കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമന പ്രശ്‌നങ്ങള്‍

 

വിജു വി. വി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്രമം പാലിക്കാതെയുള്ള അധ്യാപക നിയമനത്തെ കുറിച്ച് നിരവധി പരാതികള്‍ ഉയരുന്നുണ്ട്. സി.പി.എം നേതാവ് ഷംസീറിന്റെ പങ്കാളിയെ നിയമിക്കാനുള്ള വാര്‍ത്ത അതിന്റെ രാഷ്ട്രീയപ്രാധാന്യം കൊണ്ട് പുറത്തു വരികയും ശ്രദ്ധിക്കപ്പെടുകയും, സൈബര്‍ ബുദ്ധിജീവികള്‍ അതിനെയൊക്കെ ന്യായീകരിക്കാന്‍ പ്രബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് നോക്കുന്നവര്‍ക്ക് അതൊരു പാര്‍ട്ടിപ്രശ്‌നം മാത്രമാണ്. എന്നാല്‍ അധ്യാപക നിയമനത്തില്‍ അവരുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട്, രാഷ്ട്രീയസ്വാധീനമോ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനുള്ള സമ്പത്തോ ഇല്ലാത്തതിന്റെ പേരില്‍ പുറന്തള്ളപ്പെടുന്ന ഭൂരിഭാഗത്തെ സംബന്ധിച്ചിടത്തോളം അത് അവസരങ്ങളുടെ തുല്യതയെയും സാമൂഹിക നീതിയെയും സംബന്ധിച്ച പ്രശ്‌നമാണ്. അത് പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല.

വിദ്യാഭ്യാസം നേടിയ യുവാക്കളുടെ വര്‍ഗം കേരളത്തില്‍ പല കാരണങ്ങള്‍ കൊണ്ട് രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനുള്ള വിഭാഗമായി മാറുന്നില്ല. വിദ്യാഭ്യാസം വര്‍ഗബോധമോ രാഷ്ട്രീയബോധമോ ഉണ്ടാക്കാന്‍ പറ്റുന്ന തരത്തിലല്ല. അല്ലെങ്കില്‍ അത് പ്രകടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറാകുന്നില്ല.

കോളജ് അധ്യാപക നിയമനങ്ങളില്‍ നടക്കുന്ന പ്രശ്‌നം വളരെ ഗുരുതരമായ സാമൂഹിക പ്രശ്‌നമാണ്. കൗമാരക്കാരും യുവാക്കളുമായ വലിയൊരു വിഭാഗത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ബോധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട അധ്യാപക വിഭാഗം നിയമനങ്ങളുടെ ഘട്ടത്തില്‍ തന്നെ വഴിവിട്ട മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്താണ് കയറിക്കൂടുന്നത് എന്നു പറയുമ്പോള്‍ അവരുടെ അധ്യാപന ജീവിതത്തെ വിലയിരുത്തേണ്ട മാനദണ്ഡമായി തന്നെ അത് മാറ്റേണ്ടതല്ലേ? കറപ്റ്റഡ് ആയ, കറപുരണ്ട ബുദ്ധിജീവികളാണ് നമ്മുടെ കോളജുകളെയും സര്‍വകലാശാലകളെയും ഭരിക്കുന്നതെങ്കില്‍ അത് ജനതയുടെ ഭാവിയെ തന്നെ ബാധിക്കുന്ന പ്രശ്‌നമായി തിരിച്ചറിയേണ്ടതുണ്ട്.

ഇനി സര്‍വകലാശാല നിയമനത്തിന്റെ കാര്യത്തിലേക്ക് വരാം. കാലിക്കറ്റില്‍ ഏത് മാനദണ്ഡപ്രകാരമാണ് നിയമനം നടക്കുന്നതെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടോ? യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് (എ.പി.ഐ) ആണ് പലപ്പോഴും കോളജ് അധ്യാപക നിയമനത്തിന്റെ പ്രധാന മാനദണ്ഡം. അക്കാദമിക് വിദ്യാഭ്യാസം, പ്രസിദ്ധീകരിച്ച പ്രബന്ധങ്ങള്‍, പങ്കെടുത്ത കോണ്‍ഫറന്‍സുകള്‍, ക്ഷണിക്കപ്പെട്ട പ്രഭാഷണങ്ങള്‍, അധ്യാപന പരിചയം എന്നിവയ്‌ക്കെല്ലാം പ്രത്യേക പോയിന്റുകള്‍ നല്‍കിയാണ് ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്. ആ പട്ടിക പലപ്പോഴും പ്രസിദ്ധീകരിക്കാറില്ല. ഇതോടൊപ്പം അഭിമുഖത്തിന്റെ മാര്‍ക്കും കൂട്ടിയാണ് അന്തിമ നിയമന പട്ടിക വരുന്നത്. ഇങ്ങനെയുള്ള ലിസ്റ്റ് വരാറുണ്ടോ? അത് സര്‍വകലാശാല പ്രസിദ്ധീകരിക്കേണ്ടതല്ലേ?

ഇത് സി.പി.എമ്മിന്റെ പ്രശ്‌നമായി മനസിലാക്കുന്നവര്‍ തിരിച്ചറിയേണ്ട മറ്റൊരു കാര്യമുണ്ട്. ഇന്റര്‍വ്യൂവിന് വന്നവരിലും എത്രയോ പേര്‍ എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കും വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരുണ്ട്. അവരൊന്നും നിയമനത്തിനായി പാര്‍ട്ടി ഓഫീസുകളിലോ സ്വാധീനമുള്ള സര്‍വകലാശാലാ അധ്യാപകരെയോ പോയി കാണുന്നില്ല എന്നേയുള്ളൂ.

ഇനി സംവരണത്തിന്റെ കാര്യം. ഷംസീറിന്റെ കാര്യം വന്നപ്പോള്‍ മുസ്ലിമിന് ജോലി കിട്ടുന്നതിലുള്ള വിരോധമാണ് വാര്‍ത്തയുടെ പിന്നില്‍ എന്ന ന്യായീകരണം കണ്ടു. ഒ.ബി.സി സംവരണത്തില്‍ പ്രധാനപ്പെട്ട കാര്യം അത് നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിലുള്ളവര്‍ക്കേ കിട്ടൂ എന്നതാണ്. ഇനി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയി നോക്കുക. നിങ്ങളുടെ വീട്ടിന്റെ വിസ്തൃതി, സ്വത്ത്, പറമ്പ്, കൃഷി, വാഹനങ്ങള്‍, വീട്ടില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്നവരുടെ എണ്ണം, അവരുടെ തസ്തിക ഇതൊക്കെ നോക്കിയാണ് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഈ മാനദണ്ഡങ്ങളൊക്കെ പാലിച്ച് കിട്ടുന്നവര്‍ക്ക് കിട്ടട്ടെ എന്നുതന്നെ പറയാം.

ഇനി സംവരണത്തിന്റെ റൊട്ടേഷന്‍ ക്രമം എന്താണ്? കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകരുടെ എണ്ണത്തില്‍ എത്ര എസ്.സി-എസ്.ടി വിഭാഗത്തില്‍ പെട്ട അധ്യാപകരുണ്ട്? ഇത്തവണത്തെ അഭിമുഖത്തില്‍ എത്ര പേരെ ഈ വിഭാഗത്തില്‍ നിയമിച്ചിട്ടുണ്ട്. ആകെ അനുപാതം എത്രയാണ്? ഏതൊക്കെ പഠന വകുപ്പുകളില്‍ സംവരണ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ ഇല്ലേ? ഇതൊക്കെ നിയമനത്തില്‍ മാനദണ്ഡമാക്കേണ്ടേ? അപ്പോഴല്ലേ സംവരണത്തില്‍ പോലും വിശ്വാസ്യത വരൂ.

നേരത്തെ പറഞ്ഞുറപ്പിച്ച നിയമനങ്ങള്‍ക്കാണ് ഇന്റര്‍വ്യൂവിന് വിളിക്കുന്നതെങ്കില്‍ സര്‍വകലാശാലകള്‍ പാലിക്കേണ്ട മിനിമം മര്യാദയുണ്ട്. അതിന്റെ അപേക്ഷാ ഫീസ് ഒഴിവാക്കുക. അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തുന്നതു തന്നെ അതിന് പറ്റാത്തവര്‍ അപേക്ഷിക്കില്ലല്ലോ എന്നു കരുതിയാണ്. 2000 രൂപയായിരുന്നു കാലിക്കറ്റില്‍ അധ്യാപക നിയമനത്തിന് അപേക്ഷാഫീസ്. ഇനി അതു മാത്രമോ, നിങ്ങള്‍ ജെ.എന്‍.യുവില്‍ നിന്നോ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ഐ.ഐ.ടികളില്‍ നിന്നോ ബിരുദവും പി.എച്ച്.ഡിയും ഒക്കെ നേടിയാലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കോഴ്‌സിന്റെ നിലവാരം ഉണ്ട് എന്നുറപ്പു വരുത്താന്‍ കാലിക്കറ്റില്‍ നിന്നു തന്നെ തുല്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതിന് ഓരോ സര്‍ട്ടിഫിക്കറ്റിനും 600 രൂപ നല്‍കുകയും വേണം. ഡിഗ്രി, പി.ജി., പി.എച്ച്.ഡി എന്നിവയൊക്കെ കാലിക്കറ്റിന് പുറത്താണ് പഠിച്ചതെങ്കില്‍ 1800 രൂപ ആ ഇനത്തില്‍ ഒരാള്‍ ചെലവിടണം. കൂടാതെ, അഭിമുഖത്തിന് പലയിടത്തു നിന്നെത്തുന്നവര്‍ക്ക് ചുരുങ്ങിയത് 2000 രൂപയെങ്കിലും അധികം ചെലവാകുകയും ചെയ്യും. ഏതാണ്ട് ആറായിരം രൂപയാണ് അഭിമുഖത്തിനായി ഒരാള്‍ ചെലവിടുന്നത്. മെനക്കേട് വേറെയും.

ഈ തുല്യതാ സര്‍ട്ടിഫിക്കറ്റ് എന്ന ഏര്‍പ്പാടു തന്നെ കോമാളിത്തരമാണ്. ഒരു സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയാല്‍ അവിടത്തെ മൂല്യനിര്‍ണയത്തെ എങ്ങനെയാണ് മനസിലാക്കേണ്ടത് എന്നതിനുള്ള അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ അതേ സ്ഥാപനം തന്നെ നല്‍കും. അത് നോക്കിയാല്‍ ലോകത്തെവിടെയായാലും ഗ്രേഡിംഗും നിലവാരവും ഒക്കെ മനസിലാക്കാന്‍ പറ്റും. നമ്മള്‍ പോകുന്ന യൂണിവേഴ്‌സിറ്റികളിലൊക്കെ ഇങ്ങനെ തുല്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങിവെയ്ക്കേണ്ട കാര്യമെന്താണ്? ഇനി ഇതിലെ വേറൊരു തമാശ കേരളത്തിലെ തന്നെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചവര്‍ വേറൊരു യൂണിവേഴ്‌സിറ്റിയില്‍ പോകുമ്പോള്‍ ഇക്വിവാലന്‍സി സര്‍ട്ടിഫിക്കറ്റ് കൊടുക്കണം. ഒരു സംസ്ഥാനത്തിന്റെ കീഴില്‍ തന്നെയുള്ള സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അധ്യാപകര്‍ പഠിപ്പിക്കുന്ന ഇടത്താണിത്. ഇങ്ങനെ എന്തെല്ലാം അസംബന്ധങ്ങള്‍.

ഇത്തരം കാര്യങ്ങളൊക്കെ പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കാതെ ഒഴിവാക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പത്രങ്ങളിലെ വിദ്യാഭ്യാസ റിപ്പോര്‍ട്ടര്‍മാര്‍ പലപ്പോഴും ചെയ്യുന്നത് കോഴ്‌സുകളുടെ വിവരങ്ങളും പ്രവേശന നടപടികളുമൊക്കെ മാത്രം വാര്‍ത്തയാക്കി ഒതുങ്ങിക്കൂടുകയാണ്. വളരെ ചുരുക്കം പേരേ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നതുപോലുമുള്ളൂ.