നോർത്ത് ബ്ലോക്കിന്റെ വരുതിയിലായ റിസർവ് ബാങ്ക്

Gambinos Ad
ript>

റിസർവ് ബാങ്കിന്റെ ചരിത്രത്തിൽ നിർണായകമായ പല മാറ്റങ്ങൾക്കും വഴി തുറക്കുന്ന ബോർഡ് യോഗമാണ് തിങ്കളാഴ്ച നടന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആസ്ഥാനമായ നോർത്ത് ബ്ലോക്കിന് ആർ ബി ഐ വഴങ്ങി കൊടുക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് യോഗത്തിൽ ഉണ്ടായത്. രാജ്യത്തിൻറെ പണവ്യവസ്ഥയെ നിയന്ത്രിക്കുന്ന സ്വതന്ത്ര സ്ഥാപനമായ റിസർവ് ബാങ്കിനെ വരുതിക്ക് നിർത്തുന്നതിൽ കേന്ദ്ര സർക്കാർ മേൽകൈ നേടുന്ന ചിത്രമാണ് പ്രസ്തുത ബോർഡ് മീറ്റിംഗ് അവശേഷിപ്പിച്ചത്.

Gambinos Ad

ഒമ്പത് മണിക്കൂർ നീണ്ട മാരത്തോൺ ബോർഡ് മീറ്റിംഗ് സമാപിച്ചത്, റിസർവ് ബാങ്ക്, കേന്ദ്ര സർക്കാരിന് മുന്നിൽ പത്തി താഴ്ത്തി നിൽക്കുന്ന അവസ്ഥയിലാണ്. അതീവ നിർണായകമായ ബോർഡ് യോഗത്തിൽ സർക്കാരിന്റെ നിർദേശങ്ങൾക്ക് വഴങ്ങി, പ്രായോഗിക വിട്ടുവീഴ്ചകൾ ചെയ്യുകയാണ് ഗവർണർ ഉർജിത് പട്ടേൽ ചെയ്തത്. അതുവഴി അദ്ദേഹം, മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപെട്ട സ്ഥാനത്യാഗം എന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്തു.

വളരെ നിർണായകമായ രണ്ടു നിർദേശങ്ങൾ പ്രത്യേക സമിതിക്ക് വിട്ടുകൊണ്ട് ഇപ്പോൾ രൂപം കൊണ്ട കുരുക്ക് ഒഴിവാക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. റിസർവ് ബാങ്കിന്റെ കരുതൽ ഫണ്ടിൽ നിന്ന് 3.65 ലക്ഷം കോടി രൂപ സർക്കാരിന് നൽകണമെന്ന നിർദേശം ഇനി ഈ സമിതി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കും. വായ്പ കുടിശികയിൽ പെട്ട് പ്രതിസന്ധിയിലേക്ക് നീങ്ങിയ 11 പൊതു മേഖല ബാങ്കുകളുടെ കാര്യവും ഈ സമിതി പരിശോധിക്കും. ഈ ബാങ്കുകൾക്കെതിരെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ [പി സി എ]  എടുത്ത റിസർവ് ബാങ്ക്, ഇവ കൂടുതൽ വായ്പകൾ അനുവദിക്കുന്നതിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് സർക്കാരിന് വലിയ അതൃപ്തി ഉളവാക്കിയിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് സമിതിയെ നിയോഗിച്ചതോടെ റിസർവ് ബാങ്കിന് വിട്ടുവീഴ്ച കാണിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

എന്നാൽ, റിസർവ് ഫണ്ട് സർക്കാരിന് കൈമാറുന്ന കാര്യത്തിൽ നിലവിലുള്ള ഫണ്ടിന്റെ കാര്യം വരുന്നില്ലെന്നും ഭാവിയിൽ ഇത് എങ്ങനെ പങ്ക് വെയ്ക്കും എന്ന കാര്യത്തിലായിരിക്കും സമിതി നിർദേശങ്ങൾ സമർപ്പിക്കുക എന്നും ആർ ബി ഐയുടെ ഉന്നത കേന്ദ്രങ്ങൾ പറഞ്ഞു. സമിതിയിൽ ആരൊക്കെ അംഗങ്ങൾ ആകണമെന്നും ടെംസ് ഓഫ് റഫറൻസ് അടക്കമുള്ള കാര്യങ്ങളും റിസർവ് ബാങ്കും സർക്കാരും ചേർന്ന് തീരുമാനിക്കും. നികുതി വരുമാനത്തിൽ ഉണ്ടായിരിക്കുന്ന കുറവ് സാമ്പത്തിക സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ധനക്കമ്മി 3.3 ശതമാനമാക്കി കുറയ്ക്കുന്നതിന് ഫണ്ട് കൈമാറേണ്ടത് ആവശ്യമാണെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ റിസർവ് ഫണ്ട് വളരെ നിർണായകമായ ഒന്നാണെന്നും അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് യുദ്ധം, ക്ഷാമം തുടങ്ങിയ അവസ്ഥയിൽ മാത്രം ഉപയോഗിക്കാനാണ് ഇത്തരം ഫണ്ട് സൂക്ഷിക്കുന്നതെന്നുമാണ് റിസർവ് ബാങ്ക് നിലപാട്. ഏതായാലും കമ്മറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചതിലൂടെ തന്നെ സർക്കാർ നിലപാട് അംഗീകരിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഈ വർഷം ജൂണിലെ കണക്കുകൾ പ്രകാരം 9.6 ലക്ഷം കോടി രൂപയാണ് റിസർവ് ഫണ്ട്. ഇത് പങ്ക് വെയ്ക്കുന്ന നിലവിലുള്ള രീതി യുക്തിസഹജമല്ലെന്നും ഇത്ര വലിയ തുക ക്യാപിറ്റൽ റിസർവ് എന്ന പേരിൽ സൂക്ഷിക്കേണ്ട കാര്യമില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. ഇത് വികസന പ്രവർത്തങ്ങൾക്കും കൂടുതൽ വായ്പ നൽകുന്നതിനും വിനിയോഗിക്കണമെന്നുമാണ് സർക്കാർ വാദം. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ 7 പ്രകാരമാണ് ഇതിനുള്ള നിർദേശങ്ങൾ ആർ ബി ഐയ്ക്ക് നൽകിയത്. ഇത്തരം നിർദേശങ്ങൾ സാധാരണ രീതിയിൽ സ്വയംഭരണ സ്ഥാപനമായ റിസർവ് ബാങ്കിന് ഗവൺമെന്റുകൾ നൽകുക പതിവല്ല. ഇതാണ് റിസർവ് ബാങ്ക് അധികൃതരെ ചൊടിപ്പിച്ചത്. അതുകൊണ്ട് ഈ നിർദേശങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത നവംബർ 19ലെ ഡയറക്ടർ ബോർഡ് യോഗം നിർണായകമായ ഒന്നായി മാറുകയായിരുന്നു.

ഡിസംബർ 14 നാണ് അടുത്ത ബോർഡ് യോഗം. എൻ ബി എഫ് സികൾ നേരിടുന്ന ലിക്വിഡിറ്റി പ്രതിസന്ധി ഉൾപ്പടെയുള്ള കാര്യങ്ങൾ ആ യോഗം ചർച്ച ചെയ്യുമെന്ന ധാരണയാണ് തിങ്കളാഴ്ച നടന്ന ബോർഡ് യോഗത്തിൽ ഉണ്ടായത്. ഇതിനു പുറമെ ബാങ്കുകൾ അവരുടെ ഫണ്ടിൽ നിന്നും ക്യാപിറ്റൽ കൺവെർസേഷൻ ബഫർ ആയി 0.625 ശതമാനം കൂടി മാറ്റി വെയ്ക്കണമെന്ന നിർദേശം 2020 മാർച്ച് 31ലേക്ക് നീട്ടി വെയ്ക്കുന്നതിനും ധാരണയായി. ഇത് ലിക്വിഡിറ്റി കൂട്ടുന്നതിന് സഹായകമാകുമെന്ന് ആശ്വാസം ബാങ്കുകൾക്ക് നൽകുന്നുണ്ട്. 25 കോടി രൂപയുടെ വരെ ചെറുകിട വായ്പകൾ റീസ്ട്രക്ച്ചർ ചെയ്യുന്നതിന് ബാങ്കുകൾക്ക് അനുമതി നൽകുന്നതിന് ബോർഡ് യോഗം തീരുമാനിച്ചു.

പരസ്പരം കൊമ്പു കോർത്ത് റിസർവ് ബാങ്കും സർക്കാരും നേർക്കുനേരെ വന്നപ്പോൾ തിങ്കളാഴ്ചത്തെ ബോർഡ് യോഗത്തിനു പതിവ് യോഗങ്ങളെക്കാൾ വേറിട്ട പരിവേഷം കൈവന്നു. ഒരു ഘട്ടത്തിൽ ഉർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതടക്കമുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ വിവാദങ്ങൾ ഒഴിവാക്കാൻ സർക്കാർ തന്ത്രപരമായ ചുവടുവയ്പുകൾ നടത്തിയതോടെ ബോർഡ് യോഗം സമവായ തലത്തിലേക്ക് മാറി. എന്നിരുന്നാലും നവംബർ 19ലെ തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിൽ ഏറെ നിർണായകമാകും എന്നത് ഉറപ്പാണ്.