പ്രതാപനെ കല്ലെറിഞ്ഞതു കൊണ്ട് കാര്യമില്ല

എൻ. കെ ഭൂപേഷ് 

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ പോസ്റ്റാണ് തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍റെത്. തന്‍റെ മകള്‍ എംബിബിഎസ് പാസ്സായതിന്‍റെ സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു പ്രതാപന്‍. ഒരു പൊതുപ്രവര്‍ത്തകന് സമൂഹമാണ് എല്ലാം എന്ന് പറഞ്ഞു തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹത്തിന്‍റെ ആകുലതകളില്‍ മനസ്സും ജീവിതവും കൊടുത്ത് ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കാന്‍ മറന്നു പോകുന്നവരാണ് പൊതുപ്രവര്‍ത്തകരില്‍ ചിലരെന്നും വിശദീകരിച്ചാണ് തന്‍റെ വ്യക്തിപരമായ സന്തോഷം പറഞ്ഞു തുടങ്ങുന്നത്.

സ്വാഭാവികമായും മക്കളുടെ നേട്ടങ്ങളില്‍ ഏത് രക്ഷിതാവും സന്തോഷിക്കുന്നതാണ്. അത്തരം സന്തോഷങ്ങളില്‍ നിന്ന് മാറി നിന്നതുകൊണ്ട് ആ പൊതുപ്രവര്‍ത്തകന് എന്തെങ്കിലും മാറ്റ് കൂടുമെന്ന് കരുതുക വയ്യ. അങ്ങനെയൊക്കെ കരുതിയ കാലമുണ്ടായിരുന്നു. ഭാര്യയും മക്കളും എങ്ങനെ ജീവിക്കുന്നുവെന്ന് പോലും നോക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍. ഇന്ന് അങ്ങനെയാരെങ്കിലും ഉണ്ടെങ്കിലും അതൊരു മഹത്തായ ത്യാഗമാണെന്ന് കരുതുന്നവര്‍ കുറയും.

അതെന്തായാലും പ്രതാപന്‍ പിന്നെ പറയുന്നത് അദ്ദേഹത്തിന്‍റെ ദരിദ്രമായ പശ്ചാത്തലത്തെ കുറിച്ചാണ്. മകള്‍ക്ക് പ്ലസ് ടു കഴിഞ്ഞതിന് ശേഷം അമൃതയില്‍ ഡൊണേഷന്‍ നല്‍കാതെ സീറ്റ് ഉറപ്പിക്കാന്‍ പ്രതാപന് കഴിഞ്ഞു. പ്രശ്നങ്ങള്‍ തീര്‍ന്നില്ല. വാര്‍ഷിക ഫീസ് വേണം. അപ്പോഴാണ് അദ്ദേഹത്തിന്‍റെ നേതാവ് രമേശ് ചെന്നിത്തല ഇടപെടുന്നത്. തന്‍റെ മകളെ പോലെ പ്രതാപന്‍റെ മകളെ നോക്കണം എന്ന് അമൃത ആശുപത്രിയിലെ അധികൃതരോട് അദ്ദേഹം പറയുന്നു. പിന്നീട് വിഡി സതീശന്‍ വരുന്നു. ചെക്ക് കൊടുക്കുന്നു. എന്നാല്‍ വ്യവസായി യുസഫലി ഇക്കാര്യം അറിയുന്നതോടെ സംഗതി ആകെ മാറുന്നു. ആന്‍സി എന്‍റെ മകളാണ്. അവളെ ഞാന്‍ പഠിപ്പിക്കും. നീ വിഷമിക്കേണ്ട എന്ന് അദ്ദേഹം പറയുന്നു. (യുസഫലി നാട്ടിലെത്തുമ്പോള്‍ ഒന്നിച്ചുള്ള അത്താഴം പതിവാണെന്ന് പറയുന്നതിലൂടെ അവര്‍ തമ്മിലുള്ള സൗഹൃദം പ്രതാപന്‍ വ്യക്തമാക്കുന്നുണ്ട്). പിന്നീട് അമൃതയിലെ പഠനകാര്യങ്ങളെല്ലാം നോക്കിയത് യൂസഫലിയാണ്. അതിനുള്ള നന്ദിയാണ് യഥാര്‍ത്ഥത്തില്‍ പ്രതാപന്‍റെ കുറിപ്പ്. ഡൊണേഷന്‍ ഒഴിവാക്കിയതിന് അമൃതാനന്ദമയിക്കും നന്ദിയുണ്ട്. അങ്ങനെ വികാരനിര്‍ഭരമാണ് ആ കുറിപ്പ്.

സ്വാഭാവികമായും പ്രതാപന്‍ എംപിയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ചില പത്രങ്ങളും വാര്‍ത്തയാക്കി. സെന്‍റിമെന്‍റ്സിനെ പോലെ വിറ്റുപോകുന്ന ഐറ്റം വേറെയില്ലല്ലോ. അതുകൊണ്ട് ദരിദ്രരല്ലാത്ത എല്ലാവര്‍ക്കും അവരുടെ ദാരിദ്ര്യത്തെ കുറിച്ചുള്ള കല്പിതവും അല്ലെങ്കില്‍ പണ്ടെന്നോ അനുഭവിച്ച കഥകള്‍ ഇടയ്ക്കിടെ അയവിറക്കുന്നത് ഒരു സുഖമാണ്‌. എന്നാല്‍ പ്രതാപന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് ഒരു സങ്കടകഥയല്ല എന്നതാണ് സത്യം. മറിച്ച് അദ്ദേഹത്തെ പോലുളള രാഷ്ട്രീയക്കാര്‍ക്ക് കിട്ടുന്ന പ്രിവിലേജുകളെ കുറിച്ചാണ്.

എന്തായാലും പോസ്റ്റിലെ പല കാര്യങ്ങളും പലരും വിമര്‍ശനവിധേയമാക്കി. അമൃതയില്‍ ഡൊണേഷന്‍ ഉണ്ടെന്ന് കാര്യമാണ് ഇതിലൂടെ വ്യക്തമായതെന്നും നിയമവിരുദ്ധമാണെന്നും അറിഞ്ഞിട്ടും പ്രതാപന്‍ മിണ്ടിയില്ലെന്നതാണ് പ്രതാപനെതിരെ ഉയര്‍ന്ന ഒരു ആരോപണം. രണ്ടാമത്തെത് എംഎല്‍എയും ഡിസിസി പ്രസിഡന്‍റുമൊക്കെയായിട്ടും അദ്ദേഹം ചുമ്മാ ദാരിദ്ര്യം പറഞ്ഞു നടക്കുന്നുവെന്നതാണ്. പിന്നീട് രമേശ് ചെന്നിത്തലയുടെ ഇടപെടല്‍, വ്യവസായിയുമായുളള ബന്ധം തുടങ്ങിയ കാര്യങ്ങളിലെല്ലം പ്രതാപന് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.

ചില കാര്യങ്ങള്‍ വരുമ്പോള്‍, ധാര്‍മ്മിക രോഷം പെട്ടെന്ന് ഇരമ്പി വരുന്ന ഒരു പ്രത്യേക സ്വഭാവം നമ്മുടെ സമൂഹത്തിനുണ്ട്. അത് ആദ്യം പ്രതിഫലിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. ചിലപ്പോള്‍ ഇത്തരം ധാര്‍മ്മിക രോഷം കാണുമ്പോള്‍ കരുതും ഇത്രയും നിഷ്കളങ്കരായ, അല്‍പബുദ്ധികളോ ഒറ്റ ബുദ്ധികളോ ആണോ നമ്മുടെ സമൂഹത്തിലെ ഒപ്പിനീയന്‍ മേക്കേഴ്സ് എന്ന്‌. അങ്ങനെയൊന്നുമല്ലെന്ന മറ്റൊരു കാര്യം. സ്വകാര്യ സ്വാശ്രയ കോളജുകള്‍ ഡൊണേഷനൊന്നുമില്ലാതെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണെന്ന ധാരണയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത് എന്നാണോ പ്രതാപന്‍ വിമര്‍ശനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പ്രതാപന്‍ ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ തനിക്ക് കിട്ടുന്ന പ്രിവിലേജുകള്‍ പറഞ്ഞതാണ്‌. പരസ്യമായി. വലിയ കാശുകാരനല്ലാതിരുന്നിട്ടും തനിക്ക് കിട്ടിയ അവകാശങ്ങള്‍. അത് ഈ നാട്ടില്‍ അധികാരത്തിലേറാന്‍ സാദ്ധ്യതയുളള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് കിട്ടുന്നതാണ്. പലരും അതൊക്കെ അനുഭവിച്ച് മിണ്ടാതിരിക്കുമ്പോള്‍ അദ്ദേഹം സന്തോഷാതിരേകത്താല്‍ അതൊക്കെ വിളിച്ചു പറയുന്നു എന്ന് മാത്രം. ( അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ തന്‍റെ സമ്പാദ്യം സംബന്ധിച്ച സത്യവാങ്മൂലം അദ്ദേഹം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ദരിദ്ര പശ്ചാത്തലവുമായി ഒട്ടും പൊരുത്തപ്പെടുന്നതുമല്ല!)

പിന്നെ സ്വാശ്രയ കോളജില്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്‍റെ മകളെ ചേര്‍ക്കുന്നതില്‍ എന്തെങ്കിലും അസ്വാഭാവികതയുമില്ല. കേരളത്തില്‍ അത് കണ്ടുപിടിച്ചതു തന്നെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയാണ്. സ്വാശ്രയ കോളജുകള്‍ക്കെതിരെ പോരാടിയ സംഘടനയുടെ പരമോന്നത നേതാവ് തന്നെ തന്‍റെ കുട്ടിയെ സ്വാശ്രയ വിദ്യാഭ്യാസത്തിന് വിട്ടതിനെ കുറിച്ച് നമുക്ക് അറിയാം. ഈ നേതാവില്‍ നിന്ന് തെറ്റി പിരിഞ്ഞ് പോയ വയോവൃദ്ധന്‍ സഖാവ് താനാണ് നേതാവിന്‍റെ കുട്ടിക്ക് സ്വാശ്രയ കോളജിലെ പ്രവേശനം മാനദണ്ഡങ്ങള്‍ പോലുമില്ലാതെ ശരിയാക്കി നല്‍കിയതെന്ന്, പാര്‍ട്ടി വിഭാഗീയതയുടെ കാലത്ത് പറഞ്ഞിരുന്നു. അന്ന് പറഞ്ഞത് എല്ലാം തെറ്റിപ്പോയി എന്ന് ഈയിടെ പറഞ്ഞ സ്ഥിതിക്ക്‌ അദ്ദേഹത്തിന്‍റെ മേല്‍ സൂചിപ്പിച്ച അവകാശവാദത്തിന് ഇപ്പോള്‍ പ്രസക്തിയുണ്ടോ എന്ന കാര്യം സംശയമാണ്. എന്തായാലും സംഗതി ഉള്ളതാണ്. എങ്ങനെയായിരുന്നു അഡ്മിഷനും പഠിപ്പും എന്നുള്ള കാര്യത്തില്‍ മാത്രമാണ് സംശയം. ഒരിടത്ത് പ്രക്ഷോഭം, മറ്റൊരിടത്ത് അഡ്മിഷന്‍ എന്ന മട്ടിലായിരുന്നുവത്രെ അന്ന് കാര്യങ്ങള്‍. അതിലൊന്നും കേരളം ഒരു അസ്വാഭാവികതയും കണ്ടിട്ടേയില്ല. അല്ലെങ്കില്‍ അതൊന്നും ഒരു ചര്‍ച്ചാവിഷയം പോലും ആക്കേണ്ടതില്ലന്നാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചത്. അതുമാത്രമല്ല, പഠിച്ചിറങ്ങിയ ഉടനെ ചില നേതാക്കളുടെ മക്കള്‍ മലയാളി വ്യവസായികളുടെ കമ്പനികളില്‍ , ഗള്‍ഫ് രാജ്യങ്ങളില്‍ ഉന്നത തസ്തികകളില്‍ നിയമിക്കപ്പെട്ടതിനെ കുറിച്ചും എല്ലാവര്‍ക്കും അറിയാമെങ്കിലും അതിലെന്തെങ്കിലും രാഷ്ട്രീയമായോ ധാര്‍മ്മികമായോ പ്രശ്നങ്ങള്‍ ഉണ്ടെന്ന്‌ ആര്‍ക്കും തോന്നിയിട്ടില്ല.

അതൊക്കെ അങ്ങനെ നടക്കും. ചിലരെല്ലാം കൂടുതല്‍ സമന്മാരാണ്. കൂടുതല്‍ സമന്മാരായ കൂട്ടത്തില്‍ താനുമുണ്ടെന്ന് പറയുകയാണ് പ്രതാപന്‍. പിന്നെയും പ്രതാപനെ എന്തിനാണ് പരിഹസിക്കുന്നത്? താന്‍ സഹായം പറ്റിയവരോടുള്ള ഭക്ത്യാതിരേകത്താല്‍ എല്ലാം തുറന്നുപറഞ്ഞതു കൊണ്ടാവുമോ? അതാണ് കാര്യം. കേരളത്തിലെ ഒരു എം പി മാത്രമായ, അതിന് മുമ്പ് ഡിസിസി പ്രസിഡന്‍റും എംഎല്‍എയും മാത്രമായിരുന്ന, എന്നാല്‍ സാമ്പത്തികമായി മധ്യവര്‍ഗത്തില്‍ എന്തുകൊണ്ടും ഉള്‍പ്പെടുന്ന ഒരാള്‍ക്ക് പലപലയിടങ്ങളില്‍ നിന്ന് കിട്ടുന്ന സഹായങ്ങളും ഔദാര്യങ്ങളെ കുറിച്ചും പറഞ്ഞതിനാണ് ഈ വിമര്‍ശനവും പരിഹാസവും. ഇതൊക്കെ ഇങ്ങനെ പറഞ്ഞു നടക്കേണ്ടതാണോ എന്നതാവും സംശയം. ആരൊക്കെയാണ് പ്രതാപന്‍ എന്ന ഒരു സാധാരണ രാഷ്ട്രീയ നേതാവിന് ( അയാള്‍ ഇതുവരെ മന്ത്രിയായിട്ടില്ല, മകളുടെ അഡ്മിഷന്‍ നടക്കുന്ന സമയത്ത് ഡിസിസി പ്രസിഡന്‍റായിരിക്കണം) സഹായവുമായി എത്തുന്നത്. ആള്‍ദൈവത്തിന്‍റെ സ്ഥാപനം, വ്യവസായി, പിന്നെ അദ്ദേഹത്തിന്‍റെ തന്നെ സഹപ്രവര്ത്തകനും നേതാക്കളും. ഇത്തരം കൂട്ടുകെട്ടുകള്‍ രഹസ്യമായി സൂക്ഷിക്കേണ്ട കാലമല്ല ഇതെന്നും ഇതൊക്കെ പരസ്യപ്പെടുത്തുന്നതാണ് തന്‍റെ ബന്ധങ്ങളെകുറിച്ച് പൊതു സമൂഹത്തെ അറിയിക്കാന്‍ നല്ലതെന്നും പ്രതാപന്‍ മനസ്സിലാക്കിയിരിക്കണം. ഇക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്, രാഷ്ട്രീയ മേല്‍ഗതിക്ക് ഇത്തരം ചങ്ങാത്തങ്ങള്‍ ഒരു ഇന്‍വെസ്റ്റ്മെന്റാവും. തനിക്ക് അതൊക്കെ ഉണ്ടെന്ന് സ്ഥാപിക്കേണ്ടത് പ്രതാപനല്ലാതെ മറ്റാരാണ്. അല്ലാതെ വെറുതെ ഒരു നന്ദി പറയാന്‍ വേണ്ടിയല്ല, തന്‍റെ മകളുടെ വിദ്യാഭ്യാസ ചെലവ് നടത്തിയത് ഇന്ത്യയിലെ പ്രമുഖ വ്യവസായി ആണെന്നും അമ്മ ദൈവത്തിന്‍റെ സ്ഥാപനം അതിന്‍റെ നടപ്പുരീതിയില്‍ നിന്ന് മാറി ഇളവുകള്‍ അനുവദിച്ചതിനെ കുറിച്ചും പ്രതാപന്‍ വികാരം കൊണ്ട്ത്. ഉന്നതങ്ങളില്‍ ബന്ധമുള്ള അവര്‍ക്ക് തനിക്ക് വേണ്ടി എന്തു ചെയ്തുതരുന്ന രീതിയില്‍ തന്‍റെ സ്വാധീനം വലുതാണ് എന്ന് അദ്ദേഹം പരസ്യപ്പെടുത്തുകയാണ്.

പ്രളയദുരിതാശ്വാസ കാലത്ത്‌ വ്യാജവാര്‍ത്ത നല്‍കി മാധ്യമങ്ങളാല്‍ അപഹസിക്കപ്പെട്ട ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്‍റെ മകളും എംബിബിഎസിന് പഠിക്കുകയാണ്. ആ കുട്ടിക്ക് ഇത്തരത്തിലുള്ള സൗജന്യങ്ങള്‍ ഒന്നും കിട്ടിക്കാണില്ല.അക്കാര്യവും ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അങ്ങനെ സഹായങ്ങള്‍ സ്വീകരിക്കുന്ന പതിവ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് ഇല്ലാത്തതു കൊണ്ടാണെന്ന് കരുതുക വയ്യ. നേരത്തെ പരാമര്‍ശിച്ചു പോയ പരമോന്നത നേതാവിന്‍റെ കുട്ടിയുടെ സ്വാശ്രയ പ്രവേശനം തെളിയിക്കുന്നത് മറ്റൊന്നാണല്ലോ. പക്ഷെ ഓമനക്കുട്ടനെ പോലുളള പാര്‍ട്ടിക്കാര്‍ കൂടുതല്‍ സമന്മാരല്ല. സാധാരണ പൊതുപ്രവര്‍ത്തകര്‍ മാത്രമാണ്. അത്തരം ആളുകളില്‍ ദൈവങ്ങള്‍ക്കും ഉന്നത വ്യവസായികള്‍ക്കും ഇന്‍വെസ്റ്റ് ചെയ്യാന്‍ താത്പര്യമുണ്ടാവില്ല. അതിലുമപ്പുറം ഓമനക്കുട്ടന്മാരെ പോലുള്ളവരുടെ രാഷ്ട്രീയം ഇതിനെയൊക്കെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നുണ്ടാവും. പ്രതാപനും നേരത്തെ സൂചിപ്പിച്ച നേതാവിനെ പോലുള്ളവരും മറ്റ് തരക്കാരാണ്. ക്ലാസ് എപാര്‍ട്ട്‌‌!

Read more

ഇവിടെ ഇങ്ങനെയൊക്കെയുള്ള സൗകര്യങ്ങള്‍ ചില രാഷ്ടീയക്കാര്‍ക്കുണ്ട്. ഞാന്‍ എന്‍റെ മകളെ പഠിപ്പിച്ചത് ഒരു രാഷ്ട്രീയക്കാരനായതു കൊണ്ട് മാത്രം തനിക്കുണ്ടായ ചങ്ങാത്തങ്ങളുടെ സഹായത്താലാണെന്ന് ആദ്യമായി തുറന്നുപറഞ്ഞ നേതാവാകും പ്രതാപന്‍. അദ്ദേഹത്തെ പരിഹസിക്കുകയല്ല, ഒരു ശരാശരി രാഷ്ട്രീയക്കാരന് പോലും ഇത്രയും പ്രിവിലേജുകള്‍ രാഷ്ട്രീയ സംവിധാനമാണ് നമ്മുടെത് എന്ന് സ്വന്തം അനുഭവത്തിലൂടെ വെളിപ്പെടുത്തിയതിന് തൃശ്ശൂര്‍ എംപിയെ യഥാര്‍ത്ഥത്തില്‍ ” അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.