിലായിട്ടാണ് ഓരോ പ്രദേശങ്ങള്‍ക്ക് സംസ്ഥാനപദവി ലഭിച്ചത്. 1949 ജൂലൈ 1 ന് യുണൈറ്റഡ് സ്റേറ്സ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചി എന്ന ഔദ്യോഗിക നാമത്തില്‍ തിരുകൊച്ചിയും പിന്നീട് മദ്രാസ് പ്രെസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറും ചേര്‍ത്ത് 1956 നവംബര്‍ 1 ന് കേരളസംസ്ഥാനവും രൂപം കൊണ്ടത് നമുക്കറിയാം. അതിനുകാരണം ഓരോ രാജ്യങ്ങളുടെ അഥവാ സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്ണയിക്കപ്പെട്ടത് മുന്‍കാലങ്ങളിലെ സൈനീകശേഷിയുടെയോ ഭൂസ്വത്തിന്‍റെയോ മാനദണ്ഡത്തില്‍ നിന്നും വിഭിന്നമായി ഭാഷയുടെ അടിസ്ഥാനത്തിലാണ്.

അതിനുശേഷം 1971 ല്‍ ഹിമാചല്‍ പ്രദേശ് മുതല്‍ 2014 ല്‍ തെലങ്കാന വരെ പത്ത് സംസ്ഥാനങ്ങള്‍ കൂടി രൂപം കൊള്ളുകയുണ്ടായി. എന്നാല്‍ സംസ്ഥാന പദവി നഷ്ടപ്പെട്ടത് ഒരു രാജ്യത്തിന് മാത്രമാണ്. 1947 -ല്‍ ഇന്ത്യന്‍ യൂണിയനോട് ചേരാന്‍ തയ്യാറായ പ്രദേശത്തിന്‍റെ സംസ്ഥാനപദവി 2019 ഓഗസ്റ്റ് 5 ന് ഒരു പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വഴി എടുത്തുകളയുകയും ജമ്മു കശ്മീര്‍ ലഡാക്ക് എന്നീ രണ്ടു പ്രവിശ്യകളായി തിരിച്ച് കേന്ദ്രഭഭരണം പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഓര്‍ഡര്‍ എന്നാണ് അതിനു കൊടുത്ത പേര് എങ്കിലും ഭരണഘടനാ വിരുദ്ധമായ ഈ ഓര്‍ഡര്‍ പാര്‍ലമെന്‍റിലെ മൃഗീയ ഭൂരിപക്ഷത്തെ പ്രയോജനപ്പെടുത്തി സൃഷ്ടിച്ചെടുത്തതാണ് ഏവര്‍ക്കുമറിയാം. ഭരണഘടനാ പ്രകാരം ജമ്മു കശ്മീര്‍ നിയമസഭക്കാണ് ആ സംസ്ഥാനത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ആദ്യം കൈക്കൊള്ളാനുള്ള അധികാരം.

ഇന്ത്യ എന്ന ഒരു രാജ്യത്തെ മുറിച്ച് ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി തിരിച്ചതാണെന്നു ധരിച്ചുവെച്ചിരിക്കുന്ന ആളുകള്‍ ഈ കൈവശപ്പെടുത്തലിനെ ആഘോഷിക്കാറുണ്ട്. അവര്‍ കരുതിയിരിക്കുന്നത് ചിരപുരാതനകാലം മുതല്‍ ഭാരതം ചാതുര്വര്ണ്ണ്യത്തിനുകീഴില്‍ ആഹ്ളാദചിത്തരായി കഴിഞ്ഞിരുന്ന പ്രജകള്‍ നിറഞ്ഞ ഒരു ഒറ്റരാജ്യമായിരുന്നു എന്നൊക്കെയാണ്.

പരസ്പരം കലഹിച്ചും യുദ്ധം ചെയ്തും കഴിഞ്ഞിരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചും ചിലതിനെല്ലാം സോപാധികമായി പ്രിന്‍സ്ലി സ്റ്റേറ്റ് സ്റ്റാറ്റസ് കൊടുത്തും സമീനുകളും ജാഗീറുകളുമൊക്കെയായി കണക്കാക്കി റസിഡന്‍റുമാരെ വാഴിച്ച് മുന്നോട്ടുപോയിരുന്ന ബ്രിട്ടീഷുകാര്‍ രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം ഭരണം ഉപേക്ഷിച്ചുപോകുമ്പോള്‍ ഒരൊറ്റ എന്‍റിറ്റിക്കായി ഈ ഭൂഭാഗം മുഴുവനും തീറെഴുതി കൊടുത്തില്ല. ബ്രിട്ടീഷ് ഭരണം കൊണ്ടുമാത്രം നേടിയ ലോകപരിചയവും വിദ്യാഭ്യാസവും കൊണ്ട് രൂപപ്പെട്ട ദേശീയ പ്രസ്ഥാനം മിക്കവാറും നാട്ടുരാജ്യങ്ങളിലെ ജനങ്ങളെ ഭാഗീകമായി ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തിയെങ്കിലും ഓരോ രാജ്യങ്ങള്‍ക്കും അവരവരുടേതായ അസ്തിത്വം ഉണ്ടായിരുന്നു. അഞ്ഞൂറ്റി അറുപതോളം നാട്ടുരാജ്യങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞതും അവര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തയ്യാറായതും അക്കാലത്തെ ദേശീയനേതാക്കളുടെ ഉദ്ദേശ്യശുദ്ധിയും ധാര്‍മ്മികമൂല്യങ്ങളും കൊണ്ടാണ്. എന്നാല്‍ അതിന് തയ്യാറാകാതിരുന്ന ചില രാജ്യങ്ങള്‍ ഉണ്ടായിരുന്നു. കാരണം അവയ്ക്ക് സ്വതന്ത്രമായി നില്‍ക്കാനുള്ള ശേഷിയുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഈ അവസരത്തിലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ചരിത്ര പ്രാധാന്യം.

രാജഭരണകാലം കഴിഞ്ഞു എന്നും ഇനി ജനായത്തഭരണത്തിനെ നിലനില്‍പുള്ളൂ എന്നും ബോധ്യമായ ബഹുഭൂരിപക്ഷം രാജാക്കന്മാരും രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുത്തു. ചിലര്‍ക്ക് യൂണിയന്‍ ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. കുറെപ്പേര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ മതിയായിരുന്നു. കൊച്ചി രാജാവാകട്ടെ പട്ടേലിന്‍റെ പ്രതിനിധിയായ വിപി മേനോനോട് വര്‍ഷാവര്‍ഷം ഒരു കലണ്ടര്‍ എത്തിച്ചാല്‍ കൊള്ളാമായിരുന്നു എന്ന ആവശ്യം മാത്രമേ ഉന്നയിച്ചുള്ളൂ എന്നും പറയപ്പെടുന്നു.

ഒടുക്കം വരെ ഇതിന് തയ്യാറാകാതിരുന്നത് മൂന്നു രാജ്യങ്ങളായിരുന്നു. ജുനഗഡും ഹൈദരാബാദും കശ്മീരും. ജുനഗഡിലെ നവാബ് മഹബത് ഖാന്‍ മൂന്നാമന്‍ ഭരണം ഒഴിയാന്‍ തയ്യാറായിരുന്നു. എന്നാല്‍ തന്‍റെ രാജ്യം പാകിസ്താനോട് ചേരാനാണ് ഇദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ ജനഹിതം ഇന്ത്യയോട് ചേരാന്‍ ആയതിനാല്‍ നവാബ് പാകിസ്താനിലേക്ക് പലായനം ചെയ്തു. ജുനഗര്‍ ഇന്ത്യയോട് ചേര്‍ന്നു.

ഹൈദരാബാദ് നൈസാം വാശിപിടിച്ചെങ്കിലും സൈനികമായി സമ്മര്‍ദ്ദത്തിലാക്കി ആ രാജ്യത്തെ ചേര്‍ക്കാന്‍ സാധിച്ചു . അപ്പോഴും കശ്മീര്‍ രാജാവായിരുന്ന ഹരിസിംഗ് തന്‍റെ രാജ്യത്തെ സ്വതന്ത്ര രാജ്യമാക്കി നിര്‍ത്താന്‍ ആഗ്രഹിച്ചു. ജുനഗഡിനെയോ ഹൈദ്രാബാദിനെയോ പോലെ ഇന്ത്യന്‍ യൂണിയന്‍റെ ഭൂഭാഗത്തിനുള്ളില്‍ ആയിരുന്നില്ല കശ്മീര്‍ എന്നതിനാലും ദേശീയ പ്രസ്ഥാനത്തിന്‍റെ ധാരക്ക് ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നില്ല ആ പ്രദേശം എന്നതിനാലും നമ്മുടെ ദേശീയ നേതാക്കളില്‍ നിന്നും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പുണ്ടായില്ല.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല എന്ന ഒരു കരാറില്‍ സ്വതന്ത്ര കശ്മീര്‍ 1947 നവംബറില്‍ പാകിസ്താനുമായി ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഹിന്ദു രാജാവിന് കീഴിലുള്ള ജനങ്ങളില്‍ ഭൂരിഭാഗവും മുസ്ലിങ്ങള്‍ ആയതിനാല്‍ പാകിസ്താന് കാശ്മീരില്‍ ഒരു കണ്ണുണ്ടായി. ചില ഗോത്രവര്‍ഗ്ഗങ്ങളെ കയ്യിലെടുത്ത് പാകിസ്ഥാന്‍ കാശ്മീരില്‍ മേല്‍ക്കൈ നേടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തന്‍റെ നിലനില്പില്‍ ഭയം തോന്നിയ മഹാരാജാ ഹരിസിംഗ് ഇന്ത്യയോട് സൈനീകസഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കശ്മീര്‍ മറ്റൊരു രാജ്യമാണെന്നും അവിടേയ്ക്ക് സൈന്യത്തെ അയച്ച് അയല്‍ രാജ്യമായ പാകിസ്താനെ പ്രകോപിപ്പിക്കുന്നത് ഹിതകരമെല്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതിനിടെ കശ്മീരികള്‍ക്കിടയില്‍ ഒരു ജനനേതാവായി വളര്‍ന്നുകഴിഞ്ഞിരുന്ന ഷെയ്ഖ് അബ്ദുള്ള തങ്ങളുടെ രാജ്യത്തെ ഇന്ത്യന്‍ യൂണിയനൊപ്പം നില്ക്കാന്‍ ആഗ്രഹിച്ചത് ഹരിസിംഗ് രാജാവിനെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ ചില ഉപാധികളോടെ ഈ ജനഹിതത്തിന് രാജാ ഹരിസിംഗ് വശംവദനായി. ആ ഉപാധികള്‍ അനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 35 അ യും 370 ഉം എഴുതിച്ചേര്‍ത്ത്. ഇത് ഇന്ത്യന്‍ കോ?സ്റ്റിറ്റുഷനല്‍ അസ്സംബ്ലി 1949 നവംബര്‍ 26 ന് അംഗീകരിച്ചു.

ഇന്ത്യയുടെ ഭരണഘടനാസമിതി ഓരോ സംസ്ഥാങ്ങളെയും അവരവരുടെ ഭരണഘടന സമര്‍പ്പിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മൈസൂര്‍, യുണൈറ്റഡ് സ്റേറ്സ് ഓഫ് കത്തിയവാര്‍ എന്ന സൗരാഷ്ട്ര, തിരുകൊച്ചി എന്നീ മൂന്ന് രാജ്യങ്ങളില്‍ മാത്രമേ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായുള്ളൂ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ യൂണിയന് പൊതുവായി ഒരു ഭരണഘടന മതി എന്ന തീരുമാനത്തില്‍ സംസ്ഥാനങ്ങള്‍ എത്തിച്ചേരുകയായിരുന്നു. കശ്മീരിര്‍ യൂണിയനില്‍ ചേര്‍ന്നത് മറ്റു രാജ്യങ്ങളെപ്പോലെ അല്ലാതിരുന്നതിനാല്‍ പ്രതിരോധം, വിദേശകാര്യം, വരാത്താവിനിമയം എന്നിവയിലൊഴികെ ഇതരകാര്യങ്ങളില്‍ കാശ്മീരിന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം സ്വയംനിര്‍ണയാവകാശം ലഭിച്ചു.

അതിര്‍ത്തിയിലെ പാക് അനുകൂലികളായ കലാപകാരികളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് നേപ്പാള്‍ പോലെയോ ഭൂട്ടാന്‍ പോലെയോ ഇന്ത്യയുടെ ഒരു അയല്‍ രാജ്യമാകുമായിരുന്നു കശ്മീരും. എന്നാല്‍ ആ ആപത് ഘട്ടത്തെ നേരിടാന്‍ രാജാവ് പരാജയപ്പെട്ടതും ഷെയ്ക്ക് അബ്ദുല്ലയുടെ ഇന്‍ഡ്യാ അനുകൂല നിലപാടും കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ അംഗമാകുന്നതിന് കാരണമായി.

പ്രത്യേകം ഓര്‍മ്മിക്കേണ്ട ഒരു കാര്യം, ഒരു രാജ്യം മറ്റൊരു രാജ്യത്തോടോ ഒരു രാജ്യങ്ങളുടെ യൂണിയന്‍ അംഗരാജ്യത്തോടോ ഏര്‍പ്പെടുന്ന കരാര്‍ അതില്‍ ഏര്‍പ്പെട്ട വ്യക്തികളുടെ കാലം കഴിഞ്ഞുപോയാലും പാലിക്കപ്പെടേണ്ടതാണ്. രണ്ട് ഉപാധികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന കാശ്മീരിനെ സംബന്ധിച്ച് ആ ഉപാധികള്‍ പിന്‍വലിച്ചാല്‍ അത് മറ്റൊരു രാജ്യമായി മാറും. ഇതിന്‍റെ യുക്തിയോ ധാര്‍മ്മികതയോ ഒന്നും കണക്കിലെടുക്കാതെയാണ് കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയിരിക്കുന്നതും നേതാക്കന്മാരെ വീട്ടുതടങ്കലില്‍ ആക്കിയതും. ലോകത്ത് എല്ലാത്തരം അധിനിവേശങ്ങള്‍ക്കും കരാര്‍ ലംഘനങ്ങള്‍ക്കും അവകാശനിഷേധങ്ങള്‍ക്കുമെതിരെ നിലപാടെടുക്കുന്ന ഇന്ത്യയുടെ പാരമ്പര്യത്തിന് കടകവിരുദ്ധമായി കശ്മീര്‍ വിഷയത്തില്‍ എടുത്ത നിലപാട്.

നാട്ടുരാജ്യങ്ങളെ ഒരുമിച്ചു ചേര്‍ത്തതുമൂലം ഭാരതത്തിന്‍റെ ഉരുക്കുമനുഷ്യന്‍ എന്ന പേര് ലഭിച്ചയാളാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അദ്ദേഹം ഈ ഉദ്ദേശ്യത്തിനായി പുറപ്പെട്ട എല്ലാ ദൗത്യവും വിജയം വരിച്ചു എന്നും കശ്മീര്‍ ചേര്‍ക്കാനായി പോയ നെഹ്റു 370 എന്ന ഒരു വലിയ ബാധ്യതയും പേറിയാണ് മടങ്ങിവന്നതെന്നുമുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതില്‍ വാസ്തവം ഒന്നും തന്നെയില്ല. ഏകീകരണം നടക്കുമ്പോഴും കശ്മീരിനെ മറ്റൊരു രാജ്യമായിത്തന്നെയാണ് പട്ടേലും കണ്ടിരുന്നത്. ഇന്ത്യ എന്ന സംയുക്തരാജ്യത്തെ ഒരിക്കലും പ്രതികൂലമായി ബാധിക്കാത്ത ഉപാധികള്‍ അംഗീകരിച്ചുകൊണ്ടായാലും കാശ്മീരിനെ യൂണിയനില്‍ ചേര്‍ക്കാനുള്ള വഴിയൊരുക്കുകയാണ് ജവഹര്‍ലാല്‍ നെഹ്റു ചെയ്തത്.

ഷെയ്ക്ക് അബ്ദുല്ലയുടെ സ്വാധീനം മൂലം കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്നതിനായി പട്ടേലിനെ നെഹ്റു അവിടേയ്ക്ക് അയച്ചില്ല എന്നും പ്രചാരണമുണ്ട്. അതിലൊന്നും വാസ്തവമില്ല. പുരോഗമനവാദിയും മതനിരപേക്ഷവാദിയുമായ നെഹ്റുവിനെ താഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണത്.

പട്ടേലിന് ഏറ്റവും നിര്‍ബന്ധമായി തോന്നിയത് ഭൂമിശാസ്ത്രപരമായി ഇന്ത്യാഉപദ്വീപിനു മദ്ധ്യത്തില്‍ കിടക്കുന്ന ഹൈദ്രാബാദിനെ ചേര്‍ക്കണം എന്നതായിരുന്നു. കശ്മീരിന്‍റെ കാര്യത്തില്‍ അത്ര നിര്‍ബന്ധം പട്ടേലിനുണ്ടായിരുന്നില്ല. 1948 ജൂണ്‍ 18നും 23നുമിടയില്‍ കശ്മീര്‍ സന്ദര്‍ശനവേളയില്‍ അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട്ബാറ്റണ്‍ പ്രഭു മഹാരാജാ ഹരിസിംഗിനോട് പറഞ്ഞത് കശ്മീര്‍ പാകിസ്ഥാനോടു ചേരുന്നതോ ഒറ്റയ്ക്ക് നില്‍ക്കുന്നതോ ഇന്ത്യയുമായി സൗഹൃദമില്ലായ്മയായി കണക്കാക്കപ്പെടില്ല എന്നാണ്. യൂണിയന്‍ ഗവണ്മെന്‍റിന്‍റെ സംസ്ഥാനകാര്യ സെക്രട്ടറിയും പട്ടേലിന്‍റെ പ്രതിനിധിയുമായിരുന്ന വി.പി. മേനോന്‍ പറഞ്ഞതും ഇതുതന്നെയാണ്. കശ്മീര്‍ സ്വതന്ത്രമായി നില്‍ക്കുകയോ പാകിസ്ഥാന്‍ യൂണിയനില്‍ ചേരുകയോ ചെയ്താലും തങ്ങള്‍ക്ക് കശ്മീരുമായി സൗഹാര്‍ദ്ദപരമായ ബന്ധം തന്നെയായിരിക്കും എന്ന് പട്ടേല്‍ തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട് എന്നാണ്.

ആര്‍ട്ടിക്കിള്‍ 370 നെ അംഗീകരിച്ച സഭയില്‍ അംഗമായിരുന്നു ജനസംഘം നേതാവായിരുന്ന ശ്യാം പ്രസാദ് മുഖര്‍ജി. ഗാന്ധി വധത്തിന് സംശയിക്കപ്പെട്ട ആളുകളുമായി അടുപ്പം പുലര്‍ത്തിയിരുന്ന ശ്യാം പ്രസാദ് കാശ്മീരുമായി ഏര്‍പ്പെട്ട വ്യവസ്ഥ റദ്ദ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഗാന്ധിജി നെഹ്റു അംബേദ്കര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കന്മാരോടുള്ള താത്പര്യം നിമിത്തം ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ ഒരിക്കല്‍ താന്‍ നിര്‍ബന്ധം കാട്ടിയത് അബദ്ധമായോ എന്നുപോലും ചിന്തിക്കേണ്ടിവന്നു ഷെയ്ക്ക് അബ്ദുല്ലയ്ക്ക്. ഷെയ്ക്ക് അബ്ദുള്ള വിചാരിച്ചാല്‍ മുന്‍പേതന്നെ കശ്മീര്‍ സ്വതന്ത്ര രാജ്യമാകുകയോ പാകിസ്താന്‍റെ ഭാഗമാകുകയോ ചെയ്യുമായിരുന്നു എന്നുമാത്രമല്ല, പാകിസ്താന്‍റെ പരമോന്നത നേതാവാകാന്‍ പോലും ശേഷിയുള്ള ആളായിരുന്നു അന്ന് വെറും 42 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഷെയ്ക്ക് അബ്ദുല്ല.

ആ വിശ്വാസത്തെയാണ് ശ്യാമപ്രസാദിനെപ്പോലുള്ളവര്‍ ഇല്ലാതാക്കിയത്. അത്തരം പ്രവര്‍ത്തനങ്ങളെ ഇന്ന് ദേശസ്നേഹമായി വാഴ്ത്തുന്നത് പരിഹാസ്യമാണ്. അംഗരാജ്യങ്ങളോട് ഒരു ഫെഡറല്‍ സ്റ്റേറ്റ് കാണിക്കേണ്ട നീതിയെ മറ്റു വിഭാഗീയതകള്‍ക്കുവേണ്ടി മാനിപുലേറ്റ് ചെയ്യുന്നത് ഒരിക്കലും നിലനില്‍ക്കില്ല.

രാജ്യത്തിന്‍റെ ഒരു ഭാഗത്തിന് പ്രത്യേക അവകാശങ്ങള്‍ കൊടുത്ത് പ്രീണിപ്പിക്കുന്നു എന്ന തരത്തിലാണ് ശ്യാം പ്രസാദിനെപ്പോലുള്ളവര്‍ വിഷയത്തെ സമീപിച്ചത്.

പാകിസ്ഥാന്‍ പ്രവിശ്യകളില്‍ നിലനിന്നിരുന്ന ഫ്യൂഡലിസവും സൈന്യം അധികാരം പിടിക്കാനുള്ള സാദ്ധ്യതയും മൂലം ആ രാജ്യത്തിന്റെ ഭാവി ഒരിക്കലും ശോഭനമാകില്ല എന്ന ബോധ്യവും അതോടൊപ്പം ഇന്ത്യയുടെ ദേശീയ നേതാക്കളോടുള്ള അടുപ്പം മൂലം ഷെയ്ക്ക് അബ്ദുള്ളയ്‌ക്കു തോന്നിയ താത്‌പര്യമാണ്‌ കശ്മീര്‍ ഇന്ത്യയോട് ചേരാന്‍ കാരണമായത്. ആ രാജ്യം സ്വതന്ത്രമായി നില്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ശ്യാം പ്രസാദിനെന്നല്ല ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഇന്ത്യ റിപ്പബ്ലിക് ആയതിനുശേഷവും പ്രതിപക്ഷത്തുണ്ടായിരുന്ന എകെജിയെപ്പോലുള്ളവര്‍ അടിസ്ഥാന പ്രശ്നങ്ങള്‍ ആയിരുന്ന ഭൂപരിഷ്കരണത്തിനും കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനും വേണ്ടിയെല്ലാം നിലകൊണ്ടപ്പോള്‍ വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് 1939 മുതല്‍ ഹിന്ദു മഹാസഭാ അംഗമായിരിക്കുകയും പിന്നീട് ആറെസ്സെസ്സിനുവേണ്ടി ജനസംഘം രൂപീകരിച്ച് ലോകസഭയിലെത്തിയ ശ്യാംപ്രസാദില്‍ നിന്നുണ്ടായത്. ഒടുവില്‍ നിയന്ത്രണം ലംഘിച്ച് കാശ്മീരില്‍ പ്രവേശിച്ച ശ്യാമപ്രസാദ് ശ്രീനഗറില്‍ വെച്ച് അന്ത്യശ്വാസം വലിച്ചതും പില്‍ക്കാലത്ത് വിവാദമായി.

ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തന്‍റെ ഒരു പ്രഖ്യാപനവുമായി വാര്‍ത്തകളില്‍ നിറഞ്ഞത്. സംസ്ഥാനങ്ങളും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും എല്ലാം ചേരുന്ന യൂണിയന് മേല്‍നോട്ടം വഹിക്കുന്ന ഡല്‍ഹിയിലെ ഭരണകൂടത്തെ കേന്ദ്രഗവണ്മെന്‍റ്റ് എന്ന് വിളിക്കില്ല എന്നും മേലില്‍ യൂണിയന്‍ ഗവണ്മെന്‍റ് എന്നേ വിളിക്കൂ എന്നുമായിരുന്നു അത്. ആദ്യം പലരും നെറ്റി ചുളിച്ചെങ്കിലും ഭരണഘടനാ വിദഗ്ധര്‍ സ്റ്റാലിന്‍റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കാരണം നമ്മുടെ ഭരണഘടനയില്‍ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് യൂണിയന്‍ ഗവണ്മെന്‍റ് എന്ന വാക്കാണ്. സെന്‍ട്രല്‍ ഗവണ്മെന്‍റ് എന്ന പദം അശ്രദ്ധകൊണ്ട് ചില സമയങ്ങളില്‍ ഇടം പിടിച്ചെങ്കിലും 1978 ലെ 44 ആം ഭരണഘടനാ ഭേദഗതിയില്‍ ഇത് തിരുത്തുകയുണ്ടായി.

കാര്യമാക്കാതെ വിട്ടുകളഞ്ഞേക്കാമായിരുന്ന ഇത്തരം പ്രശ്നങ്ങളെല്ലാം ഉയര്‍ന്നുവരുന്നതും പദാവലി കൂടുതല്‍ വ്യക്തമാക്കേണ്ടതുമെല്ലാം ആവശ്യമാകുന്നതിനുള്ള കാരണം ഫെഡറലിസത്തിന് വിരുദ്ധമായ തീവ്രദേശീയ നടപടികള്‍ വലതുഭരണപക്ഷം സ്വീകരിക്കുന്നതുമൂലമാണ്. ഭരണഘടന, കോടതി, നിയമങ്ങള്‍ ഇവയ്ക്കെല്ലാമുപരി സങ്കുചിതമായ സാമൂഹ്യബോധവും വികലമായ ലോകവീക്ഷണവും ജിങ്കോയിസം എന്ന പേരില്‍ ഇന്ന് കുപ്രസിദ്ധി നേടിയ മിഥ്യാഭിമാനവും എല്ലാം ചേര്‍ന്നാണ് രാജ്യത്തെ പ്രശ്നങ്ങളെ ഇന്ന് വഷളാക്കിക്കൊണ്ടണ്ടിരിക്കുന്നത്. ചരിത്രം മറന്നുകൊണ്ടുള്ള അധീശത്വശ്രമങ്ങള്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് ഗുണമായിരിക്കില്ല ദോഷമായിരിക്കും ചെയ്യുക എന്നത് ഓര്‍മ്മിക്കേണ്ടതുണ്ട്.