ഹനാന്‍റെ തലയിലെ തട്ടമന്വേഷിക്കുന്നവര്‍

Gambinos Ad

എം.എന്‍. കാരശ്ശേരി

Gambinos Ad

ഒരു ജനാധിപത്യ സമൂഹം ആയിക്കൊണ്ടിരിക്കുന്നതിനു പകരം അക്രമാസക്തരായ ഒരു ആള്‍കൂട്ടമായിക്കൊണ്ടിരിക്കുകയാണ് കേരളീയര്‍ ഇന്ന്. എതാനും ദിവസം മുമ്പ് കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് ഒരു ബംഗാളി സുഹൃത്തിനെ തല്ലിക്കൊന്നത് കൊല്ലത്താണ്. അതിന് മുമ്പ് അന്നം മോഷ്ടിച്ചു എന്നാരോപിച്ച് മധു എന്ന ആദിവാസി യുവാവിവിനെ തല്ലിക്കൊന്നതും കേരളീയര്‍ തന്നെ.

ഇങ്ങനെ സദാചാര നിന്ദയുടെ പേരില്‍ മതപരമായ കാര്യങ്ങള്‍ പറഞ്ഞ് ആളുകളെ ഉപദ്രവിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരു കൂട്ടരായി മലയാളികള്‍ മാറിയിരിക്കുന്നു. അതിന്റെ വേറെയൊരു രൂപമാണ് ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളില്‍ കാണുന്ന ഗുണ്ടായിസം. നേരിട്ടു തല്ലാനോ കൊല്ലാനോ സാധിക്കാത്തതിനാല്‍ വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ സാമൂഹിക മാധ്യമം വഴി അക്കാര്യം ചെയ്യുന്നു. ഇപ്പറഞ്ഞ ആളുകള്‍ക്ക് ഇതു ഒരു തരം ൈലംഗിക ആനന്ദമാണ്. ആധുനിക മനഃശാസ്ത്രത്തിലെ സാഡിസം (ക്രൂര വിനോദം) തന്നെയാണിത്. മറ്റൊരാളെ മാനസികമായോ ശാരീരികമായ വേദനിപ്പിക്കുക, ആ വേദനയില്‍ കിടന്ന് മറ്റൊരാള്‍ പുളയുന്നത് കണ്ട് ആനന്ദിക്കുക, അതിലൂടെ ഓര്‍ഗാസം അനുഭവിക്കുക ഇതാണ് മലയാളികളില്‍ ചിലര്‍ ചെയ്യുന്നത്.

ഹനാന്‍ വിഷയത്തിലും കാണുന്നത് ഇതു തന്നെയാണ്. അവളെ ആക്രമിക്കാനായി സംഘം ചേര്‍ന്നു വരുന്ന ആണുങ്ങളുടെ തിരിച്ചറിയുന്നത് അവളൊരു പെണ്‍കുട്ടിയാണെന്നുള്ളതാണ്. അതുകൊണ്ട് പുരുഷാധിപത്യത്തിന്റെ ഒരു തരത്തിലുള്ള ബലാത്സംഗം തന്നെയാണത്. നിര്‍ഭയ കേസിലും സൗമ്യയുടെ കേസിലുമൊക്കെ വേട്ടക്കാര്‍ കണ്ടെത്തിയ ആ തരത്തിലുള്ള ആനന്ദം വിര്‍ച്ച്വല്‍ ലോകത്തിലൂടെ നേടുകയാണ്. ഇത്രയും ഗൗരവമായ സംഭവങ്ങളുടെ അംശം ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ കേസിലും കാണാവുന്നതാണ്.

മറ്റൊരു കാര്യം മീന്‍കാരി എന്നു പറഞ്ഞാല്‍ പുച്ഛമാണ് നമുക്ക്. അതായത് നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും മീന്‍ വലിയ ഇഷ്ടമാണ്. എല്ലാവരും മീന്‍ കഴിക്കും. പക്ഷേ മീന്‍ പിടിക്കുന്നത് മുക്കുവന്മാരാണ്. ഹിന്ദു വിഭാഗത്തില്‍ അരയന്‍മാരും മുസ്ലിം വിഭാഗത്തില്‍ പൂസ്ലാന്‍മാരും താഴ്ന്ന ജാതിയാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അവരുടെ കൂടെ ഭക്ഷണം കഴിക്കില്ല, അവര്‍ക്ക് മക്കളെ കെട്ടിച്ചു നല്‍കില്ല. അവരെ തുല്യമായി കാണില്ല. ഇങ്ങനെ എല്ലാ മതവിഭാഗത്തിലും ഏറ്റവും താഴ്ന്ന വിഭാഗക്കാരായാണ് മുക്കുവന്മാരെ കണക്കാക്കുന്നത്. നമ്മുടെ തലമുടിവെട്ടുന്ന ആള്‍, നമ്മുടെ ചെരുപ്പു കുത്തുന്ന ആള്‍, ഇവരൊക്കെ ഏറ്റവും മോശം പണിക്കാരനാണെന്നാണ് മലയാളികളുടെ പൊതുധാരണ. നാം ഇറച്ചി കഴിക്കുന്നു. എന്നാല്‍ നമ്മുടെ സാഹിത്യത്തിലും സിനിമയിലും സീരിയയിലും ഇറച്ചിവെട്ടുകാരന്‍ വളരെ മോശക്കാരനാണ്. ഈ അംശവും ഹനാന്റെ വിഷയത്തില്‍ കാണാം.

പിന്നെ ഹനാനോട് ഓരോ കോമാളികള്‍ ചോദിക്കുകയാണ്. നിനക്കു തട്ടമിട്ടൂടെ പേണ്ണേ എന്ന്. അവരുടെ പ്രശ്‌നം അവളുടെ തട്ടം മാത്രമാണ്. അവളുടെ തലയിലെ മുടി നിങ്ങള്‍ കാണുന്നത് അവള്‍ നേരെ നില്‍ക്കുന്നത് കൊണ്ടാണ്. അവള്‍ക്ക് ഭക്ഷണം ലഭിച്ചിട്ടുണ്ടോ, ചികിത്സ ലഭിച്ചിട്ടുണ്ടോ, മതിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന കാര്യം ഇവര്‍ അന്വേഷിക്കുന്നേയില്ല. അവള്‍ പഠിക്കുന്ന കോളജിന്റെ പേര് എല്ലാവര്‍ക്കുമറിയാം, കച്ചവടം ചെയ്യുന്ന സ്ഥലം അറിയാം, അവിടെ പോയി അന്വേഷിക്കുന്നതിനു പകരം അതു തട്ടിപ്പാണെന്നും സോഷ്യല്‍ മീഡിയയില്‍ വിധിപറയുകയാണ് ചിലര്‍. ഒരു സിനിമാ സംവിധായകന്‍ സിനിമയില്‍ അവസരം കൊടുക്കാമെന്നു പറഞ്ഞയുടനെ ആ സിനിമയുടെ പ്രചാരണത്തിനു വേണ്ടിയുള്ള ഒരു നാടകമായിരുന്നു അതെന്നങ്ങ് തീരുമാനിച്ചു. അങ്ങനെ ഒരു സിനിമയുണ്ടോ, അതിന്റെ തിരക്കഥ എന്താണ്, ആ കുട്ടിക്കു എന്താണ് റോള്‍ എന്നു പോലും അന്വേഷിക്കുന്നില്ല. അവള്‍ അവള്‍ക്കു ഇഷ്ടമുള്ള നടനായ മോഹലാലിന്റെ കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ നേരത്തെ ഫെയ്‌സ്ബുക്കിലിട്ടിരുന്നു. അതും കുത്തിപൊക്കി വരേ ചോദ്യങ്ങളായി. അവള്‍ മീന്‍കാരിയല്ലേ അവള്‍ക്കു ഫെയ്‌സ്ബുക്ക് പാടില്ല എന്നാണല്ലോ ധാരണ!

എന്തെങ്കിലും ഒരു കാര്യം വരുമ്പോള്‍ അതു എന്താണെന്ന് അന്വേഷിക്കുകയും അതു തിരിച്ചറിയുകയും ചെയ്യുന്നതിനു മുന്നേ അവനവന്റെ മുന്‍വിധികളും മനോവൈകൃതങ്ങളും (തട്ടമിട്ടൂടെ പെണ്ണേ എന്നുള്ളത് മനോ വൈകൃതമാണ്) പ്രകടിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

 

കേരളത്തിലെ ആളുകള്‍ ആസ്വദിക്കുന്നതെല്ലാം ചീത്ത വാര്‍ത്തകളാണെന്നാണ് ഇതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്ന കാര്യം. തോണി മറിഞ്ഞതിന്റേയും വണ്ടിയിടിച്ചു മരിച്ചതിന്റേയും വാര്‍ത്തകള്‍. ചോര വാര്‍ന്നു മരിച്ച വാര്‍ത്ത, ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു തുടങ്ങിയ നിഷേധാത്മക വാര്‍ത്ത കണ്ട് ആളുകള്‍ക്ക് അതില്‍ ഹരം പിടിച്ചിരിക്കുകയാണ്. എന്നാല്‍ ഹനാന്റേതു ഒരു പോസിറ്റീവായ വാര്‍ത്തയാണ്, പിതാവ് മദ്യത്തിന് അടിമയായി, ഉമ്മ മനോനില തെറ്റി, ഇങ്ങനെയുള്ള ഒരു കുട്ടിയാണ്. അവള്‍ക്കു കുടുംബത്തെ നോക്കണം, അതിനായി രാവിലെ മൂന്നു മണിക്കു ഏഴുനേല്‍ക്കണം. ജോലി ചെയ്യണം. ഇതു മറ്റുള്ളവര്‍ക്കു പ്രചോദനമാവും എന്നു കരുതിയാണ് പത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആ വാര്‍ത്തയിലെ പോസ്റ്റീവ് വശത്തിന് പിറകില്‍ എന്തു നെഗറ്റീവ് കണ്ടു പിടിക്കാനുണ്ട് എന്നാണ് ഈ നിഷേധാത്മ മനസ്സുള്ളവരുടെ ജന്മവാസന. അതു മലയാളത്തില്‍ വളരെ കൂടുതലാണ്. നാം ഏപ്പോഴും രസിക്കുന്നത് അപകടം, അക്രമം, ബലാത്സംഗം, കൊള്ള തുടങ്ങിയപോലുള്ള വാര്‍ത്തകളിലാണ്. കുറ്റകൃത്യങ്ങളിലാണ് നാം അഭിരമിക്കുന്നത്. അതിനാല്‍ കേരളീയ മനസ്സിന്റെ വൈകൃത്യമാണ് പുറത്തു വരുന്നത്.

The Real Hero ഹനാന്‍

സാധാരണ മനുഷ്യന്റെ ജീവിതകാലയളവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ 21 വയസ്സിനിടയില്‍ ഹനാന്‍ അനുഭവിച്ച് തീര്‍ന്നിട്ടുണ്ട്. അതിജീവനത്തിന്റെ പാതയില്‍ ഒറ്റയ്ക്ക് പൊരുതുമ്പോഴും ജീവിത ലക്ഷ്യങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചും തികഞ്ഞ ശുഭപ്രതീക്ഷയോടെ ഹനാന്‍ യാത്ര തുടരുകയാണ്.

Posted by SouthLive Malayalam on Friday, 27 July 2018

ആ കൂട്ടി അങ്ങിനെയാണെന്നു പറഞ്ഞാല്‍ ആര്‍ക്കും ഒരു നഷ്ടവുമില്ല. അവളുടെ പിന്നാലെ നടന്നു അവളെ വേട്ടയാടേണ്ട ഒരാവശ്യമുമില്ല. ഒരാളോടും അവള്‍ ഒരു സഹായവും ചോദിച്ചിട്ടുമില്ല. അവളോട് സഹതാപം തോന്നിയ ചിലര്‍ ഒന്നര ലക്ഷത്തോളം രൂപ അവര്‍ക്കു നല്‍കുന്നു. ഇതു എനിക്കു വേണ്ട, പണം തന്നവര്‍ തന്നെ തരിച്ചെടുത്തോളൂ, ജീവിക്കാന്‍ അനുവദിക്കണം എന്നു ആ കുട്ടിയെകൊണ്ട് പറയിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. അവളുടെ മനോ നില തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇത്തരക്കാര്‍ക്കെതിരേ കേസെടുത്തു എന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നുണ്ട്. ഇങ്ങനെയുള്ള ആളുകളെ ഒറ്റപ്പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യണം. ആ കുട്ടിക്കു നല്ല ഭാവി ആശംസിക്കുന്നു.