ഭീരുത്വത്തിന് എഴുത്തുകാരുടെ തലച്ചോറിനെ അമര്‍ച്ച ചെയ്യാനാകില്ല

Gambinos Ad
ript>

എസ്. ശാരദക്കുട്ടി

Gambinos Ad

എഴുത്തുകാരെപ്പോഴും നീതിക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കുന്നവരാണ്. നീതിക്ക് വേണ്ടിയുള്ള ശബ്ദത്തെ എപ്പോഴും ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍. എഴുത്തുകാരെ പിശാചിന് പിടിച്ച് കൊടുക്കണമെന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞത്‌. എഴുത്തുകാരുടെ ശബ്ദത്തെ എപ്പോഴും ഭയപ്പെടുന്നത് അധികാരവും അഹങ്കാരവും കൈമുതലാക്കിയവരാണ്, ഫാസിസ്റ്റുകള്‍.

കുരീപ്പുഴയുടെ ശബ്ദം എല്ലാകാലത്തും നീതി നിഷേധിക്കുപ്പെടുന്ന ജനങ്ങളുടെ കൂടെയാണ്. സ്ത്രീകള്‍, കുട്ടികള്‍,കീഴാളര്‍, അങ്ങനെ തുടങ്ങി മുഖ്യാധാര സംസ്‌കൃതിയുടെ മുന്നേറ്റത്തില്‍ അവഗണിക്കപ്പെട്ട മാനുഷിക ജീവിതങ്ങള്‍ക്കെല്ലാം ഒപ്പമാണ് എപ്പോഴും കുരീപ്പുഴയുട ചിന്ത വ്യാപരിക്കുന്നത്. മതരഹിതമായ നിലപാട്തറയില്‍ ഉറച്ച് നിന്നുകൊണ്ട് കീഴാളരുടെ കൂടെ നില്‍ക്കുന്ന സാംസ്‌കാരിക വ്യക്തിത്വം..

കുരീപ്പുഴ ശ്രീകുമാര്‍ ‘തേള്‍ക്കുടം’ എന്നൊരു കവിത എഴുതിയിട്ടുണ്ട്. ആ കവിതയില്‍ ഇങ്ങനെയൊരു രംഗമുണ്ട്. കരിന്തേള്‍ കിടക്കുന്ന കുടത്തിനകത്തേക്ക് കീഴാള സ്ത്രീയുടെ കൈ അധികാരി ഇടീയ്ക്കുന്നുണ്ട്. കുടത്തിനകത്ത് കിടക്കുന്ന നാണയം എടുത്താല്‍ അര്‍ധ രാജ്യം കൊടുക്കുമെന്ന് രാജാവിന്റെ പ്രഖ്യാപനം. തേള്‍ക്കുടത്തില്‍ ഈ കീഴാള സ്ത്രീ കൈയ്യിടുമ്പോള്‍
രാജാവിന്റെ വിചാരം ഇവളെ തേള്‍ കടിക്കുമെന്നും, അതിനാല്‍ രാജ്യമൊന്നും കൊടുക്കണ്ടി വരില്ല എന്നുമാണ്.

പക്ഷെ കുടത്തിനകത്തെ തേള്‍ കരുതുന്നത് മറ്റൊന്നും, ഇവള്‍ അവഗണിതരുടെ പ്രതിനിധിയാണ്, കുടത്തിനകത്ത് കിടക്കുന്ന എന്റെ പ്രതിനിധിയാണ്. അതുകൊണ്ട് ഇവളെ കടിക്കില്ലെന്ന് കരിന്തേള്‍ തീരുമാനിക്കുന്നു. കുടത്തിലാക്കപ്പെട്ട കരിന്തേള്‍ പോലെയാണ് ഈ കീഴാള സ്ത്രീയുമെന്നാണ് കുരീപ്പുഴ പറയുന്നത്. “അവഗണിതരുടെ വസന്ത വംശത്തിന്റെ പതാകയിലെ ആശോക ചക്രമാണ് കരിന്തേള്‍” എന്നു പറഞ്ഞാണ് കുരീപ്പുഴ കവിത അവസാനിപ്പിക്കുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ പ്രതീകങ്ങളാണ് കരിന്തേളും കീഴാള സ്ത്രീയും. കുരീപ്പുഴയെ പോലൊരാള്‍ക്ക് ലോകത്ത് ഒന്നിനെയും ഭയമില്ല. അങ്ങനെ ലോകത്തൊന്നിനെയും ഭയമില്ലാത്തവരെയാണ് ഫാസിസ്റ്റുകള്‍ ഭയക്കുന്നത്. ഫാസിസ്റ്റുകളുടെ ഭയവും  ആത്മവിശ്വാസമില്ലായ്മയും, ചിന്തിക്കുന്ന തലയോടുള്ള ഭീതിയുമാണ് , എന്നും ഫാസിസ്റ്റുകളുടെ മുഖമുദ്ര. ഇന്ത്യയില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഭൂരിപക്ഷ ഹിന്ദുത്വവാദത്തിന്റെയും ഭയം ,പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശബ്ദമായി നിലകൊള്ളുന്നവരുടെ നാവ് തന്നെയാണ്.

കുരീപ്പുഴയ്‌ക്കെതിരെയുള്ള ആക്രമണം ആശയത്തിന് എതിരെയുള്ളതാണ്‌. ഇതു കൊണ്ടൊന്നും എഴുത്തുകാരെ നിശ്ബദരാക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് സാധിക്കില്ല. എഴുത്തുകാരെ പിശാചിന് കൊടുക്കണമെന്ന് ഹിറ്റ്‌ലര്‍ പറഞ്ഞിട്ട് തന്നെ എത്ര കാലമായി. ഒരോ തുള്ളി ചോരിയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു, അവര്‍ നാടിന്‍ മോചനത്തിന് വേണ്ടി രണാങ്കണത്തില്‍ പടരുന്നു എന്നു പറഞ്ഞത് പോലെ… ഒരു തല അവര്‍ വെട്ടി വീഴ്ത്തിയാല്‍ ആയിരം തല ഉയരും. ഒരു തുള്ളി ചോരയില്‍ നിന്ന് ആയിരം പേര്‍ ഉയിര്‍ക്കും.

കുരീപ്പുഴയ്‌ക്കെതിരെയുള്ള ആക്രമണവും തീര്‍ത്തും ഈ സാഹചര്യവുമായി പൊരുത്തപ്പെടുന്നുണ്ട്. ഒരു കുരീപ്പുഴയെ അമര്‍ച്ച ചെയ്താല്‍ ആയിരം കുരീപ്പുഴമാര്‍ പിറക്കും. അത്തരം ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുവരുടെ ഭീതിയെ നോക്കി പുച്ഛിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. ഇതു കൊണ്ടൊന്നും ലോകത്തൊരു ശബ്ദത്തേയും നിശ്ബദമാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഭീരുത്വത്തിന് എഴുത്തുകാരുടെ തലച്ചോറിനെ അമര്‍ച്ച ചെയ്യാനാകില്ല. വെടിയുണ്ടയ്ക്കും തോക്കിനും വാളിനും ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല അത്. അത് മനസ്സിലാകണമെങ്കില്‍ അക്ഷരം വായിക്കണം, അക്ഷരത്തെ പിന്തുടരണം. അതിനുള്ള ശക്തി ഇല്ലാത്തിടത്തോളം ഫാസിസ്റ്റ് ശക്തികള്‍ക്ക് യൊതൊന്നും നേടാനാവില്ല. ആശയമില്ലാത്തവരാണ് ആയുധം കൊണ്ട് നേരിടുന്നത്. അധികാരമുള്ളവന് അധികാരമില്ലാത്തവന്റെ അസംഘടിത ശക്തിയോട് ഭീതിയും വിറയലുമാണ്. കുരീപ്പുഴയ്ക്ക് അദ്ദേഹത്തിന്റെ കൈയ്യിലുള്ള ആശയം മാത്രം മതി. ഫാസിസ്റ്റുകളുടെ നൂറായിരം ആയുധങ്ങള്‍ക്ക് അതിനെ തൊടാന്‍ പോലുമാകില്ല.