
സുജിത് നാരായണന്

തിരസ്കരണമല്ല ഉൾക്കൊള്ളലാണ് സംഘടനയുടെ നയമെന്ന തരത്തിലുള്ള ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വരാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ പറയാം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയുടെ ഭാവി സംബന്ധിച്ച ഏല്ലാ കാര്യത്തിലും തീരുമാനമെടുക്കുന്ന മോദി- അമിത് ഷാ കൂട്ടുകെട്ടിനോട് ആര് എസ് എസിന് പൂര്‍ണമായ യോജിപ്പില്ല എന്നുള്ള തരത്തിലുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
ഈ വാദം കൂടുതല്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള നിര്‍ണായക പ്രസ്താവനകളാണ് ഡെല്‍ഹിയിലെ വിഞ്ജാന്‍ ഭവനില്‍ മൂന്ന് ദിവസമായി നടന്ന പ്രഭാഷണ പരമ്പരയില്‍ മോഹന്‍ ഭാഗവതിന്റെ ഭാഗത്തു നിന്നുണ്ടായത്. മുസ്ലീങ്ങളെ മാറ്റി നിര്‍ത്തികൊണ്ട് ഹിന്ദുരാഷ്ട്രം ലക്ഷ്യമിടാന്‍ കഴിയില്ലെന്നും ആര് എസ് എസ് പ്രവര്‍ത്തകര്‍ ബിജെപി എന്ന ഒറ്റ പാര്‍ട്ടിക്ക് കീഴില്‍ അണിനിരക്കേണ്ട കാര്യമില്ലെന്നും ആര് എസ് എസ് തലവന്‍ പറയുമ്പോള്‍ അത് മോദി-അമിത് ഷാ വര്‍ഷങ്ങളായി പറയുന്ന കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സങ്കല്‍പ്പത്തിനെതിരാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ക്ക് നേരേയും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും എതിരായും നടക്കുന്ന അക്രമ-വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഘടക വിരുദ്ധവുമാണ്. ആര്‍എസ്എസ് എന്ന പ്രസ്ഥാനം ഈ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന, ഇനിയും പൂര്‍വാധികം ശക്തിയോടെ നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ-വിദ്വേഷ ആശയ പ്രചാരണത്തില്‍ നിന്നുള്ള പിന്മാറ്റമായോ, വ്യതിയാനമോ ആയി ഈ പ്രസ്താവനകളെ കാണാന്‍ കഴിയില്ല.
ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരിന് ഇന്ധനവില വര്‍ദ്ധനയും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം തിരഞ്ഞടുപ്പില്‍ കനത്ത തിരിച്ചടികളായിരിക്കും സമ്മാനിക്കാന്‍ പോകുന്നതെന്ന തിരിച്ചറിവ് ആര് എസ് എസിന് ഉണ്ട്. മോദി -അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തില്‍ പ്രഭ മങ്ങിയ നാഗ്പൂരിന്റെ സ്വന്തം പുത്രനായ നിതിന്‍ ഗഡ്കരി അടക്കമുള്ള നേതാക്കൾ പരസ്യമായി തന്നെ ഇത് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പെട്രോള്‍ വിലവര്‍ദ്ധന ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ ഗഡ്കരി പക്ഷെ, ഇക്കാര്യത്തില്‍ തന്റെ നിസ്സഹായത പരസ്യമായി പ്രകടിപ്പിക്കുയും ചെയ്തു. നോട്ടു നിരോധനം, ജിഎസ്ടി നടപ്പിലാക്കിയ രീതി തുടങ്ങിയ കാര്യങ്ങളിലെല്ലാം ആര് എസ് എസിന്റെയും ബിജിപിയുടേയും പല മുതിര്‍ന്ന നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷെ ആരും പരസ്യമായി പ്രതികരിക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ല.
2014-ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെത്തിയതിന് പിന്നില്‍ പ്രവാസികളായ ഹിന്ദുത്വവാദികളുടെ അഭൂതപൂര്‍വ്വമായ പിന്തുണ ഉണ്ടായിരുന്നു. സമാനമായ രീതിയില്‍ ഗഡ്കരിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ആര്‍എസ്എസും ഗഡ്കരിയും പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന്പ്രമുഖ ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്ക് നിക്ഷേപകരെ തേടുന്നതിനു വേണ്ടി അമേരിക്കയിലും കനഡയിലും ഇസ്രായിലിലും ഗഡ്കരി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവിടങ്ങളിലെ ഗവണ്മെന്റ്- കോര്‍പ്പറേറ്റ് പ്രതിനിധികളെ ചര്‍ച്ചക്കു ക്ഷണിക്കുകയും സമയം നിശ്ചയിക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ ചിക്കാഗോയില്‍ സെപ്തംബര്‍ 7, 8, 9 തിയതികളില്‍ നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിലും ഗഡ്കരി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ചിക്കാഗോയിലെ ഹിന്ദു സമ്മേളനത്തില്‍ ഗഡ്കരി പങ്കെടുത്താല്‍ അത് അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്ന മോദി-ഷാ കൂട്ടുകെട്ടിന്റെ ഭയത്താല്‍ ഗഡ്കരിയുടെ സന്ദര്‍ശനത്തിന് സമര്‍ത്ഥമായി തടയിടുകയായിരുന്നു.
നാഗ്പൂരിന്റെ മാനസപുത്രനായ ഗഡ്കരിയെ മോദി തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്നതിന് ഇതും കാരണമാണ്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മോദി-ഷാ അച്ചുതണ്ടിന് കോട്ടം നേരിട്ടാല്‍ ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുക മോഹന്‍ ഭാഗവതിന് പ്രിയങ്കരനായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയായിരിക്കും. ആര്‍എസ്എസിന് പുറമെ ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ട് വ്യവസായ കുടുംബങ്ങളടങ്ങിയ ‘ബോംബെ’ ക്ലബി’ന്റെ പിന്തുണയും ഗഡ്കരിയ്ക്കുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികള്‍ അനിവാര്യമായി വരുന്ന സാഹചര്യത്തില്‍ ശിവസേനയടക്കമുള്ളവര് മോദിയെ മാറ്റി നിര്‍ത്തി ഗഡ്കരിയുടെ പിന്നില്‍ അണിനിരക്കുമെന്നും ആര്‍എസ്എസിന്റെ മനസ്സിലുണ്ട്.