നോവല്‍ പിന്‍വലിക്കാനുള്ളതല്ല; മീശ കളയാനുള്ളതുമല്ല

Gambinos Ad

 

Gambinos Ad

ഡോ. സെബാസ്റ്റ്യന്‍ പോള്‍

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണെങ്കിലും എസ് ഹരീഷ് എന്ന നോവലിസ്റ്റിനെ ഞാന്‍ കഴിഞ്ഞ ദിവസം വരെ കേട്ടിരുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്നധ്യായങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച മീശ എന്ന നോവലിന്റെ കര്‍ത്താവെന്ന നിലയില്‍ ഹരീഷ് ഇപ്പോള്‍ എനിക്കും കേരളസമൂഹത്തിനും പരിചിതനായി. കേരളത്തിലെ പെരുമാള്‍ മുരുകനായി മാറിയ ഹരീഷിേനാട് ജനാധിപത്യകേരളത്തോടൊപ്പം ഞാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം അനിയന്ത്രിതമായിരിക്കണമെന്ന തീവ്രവാദ നിലപാടുള്ളതുകൊണ്ട് ഹരീഷുമായുള്ള എന്റെ ദൃഢൈക്യത്തിന് മൂല്യം കൂടുതലുണ്ടാകും.

ഏതോ ഭീരുവിന്റെ ഭീഷണിയില്‍ ചകിതനായി തന്റെ നോവല്‍ പിന്‍വലിക്കാന്‍ ഹരീഷ് നിര്‍ബന്ധിതനായി. ഭീരുവിന് കീഴടങ്ങുന്നയാള്‍ സ്വയം ഭീരുവാകുന്നു. സര്‍ഗാത്മകത ആവശ്യപ്പെടുന്നത് ധീരതയാണ്. ആ ധീരതയില്‍ രാഷ്ട്രീയമുണ്ട്. എഴുത്തോ നിന്റെ കഴുത്തോ എന്ന ചോദ്യം കേള്‍ക്കുന്ന ആദ്യത്തെ എഴുത്തുകാരനല്ല ഹരീഷ്. കഴുത്തിനു മുകളില്‍ കുനിയുന്ന ശിരസ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല. നിര്‍ഭയത്വം ഭവിഷ്യത്തുകള്‍ക്ക് കാരണമാകും. ഭവിഷ്യത്തുകളെ ഭയപ്പെടാത്തവരാണ് സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങളെ വികസ്വരമാക്കുന്നത്. പ്രൊമിത്യൂസ് മുതല്‍ സല്‍മാന്‍ റുഷ്ദി വരെയുള്ളവര്‍ അക്ഷരങ്ങളുടെ അഗ്നി അണയാതെ സൂക്ഷിച്ചവരാണ്. അതിനുള്ള ശിക്ഷ അവര്‍ ഏറ്റുവാങ്ങി.

വ്യക്തി ചിലപ്പോള്‍ ദുര്‍ബലനാകും. അത് സര്‍ഗവൈഭവത്തിന്റെ ദൗര്‍ബല്യമല്ല. പല കാരണങ്ങളാല്‍ വ്യക്തി നിസഹായനാകും. തന്റെ പ്രസിദ്ധമായ ശാസ്ത്രഗ്രന്ഥം പ്രസിദ്ധപ്പെടുത്താന്‍ കോപെര്‍നിക്കസ് വിമുഖനായിരുന്നു. അദ്ദേഹം സഭയെയും വിമര്‍ശകരെയും ഭയപ്പെട്ടു. മരണം ആസന്നമായപ്പോഴാണ് അദ്ദേഹം കൈയെഴുത്തുപ്രതി പ്രസാധകനെ ഏല്‍പിച്ചത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് അച്ചടിച്ച കോപ്പി അദ്ദേഹത്തിന്റെ കൈയില്‍ കിട്ടിയത്. എല്ലാവര്‍ക്കും ഇപ്രകാരം മരണദിനംവരെ തങ്ങളുടെ രചനയുടെ പ്രകാശനം നീട്ടിക്കൊണ്ടുപോകാനാവില്ല.

 


നോവലിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ച മാതൃഭൂമിയുടെ നിലപാടിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. ഭീഷണിയെ നേരിടുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള കരുത്ത് ആ സ്ഥാപനത്തിനുണ്ട്. എഴുത്തുകാരനെ സംരക്ഷിക്കുകയെന്നത് പ്രസിദ്ധീകരണത്തിന്റെ ഉത്തരവാദിത്വമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സിനിമാനിരൂപണത്തിന്റെ പേരില്‍ സിനിക്കിനെതിരെ അപകീര്‍ത്തിക്കേസുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ഐഡന്റിറ്റി സംരക്ഷിച്ചുകൊണ്ട് ഉത്തരവാദിത്വം ഏറ്റെടുത്ത പത്രാധിപരായിരുന്നു എന്‍ വി കൃഷ്ണവാരിയര്‍. ഇവിടെ എഴുത്തുകാരനെ പ്രസിദ്ധീകരണം കൈവിട്ടു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഉപയോക്താക്കള്‍ ഇപ്രകാരമല്ല പെരുമാറേണ്ടത്.

ക്യാപിറ്റല്‍ എന്ന അമേരിക്കന്‍ പത്രത്തില്‍ കഴിഞ്ഞ മാസമുണ്ടായ ദുരനുഭവം മാതൃഭൂമിയെ ഭയപ്പെടുത്തുന്നുണ്ടാകും. അതിനുമുമ്പ് പാരീസിലെ ചാര്‍ലി ഹെബ്‌ദോയില്‍ നടന്നതും ഓര്‍ത്താല്‍ ഭയത്തിന് കാരണമാകും. ഭയമുള്ളവര്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും വേവലാതിപ്പെടരുത്. ഹനുമാന്‍ സേനയുടെ ഭീഷണിയുണ്ടായപ്പോള്‍ എം എം ബഷീറിന്റെ രാമായണപംക്തി പിന്‍വലിച്ച സമീപകാലചരിത്രം മാതൃഭൂമി പത്രത്തിനുണ്ട്.
അപഹാസ്യമായ എതിര്‍പ്പാണ് നോവലിലെ ഒരു സംഭാഷണത്തെച്ചൊല്ലി ഉണ്ടായത്. ആര്‍ക്കെങ്കിലും ഹിതകരമല്ലാത്ത കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഏതു കലാസൃഷ്ടിയിലും കണ്ടെത്താന്‍ കഴിയും. വിയോജിപ്പുള്ളതിനോട് യോജിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്. എന്നാല്‍ നമുക്ക് യോജിക്കാന്‍ കഴിയാത്ത നിലപാടുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അപരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാന്‍ നാം തയാറാകണം. വോള്‍ട്ടയര്‍ പഠിപ്പിച്ച പാഠമാണിത്. ഈ പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് നവോത്ഥാനത്തിന്റെ പാതയിലൂടെ നാം മുന്നേറിയത്. അതുകൊണ്ട് പൊന്‍കുന്നം വര്‍ക്കിയും പോഞ്ഞിക്കര റാഫിയും ഇവിടെ സുരക്ഷിതരായിരുന്നു.

നിര്‍മാല്യം ക്ഷേത്രവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയില്ല. ഭഗവദ് ഗീതയ്‌ക്കൊപ്പം മുലകള്‍ ചേര്‍ത്തുവയ്ക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിന് തടസമുണ്ടായില്ല. നായര് പിടിച്ച പുലിവാലുണ്ടായി; പൊന്‍മുട്ടയിടുന്ന തട്ടാനുണ്ടായില്ല.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ ഇപ്പോള്‍ ആര്‍ക്കാണ് പ്രശ്‌നം? ക്ഷേത്രസംരക്ഷകരോ ഹിന്ദുത്വപ്രഘോഷകരോ ഹരീഷിനെതിരെയുണ്ടായ ഭീഷണിയെ തള്ളിപ്പറഞ്ഞിട്ടില്ല. ക്ഷേത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ കേരളത്തിലെ ഒരെഴുത്തുകാരന്റെ ജീവന്‍ അപകടത്തിലാവില്ലെന്ന് സംഘികളിലാരെങ്കിലും ഒന്നു പറയണം. അത് പൊതുവെ ആശ്വാസത്തിനു കാരണമാകും. മതസംരക്ഷകരുടെ ആക്രമണത്തെ അതിജീവിച്ച പ്രഫസര്‍ ജോസഫിന്റെ നാടാണിത്. സ്വന്തം വിശ്വാസപ്രമാണത്തിന്റെ പേരില്‍ നെഞ്ചില്‍ കുത്തേറ്റു വാങ്ങിയ അഭിമന്യുവിന്റെ നാടാണിത്. സാഹിത്യമായാലും സിനിമയായാലും മതതീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങേണ്ടി വരുന്ന സാഹചര്യം ഇവിടെയുണ്ടാകരുത്.

തോരാത്ത മഴയിലെ വെള്ളപ്പൊക്കം പോലെയാണ് സംഘകാലത്ത് ഭയത്തിന്റെ നിരപ്പുയരുന്നത്. അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയുടെ കാലത്ത് ഭയം സര്‍വരെയും ഗ്രസിക്കുന്നു. സെന്‍സര്‍ ഇല്ലാതെ എല്ലാവരും സ്വയം സെന്‍സറാകുന്നു. അഭികാമ്യമായ ആത്മനിയന്ത്രണം അനാശാസ്യമായ സ്വയംനിയന്ത്രണമായി മാറുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യമെന്നത് ഭരണഘടനയിലെ അര്‍ത്ഥമില്ലാത്ത ഒരു നമ്പര്‍ മാത്രമായി മാറുന്നു. തന്റെ റിപ്പബ്‌ളിക്കില്‍ കവികള്‍ക്ക് സ്ഥാനമില്ലെന്ന് പ്‌ളാറ്റോ പറഞ്ഞു. അവിടെ ദാര്‍ശനികര്‍ക്കായിരുന്നു പ്രാമുഖ്യം. നമ്മുടെ റിപ്പബ്‌ളിക്കില്‍ സ്വതന്ത്രചിന്ത ബഹിഷ്‌കൃതമാകുന്നു. നിസഹായതയോടെ പ്രതികരിച്ചാല്‍ മാത്രം പരിഹരിക്കപ്പെടുന്നതല്ല ഈ പ്രശ്‌നം.

‘മീശ’ പിന്‍വലിക്കാനുള്ള തീരുമാനം പുന പരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍; ‘അസഹിഷ്ണുതയുടെ മുനയൊടിക്കാന്‍ ജനാധിപത്യ വാദികള്‍ മുന്നിട്ടിറങ്ങണം’

പ്രസിദ്ധപ്പെടുത്തിയ അധ്യായങ്ങള്‍ വായിക്കാത്തതുകൊണ്ട് ഹരീഷിന്റെ നോവല്‍ ഹിന്ദുമതത്തിന് ആക്ഷേപകരമാണോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. അതറിയുന്നതിനുവേണ്ടി നോവല്‍ വായിക്കാനും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. മതത്തെ വ്രണപ്പെടുത്തുന്ന ഒന്നും അതിലില്ലെന്ന് ഇന്ദു മേനോന്‍ അഭിപ്രായപ്പെട്ടത് വായിച്ചു. സാഹിത്യം മതത്തെ വളര്‍ത്തുകയും ശുദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രന്ഥമില്ലാതെ മതം ഉണ്ടായിട്ടില്ല. മതം സെമിറ്റിക്കായാലും അല്ലെങ്കിലും ഗ്രന്ഥമുണ്ട്. രാമായണവും മഹാഭാരതവുമില്ലാതെ ഹിന്ദുമതമുണ്ടോ? ബൈബിളിന്റെ പ്രാദേശികഭാഷകളിലേക്കുള്ള പരിഭാഷയോടെയാണ് ലൂഥറിന്റെ മതനവീകരണപ്രസ്ഥാനത്തിന് വേഗതയുണ്ടായത്.

മതത്തെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ മാര്‍ട്ടിന്‍ ലൂഥറേക്കാള്‍ ക്രിസ്തുമതത്തിന് വെല്ലുവിളിയായത് ഗുട്ടന്‍ബെര്‍ഗാണ്. പുസ്തകങ്ങളെ നേരിടാന്‍ സഭ സെന്‍സര്‍ഷിപ്പ് കൊണ്ടുവന്നു. കാലക്രമത്തില്‍ സെന്‍സര്‍ഷിപ് ഇല്ലാതാവുകയും പുസ്തകങ്ങള്‍ നിലനില്‍ക്കുകയും ചെയ്തു. പുസ്തകങ്ങള്‍ക്കൊപ്പം മതവും നിലനിന്നു. കസന്‍ദ്‌സാക്കിസിനെ മതവിരുദ്ധനായല്ല, മതവിശ്വാസത്തിന് കാല്‍പനികമായ സൗന്ദര്യവും ലഹരിയും നല്‍കിയ എഴുത്തുകാരനായാണ് ക്രൈസ്തവലോകം ഇന്ന് കാണുന്നത്.
അവകാശബോധത്താല്‍ നിവരുന്ന നട്ടെല്ലിന്റെ പ്രതീകമാണ് മീശ. അതുകൊണ്ടാണ് ദലിതര്‍ മീശ വയ്ക്കുന്നത് അപരാധമായത്. അടിയറവിന്റെയും കീഴടങ്ങലിന്റെയും അടയാളമായി മീശയെ മാറ്റരുത്. വ്യക്തിയുടെ സങ്കോചം മനസിലാക്കാം. സ്ഥാപനം ഭീഷണിക്കു മുന്നില്‍ വഴങ്ങരുത്. സ്ഥാപനം പരാജയപ്പെട്ടാല്‍ പ്രസ്ഥാനങ്ങള്‍ വെല്ലുവിളി ഏറ്റെടുക്കണം. ഇത് കേരളമാണ്. നവോത്ഥാനത്തിന്റെ നാട്ടില്‍ സ്വതന്ത്രചിന്തയ്ക്ക് തടസങ്ങളുണ്ടാകരുത്.
നോവലിന്റെ പ്രസിദ്ധീകരണം മാതൃഭൂമി പുനരാരംഭിക്കണം. അതിന് അവര്‍ തയാറാകുന്നില്ലെങ്കില്‍ നോവല്‍ പുസ്തകമായി പുറത്തുവരണം. അപ്പോള്‍ ഇത് കേരളമാണെന്ന തിരിച്ചറിവ് ചിലര്‍ക്കെങ്കിലും ഉണ്ടാകും.

ഓഫീസിലേക്ക് മുഖമില്ലാത്ത കുറേ ആളുകള്‍ പ്രതിഷേധമാര്‍ച്ച് നടത്തിയാല്‍ വഴങ്ങുന്നതാണ് പത്രധര്‍മമെങ്കില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്ക് തത്കാലം സംസാരിക്കാതിരിക്കാം. മാതൃഭൂമിയെ സമ്മര്‍ദത്തിലാക്കിയ ഭീഷണിയെക്കുറിച്ച് പ്രസ് കൗണ്‍സിലിന്റെ പരിശോധന ആവശ്യമുണ്ട്. അടിയന്തരാവസ്ഥയെ ഭയന്ന പത്രമാണ് മാതൃഭൂമി. സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് ചില പത്രങ്ങള്‍ മുഖപ്രസംഗം എഴുതാതിരുന്നപ്പോള്‍ വിയറ്റ്‌നാമിനെക്കുറിച്ച് മുഖപ്രസംഗമെഴുതി ‘ധീരത’ കാട്ടിയ പത്രമാണ് മാതൃഭൂമി. ഭയപ്പെടുത്തുന്നതിനുമുമ്പേ ഭയപ്പെട്ട പത്രങ്ങളാണ് അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പിനെ വിജയകരമാക്കിയത്. ഇടി മുഴങ്ങുന്നതിനുമുമ്പേ അവര്‍ ഞെട്ടി. നവമാധ്യമങ്ങളിലെ ഭീഷണിക്കു മുന്നില്‍ വൃദ്ധമാധ്യമം വഴങ്ങിയാല്‍ സമൂഹത്തിന്റെ രക്ഷ ആരാണ് ഉറപ്പാക്കുക? നോവല്‍ പിന്‍വലിക്കാനുള്ളതല്ല; മീശ കളയാനുള്ളതുമല്ല.

‘ചുളുവില്‍ ഒരു പെരുമാള്‍ മുരുകന്‍ പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം’; സംഘപരിവാര്‍ ഭീഷണി നേരിടുന്ന എഴുത്തുകാരെ പരിഹസിച്ച് കെ സുരേന്ദ്രന്‍

മീശ പൂര്‍ണരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് സമകാലിക മലയാളം വാരിക സന്നദ്ധമായിട്ടുണ്ട്. കവിയുടെ രാഷ്ട്രീയത്തോടുള്ള അനാഭിമുഖ്യം നിമിത്തം പ്രഭാ വര്‍മയുടെ ശ്യാമമാധവം എന്ന ദീര്‍ഘകവിതയുടെ പ്രസിദ്ധീകരണം മുടക്കിയതിനുള്ള പ്രായശ്ചിത്തമാണോ ഹരീഷിനുനേരേ നീട്ടുന്ന ഈ ഒലീവ്.