പ്രിയങ്ക ഗാന്ധിയുടെ രംഗ പ്രവേശം യു.പിയില്‍ അത്ഭുതം സൃഷ്ടിക്കുമോ?

Gambinos Ad
ript>

Gambinos Ad

ബിന്‍ഷ ദാസ്

പതിനഞ്ചാം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തോട് പ്രിയങ്ക ഗാന്ധിയുടെ മറുപടി ഇങ്ങിനെയായിരുന്നു.’ഒരു ദിവസം…വളര്‍ന്ന് പ്രായമാകുമ്പോള്‍ തീരുമാനമെടുക്കും’. രണ്ടാം യുപിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച 2009 ല്‍ അന്ന് മാധ്യമലോകം ഒന്നുകൂടി ചോദിച്ചു പ്രിയങ്കയോട്. രാഷ്ട്രീയത്തിലേക്കില്ലെന്ന് പറയാനാവുമോ? ഇല്ല അങ്ങിനെ പറയുന്നത് ഒരു മോശം കാര്യമാണ്. പിന്നീട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ യഥാര്‍ത്ഥ ഇന്ദിരാ ഗാന്ധിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ വരെ കരുതുന്ന പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് എത്തുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറിയായി. വിഭാഗീയത മുമ്പെന്നത്തേക്കാളും ശക്തമായ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദി ഉയര്‍ത്തുന്ന മതില്‍ക്കെട്ടിനെ, വെല്ലുവിളികളെ തടയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് കരുത്തേകുവാന്‍ പ്രിയങ്കയുടെ വൈകിയുള്ള രാഷ്ട്രീയ പ്രവേശത്തിനാവുമോ എന്നാണ് ലോക രാഷ്ട്രീയം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

രാജ്യത്തെ ഭരണചക്രത്തിന്റെ നിയന്ത്രണം ആര്‍ക്ക് എന്ന് തീരുമാനിക്കുന്ന സംസ്ഥാനമായ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ നിയമനം. 80 സീറ്റുള്ള യു പിയില്‍ ബിജെപിയെ വരുതിയിലാക്കാന്‍ പ്രമുഖ പ്രാദേശിക കക്ഷികളായ എസ് പി യും ബി എസ് പിയും കൈകോര്‍ത്തപ്പോള്‍ കോണ്‍ഗ്രസിനെ പുറത്തളത്തില്‍ നിര്‍ത്തുകയായിരുന്നു. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ട് കരുണ കാണിച്ച അഖിലേഷ് -മായാവതി കൂട്ടുകെട്ടിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നോ, പ്രിയങ്കയുടെ നാടകീയമായ രാഷ്ട്രീയ പ്രവേശനത്തോടെ. വളരെ കരുതലോടെയാണ് കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്. വൈകി മാത്രം ചിട്ടപ്പെടുത്തിയെടുത്ത ആ പ്രവര്‍ത്തനമികവിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. 2019 പാര്‍ട്ടിക്കു മുമ്പില്‍ കടുത്ത വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അത് ബിജെപിയും മോദിയുമാണെങ്കില്‍ തിരഞ്ഞെടപ്പിന് ശേഷം അത് ഒരു പക്ഷെ കൈക്കരുത്തുള്ള, മെയ് വഴക്കമുള്ള പ്രാദേശിക പാര്‍ട്ടികളായിരിക്കും. കാര്യങ്ങള്‍ അനുകൂലമായാല്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള പ്രതിസന്ധികളും നേരിടേണ്ടി വരും. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പിന്റെ ഭാഗമാവാം യു പി യില്‍ പ്രിയങ്കയുടെ നാടകീയമായ രംഗപ്രവേശം.

രാഷ്ട്രീയത്തില്‍ പ്രിയങ്ക തിളങ്ങുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. അമേഠിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലും മുമ്പും പലകുറി ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ തന്നെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി പ്രവര്‍ത്തകരുടെ പിന്തുണ നേടിയിരുന്നു. അമേഠിയിലും റായ്ബറേലിയിലും പ്രചാരണ റാലിയില്‍ നരേന്ദ്ര മോദിക്കെതിരെ വാതോരാതെ പ്രസംഗിച്ച് വാര്‍ത്തകളില്‍ പ്രിയങ്ക ഇടം നേടിയിരുന്നു. 56 ഇഞ്ചിന്റെ നെഞ്ചളവല്ല, വിശാല ഹൃദയവും ധാര്‍മ്മിക ശക്തിയുമാണ് വേണ്ടതെന്ന മോദിക്കെതിരെയുള്ള പ്രസ്താവന അന്ന് തിരഞ്ഞെടുപ്പ് വേദികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരകയെന്നപതിവു രീതി വിട്ട് മുന്‍നിര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് പ്രവര്‍ത്തകരും ഇന്ത്യന്‍ രാഷ്ട്രീയലോകവും നോക്കിക്കാണുന്നത്.

47കാരിയായ പ്രിയങ്കയെ മുത്തശ്ശി ഇന്ദിരാഗാന്ധിയുമായി പലപ്പോഴും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ ഊര്‍ജ്ജ്വസ്വലമായ വ്യക്തിത്വം പ്രിയങ്കയ്ക്കും അനുഗ്രഹമായി ലഭിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വേഷവിധാനവും സൗന്ദര്യവും അപ്പാടെ പ്രിയങ്കയ്ക്ക് ലഭിച്ചിട്ടള്ളത് കൊണ്ടു തന്നെ പ്രിയങ്കയില്‍ ഇന്ദിരയെ കാണുന്നവരും ഏറെയാണ്. ഇത്രയും കാലം സഹോദരന്‍ രാഹുലിന്റെ പിന്നില്‍ നിന്നു കൊണ്ടാണ് രാഷ്ട്രീയത്തില്‍ ഒതുങ്ങി കൂടിയതെങ്കില്‍ ഇപ്പോള്‍ മുന്‍നിരയിലെത്തിയത് പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരുമെന്നും ബിജെപിയ്ക്ക് ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം തന്നെ അവകാശപ്പെടുന്നു.

മനശ്ശാസ്ത്രത്തിലായിരുന്നു പ്രിയങ്കയുടെ ബിരുദം. ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടി. ഇങ്ങനെ മറ്റ് രാഷ്ട്രീയ നേതാക്കളുടെ മക്കളില്‍ നിന്ന് വ്യത്യസ്ഥമാണ് തന്റെ വഴിയെന്ന് പ്രിയങ്ക തെളിയിച്ചു. 2010ല്‍ ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക പിന്നീട് വിപാസന ധ്യാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മനസ്സിന്റെ ദൗര്‍ബല്യങ്ങളെ ഇല്ലാതാക്കി മനസിനെ ശാക്തീകരിക്കുന്ന യോഗമാര്‍ഗ്ഗമാണ് വിപാസന. മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്ന് അവിടെയുള്ള വെറുപ്പും വിദ്വേഷവുമടങ്ങിയ മാലിന്യങ്ങളെ നീക്കം ചെയ്ത് ശാന്തത കൈവരിക്കുകയാണ് വിപാസന ധ്യാനത്തിന്റെ ലക്ഷ്യം.

നെഹ്റു കുടംബത്തിലെ മറ്റൊരു പിന്തുടര്‍ച്ചക്കാരിയായി 
റെഹാന്‍, മിറായ എന്നീ രണ്ട് കുട്ടികളുടെ അമ്മയായ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്ചുവടുവെയ്ക്കുമ്പോള്‍ പതിനേഴാം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് എത്രകണ്ട് സ്വാധീനമുറപ്പിക്കാനാവും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.