ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നു,   മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര പൊടിപൊടിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍  ഇന്നലെ നല്‍കിയ 960 കോടിയില്ലായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിന്റെ ഖജനാവ് പൂട്ടേണ്ടി വന്നേനെ, എന്നാലും മുഖ്യമന്ത്രിയുടെയും  മന്ത്രിമാരുടെയും വിദേശയാത്രക്ക് മുടക്കം  വരാതിരിക്കാന്‍ കാണിച്ച ശുഷ്‌കാന്തി അഭിനന്ദിക്കപ്പെടേണ്ടതാണ്. നാട്ടുകാര്‍ എങ്ങിനെയെങ്കിലും ജീവിച്ചോളും, എന്നാല്‍   മന്ത്രിമാര്‍ വിദേശ യാത്ര നടത്തിയില്ലങ്കില്‍,  അവിടെ  പോയി  കാര്യങ്ങള്‍ കണ്ട് പഠിച്ചില്ലങ്കില്‍  കേരളത്തിന്റെ ഗതിയെന്താകും.  മുഖ്യമന്ത്രി പിണറായി  വിജയനും,  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ഉദ്യോഗസ്ഥ സംഘവും ഒക്ടോബര്‍ ആദ്യവാരം ഫിന്‍ലന്‍ഡും നോര്‍വ്വേയും സന്ദര്‍ശിക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചത് കൊണ്ടു  യാത്ര തിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതോടൊപ്പം നോര്‍വ്വയിലെ  നോക്കിയാ  ഫാക്ടറിയും സന്ദര്‍ശിക്കുമെന്നറിയുന്നു.

മുഖ്യമന്ത്രിയുടെ മരുമകനും  ടൂറിസം- പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ്  റിയാസ് പാരീസിലേക്കാണ് പോകുന്നത്. ഈ മാസം 19ന് പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ട്ടിലാകും മന്ത്രി പങ്കെടുക്കുക. മറ്റൊരു മന്ത്രിയായ  റോഷി അഗസ്റ്റിന്‍   നേരത്തെ തന്നെ  വിദേശത്തുണ്ട്.  മന്ത്രി വാസവനാകട്ടെ  ഈ മാസം അവസാനം ബഹ്‌റിനിലേക്ക് പോവുകയാണ്.

കേരളത്തില്‍  അത്ര ദരിദ്രമൊന്നുമല്ലന്നും  മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊക്കെ വിദേശത്ത് പോകാനുള്ള പണമൊക്കെ സര്‍ക്കാരിന് കയ്യിലുണ്ടെന്നുമാണ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത്. സാമൂഹ്യപരമായും ഭരണപരമായും  മന്ത്രിമാരുടെ വിദേശയാത്രകര്‍ അനിവാര്യമാണെന്ന്  ഒരു സൈദ്ധാന്തികന്റെ ഉള്‍ക്കാഴ്ചയോടെ സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  പറയുന്നത്.  മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശത്ത് പോയാലൊന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക നില മോശമാകില്ലന്നാണ് അദ്ദേഹത്തിന്റെ പക്ഷം.  മന്ത്രിമാരുടെ വിദേശ യാത്ര സംസ്ഥാന താല്‍പര്യത്തിന് അത്യന്താപേക്ഷിതമാണെങ്കില്‍ പോയല്ലേ തീരൂ. പോകണം, അവര്‍ പോകട്ടേ , പൊയ്‌കൊണ്ടേയിരിക്കട്ടെ.

ഈ മാസത്തെ ക്ഷേമപെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി അടുത്തമാസം ആദ്യം 6000 കോടിരൂപയെങ്കിലും വേണം. ഇനിയും രണ്ടായിരം കോടി രൂപ ഈ മാസം തന്നെ   കേന്ദ്രത്തില്‍ നിന്ന് ലഭിക്കുകയും വേണം. ചുരുക്കത്തില്‍ കടം എടുക്കുന്നത് കൊണ്ട് മാത്രം നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് കേരളത്തിലെ സമ്പദ് വ്യവസ്ഥ എന്ന് വ്യക്തമാവുന്നു.  മദ്യം ലോട്ടറി കൊണ്ട് മാത്രം ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. വരുമാനം എങ്ങിനെ ഉയര്‍ത്താമെന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ധാരണയുമില്ല. കിഫ്ബി പദ്ധതികള്‍ക്ക് വേണ്ടി വാങ്ങിച്ച കടത്തിന്റെ തിരിച്ചടവും  ഇതിനിടയില്‍ സര്‍ക്കാരിന് വലിയ തലവേദനയാണ്. എത്ര കണ്ട് അധികം കടം വാങ്ങുന്നോ അത്ര കണ്ട് പലിശയടക്കം തിരിച്ചടിക്കേണ്ടിവരും.  കടം, പലിശ, തിരിച്ചടവ്, ശമ്പളം, പെന്‍ഷന്‍ ഇവ   കഴിയുമ്പോള്‍ കേരളത്തിന്റെ ഖജനാവ് കാലിയായി കഴിഞ്ഞു. കേന്ദ്ര വിഹിതമല്ലാതെ മറ്റൊരു വരവും സംസ്ഥാനത്തിനില്ല.

ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍  നിന്ന്  ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത്് 15,000 കോടി രൂപയാണ്.  എന്ന് വച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടി അധികം. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിവയായിരുന്നു സര്‍ക്കാരിന്റെ പ്രധാന ചെലവുകള്‍. ഇതിനു പുറമേ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 300 കോടി രൂപയും നല്‍കി.  വരുമാനം  കാര്യമായില്ലാത്ത, ചെലവുകള്‍ മാത്രമുള്ള സര്‍ക്കാരിന് ഇത് താങ്ങാന്‍ കഴിയുന്നതല്ല.

പൊതുമരാമത്ത് വകുപ്പിലെയും  മറ്റും കരാറുകാര്‍ക്ക്  ബില്ലുകള്‍ മാറി പണം കൊടുക്കാനുണ്ട്.  ഈ  സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം   നൂറുക്കണക്കിന് കരാര്‍ നിയമനങ്ങളാണ്  നടന്നിരിക്കുന്നത്. ഇവര്‍ക്കെല്ലാം  ശമ്പളം ഖജനാവില്‍ നിന്ന് കൊടുക്കണം. വളരെ  ദയനീയ സാമ്പത്തികാവസ്ഥയിലൂടെ കടന്ന് പോകുന്ന സര്‍ക്കാരായിട്ടും ഇത്തരം ധൂര്‍ത്തുകളില്‍ യാതൊരു കുറവുമില്ല. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ധനക്കമ്മി നികത്താനുള്ള ഗ്രാന്റില്‍ കുറവു വരുത്തിയതും കാരണം വരുമാനത്തില്‍ 23,000 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. ഇത് എങ്ങനെ നികത്തുമെന്ന   കടുത്ത ആശങ്കയാണ് ഇപ്പോഴുള്ളത്.

Read more

ഇതൊക്കെയാണെങ്കിലും ഉലകം  ചുറ്റും വാലബന്‍മാരാകാനുള്ള   നമ്മുടെ മന്ത്രിമാരുടെ അവകാശത്തെ നമ്മള്‍  ചോദ്യം ചെയ്തൂകൂടാ. അവര്‍  സ്വദേശത്ത് മന്ത്രിമാരായി ഭരിക്കുന്നതും, വിദേശത്ത് പര്യടനം നടത്തുന്നതുമെല്ലാം നമ്മള്‍ക്ക് വേണ്ടിയാണ്.  വിദേശത്ത് പോയി അവിടുത്തെ ഭരണനിര്‍വ്വഹണ രംഗത്തെ മികവ് കണ്ടുപഠിച്ചാലല്ലേ അത് ഇവിടെ പകര്‍ത്താനും അതുവഴി  ജനങ്ങളുടെ ജീവിതം കുറെക്കൂടി മെച്ചപ്പെടുത്താനും കഴിയു. നമ്മള്‍ക്ക് വേണ്ടിയാണ് ഇവര്‍  വിദേശത്തൊക്കെപോയി  കഷ്ടപ്പെടുന്നത്. ഇടക്കെങ്കിലും അതൊക്കെ  ഒന്നോര്മിക്കണം