കഥയും കഥയില്ലാത്ത മനുഷ്യരും

Gambinos Ad

പത്മനാഭന്‍ ചന്ദ്രോത്ത്

Gambinos Ad

കഥകളും മനുഷ്യവംശവുമായുള്ള ഇടപാടുകള്‍ക്ക് എഴുതപ്പെട്ട ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. എന്നാല്‍ ഇന്ന് അറിയപ്പെടുന്ന സംഘടിതവും അസംഘടിതവുമായ മതങ്ങള്‍ക്ക് ഏതാനും ആയിരം വര്‍ഷങ്ങളുടെ പഴക്കം മാത്രമേ ഉള്ളൂ. മതസന്ദേശങ്ങളില്‍ പോലും കഥകള്‍ക്ക് സുപ്രധാന സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. സാരോപദേശകഥകള്‍ മുതല്‍ അലിഗറി വരെയുള്ളവയെ ഉപയോഗപ്പെടുത്താത്ത മതങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. കഥകളുടെ അര്‍ത്ഥതലം അതെഴുതിയ ആളുടേയും സന്ദര്‍ഭാനുസരണം അത് ഉപയോഗിച്ച ആളുകളുടേയും പരിമിത പരിസരത്തെ ഉല്ലംഘിച്ച് ഭാവിയിലേക്ക് ദീര്‍ഘയാത്ര നടത്തി തലമുറകളോട് സംവദിക്കുന്നതും നമുക്കെല്ലാം പരിചിതമായ കാഴ്ചയാണ്. കഥയില്‍ കാര്യം കണ്ടെത്തിയവരുടെ താല്‍ക്കാലിക ലോകത്ത് നിന്നും മികച്ച കഥകള്‍ ഭാവിയുടെ അന്തരീക്ഷത്തിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു.

എഴുപതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വൈജ്ഞാനിക പരിണാമമാണ് മനുഷ്യന് ഭാവന നല്‍കിയതെന്നും അതുപയോഗിച്ചാണ് ഇക്കണ്ടതെല്ലാം മാനവരാശി പടുത്തുയര്‍ത്തിയത് എന്നും നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. ഭാവനയുടെ അരാജകവിന്യാസത്തില്‍ നിന്നാണ് മനുഷ്യനിര്‍മ്മിത ലോകത്തിന്റെ ഊടും പാവും നിര്‍മിക്കപ്പെടുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പ്രസക്തമാവുന്നത് അവ കേവലം ഉദാത്തമായ ആശയങ്ങളായതു കൊണ്ടു മാത്രമല്ല. മറിച്ച് അടുക്കും ചിട്ടയുമില്ലാതെ വിന്യസിക്കപ്പെടുന്ന ഭാവനയുടെ ലോകത്തു നിന്നാണ് മനുഷ്യരാശി അതിന്റെ നിലനില്‍പിന്റെയും പുരോഗതിയുടേയും അടുക്കും ചിട്ടയും കണ്ടെത്തുന്നത് എന്നതുകൊണ്ട് കൂടിയാണ്. കഥകള്‍ക്കും അവ പങ്കുപറ്റുന്ന വിശാല ഭാവനയുടെ അനിയന്ത്രിത ലോകത്തിനും തികച്ചും ഉപയോഗപ്രദമായ ഒരു വശം കൂടിയുണ്ടെന്ന് ചുരുക്കം.

എസ്. ഹരീഷ് മാതൃഭൂമിയില്‍ എഴുതി വരുന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചതായാണ് ഇപ്പോഴത്തെ വാര്‍ത്ത.

നോവല്‍ ഒരു കഥയാണ്. അതിലെ കഥാപാത്രങ്ങളുടെ സംഭാഷണം ഭാവനാസൃഷ്ടിയാണ്. ആ സംഭാഷണത്തിന്റെ കഥയുക്തി പോലും വെളിപ്പെടണമെങ്കില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുന്ന ആ നോവല്‍ തീരുന്നതുവരെയെങ്കിലും കാത്തുനില്‍ക്കേണ്ടതായുണ്ട്. എന്നാല്‍ അത്തരം കാത്തിരിപ്പിനൊന്നും പറ്റിയ അനുഭൂതി തലം ഇല്ലാത്ത ഭാവനാശൂന്യര്‍ നോവലിന്റെ മൂന്നാം ലക്കത്തില്‍ നിന്നു തന്നെ ആ കഥാപാത്രങ്ങളെ പിടിച്ചിറക്കിക്കൊണ്ടുവന്ന് മത സദാചാരക്കോടതിയില്‍ വിചാരണ ചെയ്യുക മാത്രമല്ല വിധിയും കല്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു. നോവലിന്റെ അവസാനം ഈ കഥാപാത്രങ്ങളെല്ലാം മനഃപരിവര്‍ത്തനം സിദ്ധിച്ച് ഗണവേഷധാരികളായി ഏറ്റവും അടുത്ത ശാഖയില്‍ പോകും എന്ന് പ്രതീക്ഷിക്കാന്‍ പോലും വേണം മിനിമം നിലവാരത്തിലുള്ള ഭാവനാസമ്പത്ത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് തീര്‍ച്ചയായും എഴുപതിനായിരം വര്‍ഷം മുമ്പ് ട്രെയിന്‍ മിസായിരിക്കുന്നു.

‘ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ മുട്ടിലിഴയേണ്ടിവരും’; ‘മീശ’ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയറാണെന്ന് സമകാലിക മലയാളം

‘ബൗഡ്‌ലറൈസ്’ (bowdlerize) എന്നൊരു വാക്കുണ്ട് സാഹിത്യ നിരൂപണത്തില്‍. ഒരു സാഹിത്യ സൃഷ്ടിയിലെ ലൈംഗീക / ‘ അനുചിത ‘ പരാമര്‍ശങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യുക എന്നര്‍ത്ഥം. 1875 ല്‍ അന്തരിച്ച തോമസ് ബൗഡ്‌ലര്‍ (Thomas Bowdler) ഷേക്‌സ്പിയര്‍ കൃതികളില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത് ‘ഫാമിലി ഷെയ്ക്‌സ്പിയര്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതാണ് ഈ പദമുണ്ടാകാന്‍ കാരണം. ജനങ്ങളാരും അതു വായിച്ചില്ല എന്നു മാത്രം. ബൗഡ്‌ലര്‍ പുരാവസ്തുവായിട്ടും ഷേക്‌സ്പിയര്‍ ഒരു വാക്കു പോലും മാറാതെ സിലബസില്‍ തുടരുന്നു. ഇന്ന് നിരോധിക്കാന്‍ തോന്നുന്ന സാഹിത്യമാണ് നാളെ വായിക്കപ്പെടാന്‍ ഇടയുള്ള സാഹിത്യം എന്നത് സാഹിത്യ ചരിത്രത്തിലെ പരസ്യമായ ഒരു രഹസ്യമാണ്. നാളേക്ക് വേണ്ടി എഴുതപ്പെട്ട ഒരു വാക്കും ഇന്നിന്റെ രോഷമേറ്റുവാങ്ങാതിരുന്നിട്ടുമില്ല.

ഒരു കഥയിലെ വാചകങ്ങള്‍ ഇത്തരത്തില്‍ നിങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുമെങ്കില്‍ നിങ്ങള്‍ക്ക് പിടിപ്പത് ജോലി ബാക്കി കിടക്കുന്നുണ്ട്. വേദങ്ങളും ഉപനിഷത്തുകളും പുരാണ ഗ്രന്ഥങ്ങളും മാത്രമല്ല മഹത്തായ കലാസൃഷ്ടികളുടെ സങ്കേതങ്ങളായ പുരാതന ആരാധനാലയങ്ങള്‍ വരെ നിങ്ങള്‍ക്ക് ബൗഡ്‌ലറൈസ് ചെയ്യേണ്ടി വരും. ഒരു പുരാണ ഗ്രന്ഥവും മന:സമാധാനത്തോടെ വായിക്കാന്‍ വ്രണിത വികാരത്തിന്റെ ഈ പ്രയോക്താക്കള്‍ക്ക് സാധ്യമാവില്ല. ക്ഷേത്രാങ്കണങ്ങളിലെ കലാരൂപങ്ങള്‍ അവരെ ലജ്ജിപ്പിച്ചു കൊണ്ടേയിരിക്കും. എഴുപതിനായിരം വര്‍ഷമായി സംസ്‌കാരത്തിന്റെ ട്രെയിന്‍ കാത്തുനില്‍ക്കുന്നവര്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നത് അത്തരത്തില്‍ ഭാവനാശൂന്യമാക്കപ്പെട്ട ഭൂതകാലം തന്നെയാണ്. വ്രണപ്പെടാന്‍ സാധ്യതയുള്ള ഒരു ലോല വികാരം മാത്രമായി ഒരു വശത്ത് പനിച്ചുവിറച്ചു കിടക്കുന്ന അതേ മതങ്ങളുടെ പേരില്‍ തന്നെയാണ് ഹൃദയത്തെ മരവിപ്പിക്കുന്ന അക്രമ പേക്കൂത്തുകള്‍ അരങ്ങേറുന്നത് എന്നു മാത്രമല്ല ഒരേ ജനക്കൂട്ടം തന്നെയാണ് രണ്ടിലും പങ്കെടുക്കുന്നത് എന്നതും ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സകലരും ഈ ഭാവനാശൂന്യതയ്ക്ക് ഏറിയും കുറഞ്ഞും ഉത്തരവാദികളാണ്. ശക്തവും കരുത്താര്‍ന്നതുമായ പ്രതിരോധം ഉയര്‍ന്നു വന്നില്ലെങ്കില്‍ ബൗഡ്‌ലറൈസ്ഡ് മലയാള സാഹിത്യശേഖരം പ്രീപബ്‌ളിക്കേഷന്‍ നിരക്കില്‍ വാങ്ങാന്‍ സാംസ്‌കാരിക നായകരും സാഹിത്യ അദ്ധ്യാപകരും തയ്യാറാവുക. വിപണി ഉറപ്പാണെങ്കില്‍ നമ്മുടെ മഹാപ്രസാധകര്‍ തന്നെ അതും സസന്തോഷം പ്രസിദ്ധീകരിക്കും.